ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എച്ച്‌.എം.പി. വൈറസ്‌ പനിയെക്കുറിച്ചുള്ള വാർത്തകൾ പരക്കെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്‌. ഇന്ത്യയിൽ ബെംഗളൂരുവിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. ആറുവർഷങ്ങൾക്കുമുൻപ്‌ ഇതുപോലൊരു ശീതകാലത്തായിരുന്നല്ലോ ചൈനയിൽ കൊറോണ വൈറസ്‌ ബാധയുണ്ടായത്‌. കോവിഡ്‌ മഹാമാരിപോലെ ഈ വൈറസ്‌ രോഗവും വ്യാപിക്കുമോ എന്ന ഭയം പനിപ്പേടിയുള്ള ഒരു സമൂഹത്തിനുണ്ടാകുന്നത്‌ തികച്ചും സ്വാഭാവികം. കൂടാതെ ചൈനയിലെ ആശുപത്രികൾ രോഗികളെക്കൊണ്ടു നിറയുന്നു, മരണനിരക്ക്‌ വർധിക്കുന്നു തുടങ്ങി സാമൂഹികമാധ്യമത്തിലൂടെ വരുന്ന വാർത്തകളും സമൂഹത്തിൽ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്‌. എന്നാൽ, ഐ.സി.എം.ആറിന്റെയും ഐ.ഡി.എസ്‌.പി.പോലെയുള്ള രോഗനിരീക്ഷണ സംവിധാനങ്ങളുടെയും റിപ്പോർട്ടുകളിലൊന്നും ഇൻഫ്ലുവൻസപോലെയുള്ള പനിയുടെ നിരക്കിൽ വർധനയുണ്ടാകുന്നില്ല എന്ന റിപ്പോർട്ടുകൾ ആശ്വാസകരമാണ്‌. തന്നെയുമല്ല, നിപമുതൽ കോവിഡ്‌വരെയുള്ള പകർച്ചവ്യാധികളുടെ വ്യാപനത്തിനുശേഷം നമുക്ക്‌ സുശക്തമായ രോഗനിരീക്ഷണ, നിർണയ, നിയന്ത്രണ സംവിധാനങ്ങളുമുണ്ട്‌. കോവിഡ്‌വ്യാപനനിയന്ത്രണത്തിലൂടെ ആരോഗ്യപ്രവർത്തകർക്ക്‌ ലഭിച്ച പരിചയ സമ്പത്തും ഗുണകരമാണ്‌. പരിഭ്രാന്തരാകാതെ, ശാസ്ത്രീയമായ വിവരങ്ങൾമാത്രം പിന്തുടരുകയും ആവശ്യമായ മുൻകരുതലുകളെടുക്കുകയുമാണ്‌ ഈ അവസരത്തിൽ നാം ചെയ്യേണ്ടത്‌. 

പുതിയ വൈറസല്ല 

To advertise here,

എച്ച്‌.എം.പി.വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. പാരാമിക്സോ വൈറസ്‌ കുടുംബത്തിൽപ്പെട്ട ഈ വൈറസിനെ 2001-ൽ നെതർലാൻഡ്‌സിലാണ്‌ ആദ്യമായി കണ്ടെത്തിയത്‌. 1956-കളിൽത്തന്നെ ഈ വൈറസിനെതിരായി പുറപ്പെടുവിച്ച ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്‌. എല്ലാവർഷവും ശൈത്യകാലത്ത്‌ പടരുന്ന ഇൻഫ്ലുവൻസപോലെയുള്ള പനികളിൽ എച്ച്‌.എം.പി. െെവറസ്‌ബാധയുമുണ്ടായിരുന്നു. അമേരിക്കയിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്‌ കുട്ടികളിൽ പടരുന്ന ജലദോഷപ്പനികളിൽ 12 ശതമാനവും ഈ വൈറസ്‌ മൂലമാണെന്നാണ്‌. ഇന്ത്യയിലും മുൻപുതന്നെ വൈറൽപനിക്ക്‌ സമാനമായ ലക്ഷണങ്ങളുമായി പ്രത്യേകിച്ചും കുട്ടികളിൽ എച്ച്‌.എം.പി.വൈറസ്‌ കണ്ടെത്തിയിട്ടുണ്ട്‌. 

