ജൂലൈ അവസാനവാരം പെയ്ത കനത്ത മഴയിൽ ചുരംപാതയിലുടനീളം ഉരുൾപൊട്ടി ആറു ദിവസം പാലക്കാട്ടെ തോട്ടം-വിനോദസഞ്ചാര മേഖലയായ നെല്ലിയാമ്പതി ഒറ്റപ്പെട്ടുപോയിരുന്നു. ഭക്ഷ്യവസ്തുക്കൾ പോലും തീർന്നുപോകുന്ന അ‌വസ്ഥയിലായ മേഖലയിലെ മെഡിക്കൽ സേവനം ഉറപ്പാക്കുന്നതിനായി കാൽനടയായി ഒരു സംഘമെത്തി. കൈകാട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ആനന്ദ്, ഡോ. ലക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യ ജോയിസൻ, നഴ്സ് സംഗീത, മുനിസ്വാമി, രാജൻ എന്നിവർ.

വനംവകുപ്പിന്റെ സഹായത്തോടെ പത്തു കിലോമീറ്ററോളം ഉരുളും കാടും മേടും താണ്ടിയാണ് സംഘം ഇവിടെയെത്തിയത്. ജൂലൈ 31ന് നടന്ന് ചുരം കയറി ആശുപത്രിയിലെത്തിയ ഇവർ ഗതാഗതം പുന:സ്ഥാപിച്ച ശേഷം ഓഗസ്റ്റ് ആറിനാണ് മലയിറങ്ങിയത്.