കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രഞ്ച് കോടതിയില്‍ സമർപിച്ചു. ആറ് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരേയാണ് റിപ്പോര്‍ട്ട്. കേസില്‍ പുതിയ പ്രതികള്‍ ഇല്ല. 11 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴിയില്‍ പ്രത്യേകം കേസെടുക്കാനും ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

To advertise here,

നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് കഴിഞ്ഞ ജൂലായില്‍ കേസില്‍ തുടരന്വേഷണം ആവശ്യമാണെന്ന് കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ടുമാസത്തിനിടെ തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന ഉപാധിയോടെയാണ് കോടതി അന്വേഷണത്തിന് അനുമതി നല്‍കിയത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള സർക്കാരിന്‍റെ തന്ത്രമാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുത്. തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ക്രൈംബ്രാഞ്ചിന് പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല. നിലവിലുള്ള ആറ് എല്‍ഡിഎഫ് നേതാക്കളല്ലാതെ പുതിയ പ്രതികളാരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. 

11 സാക്ഷികളുടെ മൊഴികളാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി മുന്‍ എംഎല്‍എ ബിജിമോള്‍ അടക്കമുള്ളവര്‍ നരേത്തെ രംഗത്തെത്തിയിരുന്നു. ഈ പരാതിയില്‍ പ്രത്യേക കേസെടുക്കാനുള്ള ശുപാര്‍ശയും ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ട്.