കുട്ടികളെ കൂടാതെ പ്രായമേറിയവരിലും പ്രമേഹംപോലെയുള്ള മറ്റ്‌ ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുള്ളവരിലും വൈറസ്‌ രോഗം ന്യുമോണിയപോലെയുള്ള സങ്കീർണതകൾ ഉണ്ടാക്കാം. എന്നാൽ, കോവിഡ്‌പോലെ തീവ്ര പരിചരണവും ഓക്സിജൻ തെറാപ്പിയും വെന്റിലേറ്റർ സഹായത്തോടെയുള്ള ചികിത്സയുമൊന്നും സാധാരണ വേണ്ടിവരാറില്ല. ഇൻഫ്ലുവൻസപനിപോലെ ഒരു പ്രദേശമാകെ പടർന്നുപിടിക്കുന്ന സ്വഭാവവും ഇതുവരെ ഈ വൈറസ്‌ പ്രകടമാക്കിയിട്ടില്ല. ഒരു ചെറിയ പ്രദേശത്തുമാത്രം ഒതുങ്ങിനിൽക്കുന്നതാണ്‌ പൊതുവേയുള്ള രീതി. എന്നാൽ, വൈറസിന്‌ ജനിതക വ്യതിയാനമുണ്ടായാൽ രോഗപ്പകർച്ചയിലും തീവ്രതയിലും മാറ്റങ്ങൾ വരാം. വൈറസിന്റെ ഡി.എൻ.എ.യുടെ ഒരു ചെറിയ അംശംപോലും വികസിപ്പിച്ച്‌ കണ്ടെത്തുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വൈറസിന്റെ ആന്റിജനുകൾ, ആന്റിബോഡികൾ, പ്രോട്ടീൻ കണികകൾ എന്നിവ കണ്ടെത്തുന്ന എലൈസ ടെസ്റ്റുകൾ തുടങ്ങിയ അതിസൂക്ഷ്മമായ ടെസ്റ്റുകളാണ്‌ അറിയപ്പെടാതെ പോകുമായിരുന്ന ഇത്തരം വൈറസുകളെ കണ്ടെത്താൻ സഹായകമായത്‌. 

നമുക്ക്‌ നേരിടാം

പനിയെക്കുറിച്ച്‌ പ്രചരിക്കുന്ന വാർത്തകൾ കേട്ട്‌ പരിഭ്രാന്തിയോടെ ചികിത്സതേടി മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്കും സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലേക്കുമെത്തുന്നത്‌ ചികിത്സാ സംവിധാനങ്ങളെ സമ്മർദത്തിലാക്കും. അനാവശ്യചികിത്സയ്ക്കും തീവ്ര പരിചരണം വേണ്ടിവരുന്ന മറ്റു രോഗികളുടെ ചികിത്സ അവതാളത്തിലാക്കാനും പനിക്കാരുടെ തിരക്ക്‌ കാരണമാകും. പനി വന്നാൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ അടുത്തുള്ള ചെറിയ ക്ലിനിക്കുകളിലോ ചികിത്സ തേടുക. ഡോക്ടർ നിർദേശിക്കുന്നെങ്കിൽമാത്രം സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക്‌ പോയാൽ മതിയാകും. എച്ച്‌.എം.പി.വൈറസ്‌ പനിപോലെയുള്ള വൈറസ്‌ബാധകൾക്ക്‌ ആന്റിബയോട്ടിക്കും വേണ്ടാ. സാധാരണ പനി മരുന്നുകൾ കഴിച്ച്‌ ഗൃഹപരിചരണത്തിലൂടെമാത്രം ഭേദമാകുന്നതാണ്‌ ഇത്തരം പനികൾ.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വാർത്തകളും അശാസ്ത്രീയ വിവരങ്ങളും ഭയവും ആശങ്കയുമുണ്ടാക്കാനിടയുണ്ട്‌. ലോകാരോഗ്യ സംഘടന, ഡി.സി.സി., ഐ.സി.എം.ആർ., കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ തുടങ്ങിയവ പുറപ്പെടുവിക്കുന്ന ശാസ്ത്രീയ വിവരങ്ങൾ മാത്രം പിന്തുടരുക, അബദ്ധപ്രചാരണങ്ങളിൽനിന്നും കിംവദന്തികളിൽനിന്നും വിട്ടുനിൽക്കാനും ശ്രദ്ധിക്കണം. നമ്മുടെ സംസ്ഥാനത്ത്‌ ശക്തമായ രോഗനിരീക്ഷണ സംവിധാനമുണ്ട്‌ (പീഡ്‌സെൽ- പ്രിവൻഷൻ ഓഫ്‌ ഇൻഫെക് ഷ്യസ്  ഡിസീസ്‌ ആൻഡ്‌ എപ്പിഡമിക്‌ സെൽ). പീഡ്‌സെല്ലിൽ എല്ലാ ദിവസവും ശേഖരിക്കുന്ന പലതരം പനികളുടെയും സാംക്രമികരോഗങ്ങളുടെയും വിവരങ്ങൾ ഐ.സി.എസ്‌.പി. പോർട്ടലിൽ രേഖപ്പെടുത്തും. സംസ്ഥാനത്ത്‌ അസാധാരണമായി എന്തെങ്കിലും പകർച്ചവ്യാധി പടരുകയാണെങ്കിൽ തുടക്കത്തിൽത്തന്നെ കണ്ടെത്താൻ ഇത്തരം സംവിധാനങ്ങൾ ഉപകരിക്കുന്നു. അന്താരാഷ്ട്രയാത്ര കഴിെഞ്ഞത്തുന്ന ആർക്കെങ്കിലും പനിയോ മറ്റുരോഗലക്ഷണങ്ങളോ ഉണ്ടായാൽ കൃത്യമായി ആരോഗ്യപ്രവർത്തകരുമായി ബദ്ധപ്പെടണം. ശ്രദ്ധിക്കണം. 

