നമ്മുടെ രാജ്യത്ത് വിവിധ നിയമസഭകളിൽ പ്രക്ഷുബ്ധമായ ഒട്ടേറെ രം​ഗങ്ങളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ സംഭവങ്ങൾക്കും ഇടയാക്കിയ ഓരോ പ്രശ്നങ്ങളും കാണുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 1988 ജനുവരിയിൽ തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാം​ഗങ്ങൾ തമ്മിൽ അടിപിടിയുണ്ടായി. മൈക്കും സ്റ്റാൻഡും ചെരിപ്പുമെല്ലാം ഉപയോ​ഗിച്ച് അം​ഗങ്ങൾ പരസ്പരം ആക്രമിച്ചു. കോൺ​ഗ്രസ്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ അം​ഗങ്ങൾ തമ്മിലായിരുന്നു ആക്രമണം. പോലീസ് ലാത്തി ചാർജ് നടത്തുന്നിടത്തെത്തി കാര്യങ്ങൾ. 

1989 മാർച്ച് 25-ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ അടിപിടിയുണ്ടായി. കരുണാനിധിയും ജയലളിതയും ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടു.1997- ഒക്ടോബർ 22-ന് ഉത്തർപ്രദേശിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ നിയമസഭയ്ക്കുള്ളിൽ വലിയ തോതിൽ അക്രമങ്ങളുണ്ടായി. സ്പീക്കർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽത്തന്നെ ഏറ്റവും വലിയ അക്രമസംഭവമായിരുന്നു ഇത്. 2007 സെപ്റ്റംബർ 14-ന് ഡെൽഹി നിയമസഭയിൽ ഒരു കോൺ​ഗ്രസ് അം​ഗം ബി.ജെ.പിയുടെ ചീഫ് വിപ്പിനെ തല്ലിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.