പ്രഥമാധ്യാപികയും സ്കൂൾ വാൻ ഡ്രൈവറും ഒരാൾ തന്നെ; സിസ്റ്റർ മേരിബോണ ലോറൻസിനിത് പുണ്യപ്രവൃത്തി
വയലാർ ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിലെ സിസ്റ്റർ മേരിബോണ ലോറൻസിനു മൂന്ന് ഉത്തരവാദിത്വങ്ങളാണ്; പഠിപ്പിക്കണം, പ്രഥമാധ്യാപികയുടെ ഭരണച്ചുമതല നിർവഹിക്കണം, പിന്നെ, രാവിലെയും വൈകുന്നേരവും സ്കൂൾ വാൻ ഓടിക്കണം. വയലാർ സെയ്ന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ മതബോധന ക്ലാസിന്റെ പ്രിൻസിപ്പലും സിസ്റ്റർതന്നെ. അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കൽ പുണ്യപ്രവൃത്തിയായാണ് സിസ്റ്റർ കരുതുന്നത്. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവർക്കായി സ്കൂൾ മാനേജ്മെന്റാണ് വാൻ നൽകിയത്. സ്ഥിരം ഡ്രൈവറെ വെച്ചാൽ സാമ്പത്തികഭാരം രക്ഷിതാക്കൾ വഹിക്കേണ്ടിവരും. അതിനാലാണ് സിസ്റ്റർ ഡ്രൈവിങ് സീറ്റിൽ കയറിയത്.
രണ്ടുവർഷം മുൻപാണ് പ്രഥമാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതൽ വാനിന്റെ ഡ്രൈവറുമായി. രാവിലെ എട്ടരയ്ക്കു തുടങ്ങും ഡ്രൈവറുടെ ജോലി. വയലാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മൂന്നു തവണയായാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. 9.45-ന് അവസാന ട്രിപ്പ് എത്തിയാൽ സീറ്റു മാറും. പിന്നെ പ്രഥമാധ്യാപിക. വൈകുന്നേരവും ഇതുപോലെ മൂന്നുതവണ യാത്ര. സിസ്റ്റർക്ക് അസൗകര്യമുള്ളപ്പോൾ മാത്രം ഡ്രൈവറായി മറ്റൊരാൾ വരും. കൊച്ചി രൂപതയുടെ കീഴിലുള്ള സ്കൂളാണിത്. 112 വിദ്യാർഥികളുണ്ട്. പകുതിയിലേറെപ്പേർക്കും യാത്രയ്ക്ക് സ്കൂൾ വാനാണ് ആശ്രയം. പൊതുപ്രവർത്തകനായ ലോറൻസിന്റെയും അൽഫോൺസയുടെയും മകളാണ് സിസ്റ്റർ മേരിബോണ.
Content Highlights: Kerala Nun Juggles Teaching, Headmistress Duties, and School Bus Driving
Published: 05 Jul 2025, 09:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented