ഹാമില്‍ട്ടണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദൗര്‍ഭാഗ്യകരമായി പുറത്തായി ന്യൂസീലന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍. താരത്തിന്റെ പുറത്താകലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

To advertise here,

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ 59-ാം ഓവറിലാണ് വില്യംസണ്‍ പുറത്താകുന്നത്. ഇംഗ്ലണ്ട് താരം മാത്യു പോട്ട്‌സ് എറിഞ്ഞ പന്ത് സാധാരണ ചെയ്യുന്ന തരത്തില്‍ വില്യംസണ്‍ പ്രതിരോധിച്ചു. എന്നാല്‍ പന്തിന്റെ അപ്രതീക്ഷിത ബൗണ്‍സ് താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പിച്ച് ചെയ്ത് ഉയര്‍ന്ന പന്ത് സ്റ്റമ്പിലേക്ക് പോകുന്നതു കണ്ട താരം ഉടന്‍ തന്നെ കാലുയര്‍ത്തി പന്ത് തടയാനുള്ള ശ്രമം നടത്തി. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. കാലിനടുത്തുകൂടി പന്ത് വിക്കറ്റിലേക്കു തന്നെ പതിച്ചു. ഇത്തരത്തില്‍ പുറത്തായതില്‍ വില്യംസണ്‍ നിരാശയോടെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ക്രീസില്‍ നിലയുറപ്പിച്ച് ന്യൂസീലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതിനിടെയാണ് വില്യംസണ്‍ ദൗര്‍ഭാഗ്യകരമായി പുറത്താകുന്നത്. 87 പന്തില്‍ ഒന്‍പതു ഫോറുകള്‍ സഹിതം 44 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.