ശുചിത്വംതന്നെ പ്രതിരോധം

ഫലപ്രദമായ ആന്റിവൈറൽ മരുന്നോ വാക്സിനോ ഇല്ലാത്ത എച്ച്‌.എം.പി.വൈറസിനെ നേരിടാൻ ശുചിത്വംതന്നെയാണ്‌ പ്രധാനമാർഗം. രോഗം പകരുന്നരീതി കോവിഡിനു സമാനമായതിനാൽ കോവിഡ്‌ കാലത്ത്‌ അവലംബിച്ച പ്രതിരോധ മാർഗങ്ങളെല്ലാം സ്വീകരിക്കാം. അണുക്കളിലൂടെ പകരുന്ന രോഗമായതുകൊണ്ട്‌ മാസ്ക്‌ ധരിക്കുക, അകലം പാലിക്കുക, കൈകൾ തുടർച്ചയായി കഴുകുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയെല്ലാം പ്രധാനമാണ്‌. 

ഇത്തരം വൈറസ്‌ രോഗങ്ങൾ പടരുന്ന സാഹചര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത്‌ വയോജനങ്ങൾക്കാണ്‌. നാല്പതുലക്ഷത്തിലേറെ മുതിർന്നവരുള്ള കേരളത്തിൽ ഇക്കാര്യത്തിൽ കൂടുതൽ കരുതൽ വേണം. പനിയോ മറ്റ്‌ രോഗലക്ഷണങ്ങളോ ഉള്ളവർ മുതിർന്നവരുമായി അടുത്തിടപഴകരുത്‌. പ്രായമേറിയവർക്ക്‌ നൽകുന്ന ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിൻ നൽകുന്നത്‌ ഇൻഫ്ലുവൻസ പനിയെയും ന്യുമോണിയ പോലെയുള്ള സങ്കീർണതകളെയും പ്രതിരോധിക്കാൻ സഹായിക്കും. എല്ലാ വർഷവും നൽകേണ്ടുന്ന ഇൻഫ്ലുവൻസ വാക്സിന്‌ മറ്റ്‌ വൈറസ്‌ ബാധകളിൽനിന്ന്‌ സംരക്ഷണം നൽകാൻ കഴിയുന്ന ക്രോസ്‌ പ്രൊട്ടക്ടീവ്‌ ഇമ്യൂണിറ്റി നൽകാൻ കഴിയും. പ്രായമേറിയവരിൽ വൈറൽ പനിയെ തുടർന്ന ന്യുമോണിയ പോലെയുള്ള ഗുരുതരാവസ്ഥ ഒഴിവാക്കാൻ അടിസ്ഥാന ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതും പ്രധാനമാണ്‌. 

ലക്ഷണങ്ങൾ സാധാരണ വൈറസ്‌പനിപോലെ

ചെറിയപനി, മൂക്കടപ്പ്‌, ജലദോഷം, തൊണ്ടവേദന തുടങ്ങി ഇൻഫ്ലുവൻസ പനിക്കു സമാനമായ ലക്ഷണങ്ങളാണുള്ളത്‌. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറപ്പെടുന്ന രോഗാണു കണികകളിലൂടെയാണ്‌ രോഗം പകരുന്നത്‌. രോഗിയുമായി അടുത്തിടപഴകുമ്പോഴും രോഗി ഉപയോഗിച്ച സാധനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും രോഗബാധ ഉണ്ടാകാം. വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച്‌ മൂന്നുമുതൽ ആറുദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. സാധാരണഗതിയിൽ നാലുമുതൽ അഞ്ചുദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായി രോഗം സുഖം പ്രാപിക്കുന്നു.

എന്നാൽ, ചില രോഗലക്ഷണങ്ങൾ പനി സങ്കീർണമാകുന്നതിന്റെ സൂചനകളാണ്‌. നീണ്ടുനിൽക്കുന്ന പനി, ചുമ, ശ്വാസംമുട്ടൽ, ചെവിക്കുള്ളിൽ വേദന തുടങ്ങിയവ ന്യൂമോണിയ ഉൾപ്പെടെയുള്ള സങ്കീർണതകളെ സൂചിപ്പിക്കുന്നു. ദീർഘകാല ആരോഗ്യ പ്രശ്നങ്ങളുള്ളവരിലും വയോജനങ്ങളിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ്‌ ഇത്തരം സങ്കീർണതകൾക്ക്‌ സാധ്യത കൂടുതൽ ആസ്‌ത്‌മയുടെ പ്രശ്നമുള്ള കുട്ടികളിലും ഡി.ഒ.പി.ഡി. പോലെയുള്ള ദീർഘകാല ശ്വാസകോശ രോഗമുള്ളവരിലും രോഗം അധികമാകാൻ എച്ച്‌.എം.പി.വൈറസ്‌ ബാധ കാരണമാകാം. 

(കൊല്ലം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ലേഖകൻ)