പാലക്കാട്: പുതിയൊരു കൂട്ട് കിട്ടിയതിന്റെ സന്തോഷത്തിലാണ് വെങ്കിടേശപുരം കോളനിയിലെ സീനിയേഴ്സ്. കഴിഞ്ഞ അഞ്ചുമാസമായി അവർ ആ കൂട്ട് ആഘോഷമാക്കുന്നുമുണ്ട്. രാവിലെ ആറിന് എഴുന്നേറ്റ്, വീട്ടിലെ കാര്യങ്ങളെല്ലാം ഒതുക്കി 9.15 ആവുമ്പോൾ ഓരോരുത്തരായി ഇറങ്ങും. കൈയിലെ ബാഗിൽ സ്പോർട്സ് ഷൂസും വെള്ളവും ടവ്വലും... കോളനിയുടെ റോഡ് അവസാനിക്കുന്ന നൂറടിപ്പാത കടന്നാലാണ് ആ കൂട്ടിന്റെ കൂടാരത്തിലെത്തുക. പിന്നെയവർ ജിം മേറ്റ്സ് ആണ്.

To advertise here,

ലെറ്റസ് സ്റ്റാർട്ട്.... കോച്ചിെന്റ വാക്കിൽ ആരോഗ്യവുമായുള്ള സൗഹൃദം ഉഷാറാകും. ആദ്യം വാംഅപ്പും ചെറുവ്യായാമങ്ങളും. പിന്നെ ഡംബൽ ഉപയോഗിച്ചുള്ള സ്ട്രങ്ത്തനിങ്, മസിലുകൾക്കും ബാലൻസിങിനുമുള്ള വർക്ക്ഔട്ടുകൾ, ട്രഡ്മില്ലിൽ കാർഡിയോ, ഒടുവിൽ സ്ട്രച്ചിങ്... ഇത്രയും കഴിയുമ്പോൾ മണി 10.30 ആവും. “ആരോഗ്യവുമായുള്ള സൗഹൃദം ആഘോഷിക്കുകയാണ് ഞങ്ങൾ. ഇരുന്നാൽ എണീക്കാൻ പറ്റാത്തതും നടക്കാനാവാത്ത പ്രശ്നങ്ങളും മുട്ടുവേദനയും... പ്രായത്തിന്റെ പ്രശ്നങ്ങളുള്ളവരാണ് എല്ലാവരും. 55മുതൽ 75വരെ പ്രായമുള്ളവർ. പക്ഷേ, ഞങ്ങൾ ഇപ്പോൾ സ്ട്രോങ്ങാണ്. ആരോഗ്യം മാത്രമല്ല വലിയ സന്തോഷവുമാണ് ജിമ്മിലെ ഒത്തുകൂടൽ.” ഇതുരണ്ടുമല്ലേ ജീവിതത്തിന് ആവശ്യമെന്ന് ചോദിക്കുകയാണ് 73 വയസ്സുള്ള ശിവശങ്കരൻ. ശിവശങ്കരനാണ് വെങ്കിടേശപുരം റെഡിഡെൻസ് അസോസിയേഷൻ പ്രസിഡന്റ്. നൂറടി റോഡിനടുത്തുള്ള കോളനിയിൽ 100 വീടുകളാണുള്ളത്. താമസക്കാരിൽ ഭൂരിഭാഗവും പ്രായമായവർ. മക്കളെല്ലാം പുറംനാട്ടിലോ ജോലിത്തിരക്കോ ഉള്ളവർ. ജോലിക്കായി ചേക്കേറിയവർ. 60മുതൽ 75വയസ്സുവരെയുള്ളവരാണ് എല്ലാവരും. ഒരുമിച്ചുള്ള നടത്തം, ചിലര്ക്കു യോഗ. അത്രയല്ലേ ഈ പ്രായത്തിൽ പറ്റൂവെന്നായിരുന്നു വിശ്വാസം.

