ഒറ്റപ്പാലം: 'പ്രതിസന്ധികൾകൊണ്ട് തീർത്ത ഒരു വലിയ കുഴിയിലായിരുന്നു ഇതുവരെ. ഇപ്പോഴാണ് ഒന്ന് നിവർന്ന് നിൽക്കാനായത്'. മങ്കര കോട്ടക്കുന്ന് വീട്ടിൽ എം.ആർ രഞ്ജുവിന്റെ വാക്കുകൾക്ക് കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഉറപ്പുണ്ടായിരുന്നു. ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ടപ്പെട്ട പഠിക്കാൻ പോലും സാമ്പത്തികപ്രശ്‌നങ്ങൾ നേരിട്ട രണ്ട് സഹോദരങ്ങൾ ജീവിതം തിരിച്ചുപിടിച്ചുപിടിച്ചത് ഇതേ കഠിനാധ്വനത്തിലൂടെയാണ്. മണ്ണ്‌കൊണ്ടുള്ള ഒറ്റ കിടപ്പുമുറിമാത്രമുള്ള വീട്ടിൽ നിന്ന് പഠിച്ച് വളർന്ന് ഒടുവിൽ പാലക്കാട് ഐഐടി ക്യാമ്പസിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡോക്ട്രേറ്റ് നേടുന്ന ഉയരത്തിൽഎത്തിയതിന്റെ തിളക്കത്തിലാണ് രഞ്ജു ഇപ്പോൾ.

To advertise here,

സൈക്കിൾ കട നടത്തുകയായിരുന്നു രഞ്ജുവിന്റെ അച്ഛൻ രാമചന്ദ്രൻ. കഷ്ടിച്ചാണെങ്കിലും അവർ അല്ലലില്ലാതെ ജീവിച്ചുപോന്നു. മങ്കര ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുകയായിരുന്ന രഞ്ജു പത്താം ക്ലാസിൽ സ്‌കൂളിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് അവരെ തേടി ആ ദുരന്തം വന്നത്. തൊണ്ടയിൽ അർബുദം ബാധിച്ച് അച്ഛൻ അവരോട് വിടപറഞ്ഞു. ജീവിതം വഴി മുട്ടിയ അവസ്ഥയിലായിരുന്നു ആ അമ്മയും മക്കളും. പിടിച്ചുകയറാൻ അമ്മ സത്യഭാമ തൊഴിലുറപ്പ് ജോലിക്ക് പോയി തുടങ്ങി. വേദനകൾക്കിടയിലും രഞ്ജു പ്ലസ് ടുവും നല്ല മാർക്കോടെ വിജയിച്ചു. എൻട്രസിന് പരിശീലനത്തിന് പോകാനൊന്നും പണമില്ല. ഒരു ബന്ധുവഴി പഴയ പുസ്തകങ്ങൾ സംഘടിപ്പിച്ച് പഠിച്ചു. അങ്ങനെ കണ്ണമ്പരിയാരം രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിൽ ബിടെക്കിന് സർക്കാർ സ്‌കീമിൽ ഫീസില്ലാതെ പഠിക്കാനായി. മറ്റ് ചെലവുകൾക്കായി രഞ്ജു ട്യൂഷൻ ക്ലാസെടുക്കാൻ പോയി. ഒരു മിനിറ്റ് പോലും കളയാതെ  കോളേജ് വിട്ടാൽ ട്യൂഷനെടുക്കാനും ഒപ്പം പഠനം മുന്നോട്ട് പോകാനും അവൻ കിണഞ്ഞുപരിശ്രമിച്ചു. മണ്ണിട്ട വീട്ടിൽ പഠിക്കാൻ സാഹചര്യമില്ലാതെ വന്നതോടെ മുത്തശ്ശിയെന്ന് താൻ വിളിക്കുന്ന അകന്ന ബന്ധുവായ പങ്കജാക്ഷി അമ്മയുടെ വീട്ടിൽ അതിന് അവസരമൊരുങ്ങി. 

അതിനിടയിലാണ് അമ്മ സത്യഭാമയ്ക്ക് നാഡിയുമായി ബന്ധപ്പെട്ട അസുഖംപിടിപ്പെട്ടത്. ഒരു ഭാഗം കുഴഞ്ഞുപോകുമെന്ന അവസ്ഥവന്നതോടെ ശസ്ത്രക്രിയ നടത്തി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതോടെ വിഷാദരോഗ സാഹചര്യത്തിലായി രഞ്ജു.ഡിപ്ലോമ കഴിഞ്ഞ സഹോദരൻ സഞ്ജു ഇലക്ട്രിക്കൽ ജോലിക്ക് പോയി തുടങ്ങിയിരുന്നു. രണ്ടുപേർക്കും കൂട്ടായി അമ്മയുടെ ചേച്ചി സരോജിനി വീട്ടിലെത്തി.മനസിന്റെ കരുത്ത് ആർജ്ജിച്ചെടുത്ത് സഞ്ജു അനിയൻ രഞ്ജുവിനോട് തുടർന്ന് പഠിക്കാൻ ആവശ്യപ്പെട്ടു. ബിടെകിന് കാലിക്കറ്റ് സർവ്വകലാശാലയിൽ മൂന്നാം റാങ്കോടെ പാസായി. അമ്മയുടെ വള പണയംവെച്ച് ഗേറ്റ് പരീക്ഷയുടെ പരിശീലനത്തിന് ചേർന്നു. പിന്നീട് കർണാടക എൻഐടിയിൽ സ്റ്റെയ്‌പെന്റോടെ മെറ്റീരിയൽ എൻജിനീയറിങ്ങിന് പ്രവേശനം ലഭിച്ചു. അവിടെ നിന്ന് ജീവിതം മാറി. ശേഷം നേരെ പാലക്കാട് ഐഐടിയിൽ ഗവേഷണത്തിന്. അങ്ങനെ കഠിനാധ്വാനം രഞ്ജുവിനെ ഡോ. രഞ്ജുവാക്കി. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ട്രൈബോളജി എന്ന വിഷയത്തിലായിരുന്നു ഗവേഷണം. സഹോദരൻ സഞ്ജു മൂന്നാർ ക്ലബ്ബ് മഹീന്ദ്ര റിസോർട്ടിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. മണ്ണ്‌കൊണ്ടുള്ള എപ്പോൾവേണമെങ്കിലും വീഴാറായ വീട്ടിൽ നിന്ന് തൊട്ടടുത്ത് തന്നെ ചേർന്ന് ഒരു വീടുണ്ടാക്കി ഒരു സ്വപ്‌നം കൂടി പൂവണിയിച്ച സന്തോഷത്തിൽകൂടിയാണ് ഇരുവരും.