To advertise here,


''നോഹാ നീ കേള്‍ക്കുക - ലോകമാകെ ദുഷ്പ്രവര്‍ത്തികളുടെയും അനുസരണയില്ലായ്മയുടെയും കെടുതിയില്‍ അമര്‍ന്നുപോയിരിക്കുന്നു. അതിനാല്‍ ഞാന്‍ ലോകത്തെ മുഴുവനും പ്രളയക്കെടുതിയില്‍ അകപ്പെടുത്താന്‍ പോകുന്നു. എന്നാല്‍ നീ ഭയപ്പെടേണ്ട -കാരണം നീ എന്നെ അനുസരിച്ചു ജീവിക്കുന്നതുകൊണ്ടു നിനക്ക് ആ കെടുതിയില്‍നിന്നും രക്ഷനേടാന്‍ സുരക്ഷിതമായ വാസസ്ഥലം ഞാന്‍ പറഞ്ഞുതരാം. 'ഗോഫര്‍' തടികൊണ്ടുള്ള ഒരു പെട്ടകം നീ നിര്‍മ്മിക്കണം. നീയും ഭാര്യയും മൂന്നുമക്കളും അവരുടെ ഭാര്യമാരും എല്ലാ ജീവജാലങ്ങളിലെയും ഒരാണും ഒരു പെണ്ണും അതില്‍ കയറി പ്രളയം അവസാനിക്കും വരെ പെട്ടകത്തില്‍ കഴിയണം.''- ബൈബിളിലെ പഴയ നിയമത്തിലെ ആദ്യ പുസ്തകമായ 'ഉല്പത്തി പുസ്തകത്തിലെ' കഥയാണിത്. നന്മനിറഞ്ഞ ലോകത്തെ ദൈവം എങ്ങിനെ സൃഷ്ട്ടിച്ചു എന്ന് പറയുന്ന കഥകളില്‍ ഒന്ന്. 'നോഹയുടെ പെട്ടകം' ശരിക്കുമൊരു അദ്ഭുതമായിരുന്നു. കാലത്തിന്റെ യവനികയ്ക്കപ്പുറം മറഞ്ഞുപോയൊരു കഥ പെട്ടെന്ന് ഓര്‍മ്മവന്നത് കെന്റകിയിലേക്കുള്ള യാത്രയിലാണ്. അതെ, ഈ യാത്ര നോഹയുടെ പെട്ടകത്തിന്റെ പുതിയ പതിപ്പ് കാണാനാണ്.

'ഒഹായോ' സംസ്ഥാനത്തിലെ വീട്ടില്‍നിന്നും ഏകദേശം നൂറുകിലോമീറ്റര്‍ യാതയുണ്ടായിരുന്നു അയല്‍ സംസ്ഥാനമായ 'കെന്റ്റക്കി' യിലേക്ക്. അവിടെ വില്യംസ്ടൗണിലാണ് ആര്‍ക് എന്‍കൗണ്ടര്‍ മ്യൂസിയമുള്ളത്. ടിക്കറ്റ് എടുത്തു അവരൊരുക്കിയ ബസ്സില്‍ കയറി രണ്ടു കിലോമീറ്റര് യാത്ര ചെയ്തു. ദൂരെനിന്നേ കാണാം ഗംഭീരമായ പെട്ടകം. ഉല്പത്തി കഥയില്‍ പറഞ്ഞതില്‍ നിന്നും അല്ലറ ചില്ലറ വ്യതിയാനങ്ങള്‍ വരുത്തിയാണ് ഇത് പണിതിരിക്കുന്നത്. പടുകൂറ്റന്‍ എന്നുതന്നെ പറയാം. ഉല്‍പത്തിക്കഥയിലെ നോഹയുടെ പെട്ടകത്തിന്റെ ആധുനിക ദൃശ്യാവിഷ്‌കാരമാണ് മ്യൂസിയം.