ഞങ്ങളുടെ ജിംഖാന കഥ തുടങ്ങുന്നതിങ്ങനെ

ജിമ്മിലേക്ക് എത്തിയ കഥ പറയാൻ തുടങ്ങുമ്പോൾതന്നെ എല്ലാവർക്കും ആവേശം. നടക്കാനിറങ്ങുമ്പോഴാണ് കോളനിക്ക് എതിർവശത്ത് നൂറടി റോഡിൽ ഫിറ്റ്പാക്ക് ഫിറ്റ്നസ് സ്റ്റുഡിയോ എന്ന പുതിയ ജിം തുറക്കുന്നത്. കെട്ടിടത്തിെന്റ മൂന്നാംനിലയിലാണ് ജിം. ചെറുപ്പക്കാരൊക്കെ ബൈക്കിൽ ചീറിപ്പാഞ്ഞെത്തി ഓടിപ്പോവുന്നത് പതിവുകാഴ്ചയായി. ജിമ്മിെന്റ കണ്ണാടിച്ചുവരിലൂടെ അവിടെ ട്രെഡ്മില്ലിൽ നടക്കുന്നവരെ കാണുമ്പോൾ 69-കാരനായ മുരളീമനോഹരനാണ് ഒന്നുപോയി അന്വേഷിച്ചാലോ എന്ന ചിന്ത  ശിവശങ്കരനുമായി പങ്കുവയ്ക്കുന്നത്. അങ്ങനെ രണ്ടുപേരും കൂടി ഫിറ്റ് പാക്കിലെ മാനേജർ സുജിത്തിനോട് കാര്യം പറഞ്ഞു. അഞ്ചുദിവസം സൗജന്യമായി ഒരു പരിശീലനം നൽകാം. പറ്റുമെങ്കിൽ തുടരൂവെന്നായിരുന്നു മറുപടി. നമ്മുക്കെല്ലാവർക്കും ജിമ്മിൽ പോയാലോ? എന്ന ചോദ്യം കോളനി അസോസിയേഷൻ ഗ്രൂപ്പിലിട്ടു. ആദ്യം കുറച്ചുപേർ വന്നു. പ്രായത്തിെന്റ പരിഗണനയടക്കം അങ്ങനെ ആദ്യത്തെദിവസം കഴിഞ്ഞു. പരിശീലനം കൊള്ളാമെന്നായതോടെ പിറ്റേന്നു പോകാൻ ആവേശം. കേട്ടറിഞ്ഞ് കൂടുതൽപ്പേരെത്തി. ഇപ്പോൾ ജിമ്മിൽ കോളനിയിലെ 25 പേർ സ്ഥിരമായി വരുന്നുണ്ട്.

ഇപ്പോഴിവർ സൂപ്പർ സീനിയേഴ്സ്

തുടങ്ങുമ്പോൾ കാലു മടക്കാനാവാത്തവർ, കൈ ഉയർത്തിയാൽ വേദന ഇങ്ങനെയൊക്കെയായിരുന്നു. പതുക്കെപ്പതുക്കെയാണ് പേശീബലം കൂട്ടുന്ന വർക്കൗട്ടുകൾ തുടങ്ങിയത്. ഇപ്പോൾ പറയുംമുൻപേ ഇവർ എല്ലാം ചിട്ടയായി ചെയ്യുമെന്ന് സഫ്ദര് പറയുന്നു. ഇവരുടെ തുടക്കം മുതലുള്ള ട്രയ്നറാണ് സഫ്ദർ. സഫ്ദറിെന മകനെന്നോ കുടുംബാംഗമെന്നോ വിശേഷിപ്പിക്കാൻ ഇവർക്കിഷ്ടം. ഞങ്ങളൊന്നുഴപ്പിയാൽ സഫ്ദര് കണ്ണുരുട്ടും. പക്ഷേ, പ്രായം പരിഗണിച്ചേ എന്തും ചെയ്യിക്കൂവെന്ന് 65-കാരിയായ ശാന്തി പറയുന്നു. കൂടുതലും സ്ത്രീകൾ. എണ്ണത്തിൽ കുറവാണെങ്കിലും മസിൽ സ്ട്രങ്ത്തനിങ്ങിലടക്കം മുന്നിൽ ഞങ്ങളാണെന്ന് പുരുഷൻമാർ. പുരുഷൻമാരെല്ലാവരും മെഷനീകളിലും വ്യായാമം ചെയ്യുന്നവരാണ്. ലെഗ് പ്രസും െചസ്റ്റ് ഫ്ലൈയും ലാറ്റ്  പുൾഡൗണുമൊക്കെ ഇവര് ചെയ്യും. കൃത്യമായ മോണിറ്ററിങ്ങോടെ ആദ്യം ചെയ്തിരുന്നവര്. ഇപ്പോൾ വെയ്റ്റ് കൂട്ടി ചെയ്യുന്നുണ്ടെന്ന് വൈയ്റ്റ് ട്രയ്നർ ശ്രീജിത്ത് പറയുന്നു.

ഫിറ്റ് ആന്റ് ഹാപ്പി പാക്ക് 

‘വിരമിച്ച ശേഷം വെറുതേ ഇരിക്കുന്നതായിരുന്നു ബുദ്ധിമുട്ട്. ഇപ്പോ അഞ്ചുമാസമായി രാവിലെ തിരക്കാണ്. ഇങ്ങോട്ടുവരുന്നതു കൊണ്ട് മടി പിടിച്ചിരിക്കാറില്ല. പണ്ട് ഓഫീസിൽ പോവുന്നതുപോലെ തോന്നും. ജോലിക്കായി ഇറങ്ങുന്നത് ഉത്തരവാദിത്വങ്ങളിലേക്കാണ്. ഇങ്ങോട്ടേക്ക് വരുന്നത് ഒരു ടൂറിന് വരുംപോലെയും. ഒരുമിച്ച് വരും ഒരുമിച്ച് പോവും. അതിനിടെ കുറേ വിശേഷം പറച്ചിലും. നല്ല രസമാണ് ഈ ജിം സമയം.’ പറയുന്നത്  റിട്ട. പ്രൊഫസർമാരായ കനകലക്ഷ്മിയും അനിതയും. ബാങ്കിൽനിന്നും അധ്യാപനത്തിൽനിന്നുമൊക്കെ വിരമിച്ചവരാണ് കൂടുതൽപേരും. ‘ഞാൻ ഇപ്പോ ഹെൽത്തിയാണ്, ആക്ടീവാണ് ഹാപ്പിയാണ് വേറെ എന്താ വേണ്ടത്.’ -ബിഎസ്എൻഎല്ലിൽനിന്ന് വിരമിച്ച സതിയുടെ വാക്കുകളിലും സന്തോഷം.
ഡോക്ടർമാരോട് ചോദിച്ച് അനുമതിവാങ്ങിയ ശേഷമാണ് എല്ലാവരും ജിമ്മൻമാരും ജിമ്മത്തികളുമായത്. വാതം, രക്തസമർദം, പ്രമേഹം... അങ്ങനെ കുറേ പ്രശ്നങ്ങൾ ഉള്ളവരും ഇൗ കൂട്ടത്തിലൂണ്ട്. പറഞ്ഞുതീരുമ്പോൾ കോച്ച് സഫ്ദറിന്റ വിളി-‘ലൈൻ അപ്പ് ഫോർ ദി നെക്സ്റ്റ് സെറ്റ്’-പ്രായം തട്ടാത്ത ആവേശത്തിൽ അവർ വ്യായാമം ചെയ്യുന്നത് കണ്ടാൽ ആരും പറയും-വയസ്സായി,വയ്യ എന്നൊക്കെ പറഞ്ഞ് വെറുതേ മടി പിടിച്ചിരിക്കണ്ട, ഇവരെ കണ്ടു പഠിക്കൂ...