റഷ്യയില്‍നിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 ഇ വാങ്ങുന്നതിനേപ്പറ്റി ഇന്ത്യ ആലോചിക്കുന്നു. യുദ്ധവിമാനത്തിന്റെ പ്രത്യേകതകള്‍ക്കൊപ്പം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള അവകാശവും നല്‍കാമെന്ന റഷ്യന്‍ ഓഫറും പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധവിമാന ഇടപാടിന്റെ കാര്യത്തില്‍ ഈ വര്‍ഷം അവസാനം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തീരുമാനമുണ്ടായേക്കും.
മികച്ച ഭരണത്തിനുള്ള നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണ് എന്ന ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അവകാശ വാദം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ചൊവ്വാഴ്ച ചണ്ഡീഗഡില്‍ നടന്ന 'ദ കെജ്രിവാള്‍ മോഡല്‍' എന്ന പുസ്തകത്തിന്റെ പഞ്ചാബി പതിപ്പിന്റെ പ്രകാശന വേളയിലാണ് കെജ്രിവാള്‍ നൊബേല്‍ വിവാദത്തിന് തിരികൊളുത്തിയത്. കഴിവില്ലായ്മ, അരാജകത്വം, അഴിമതി തുടങ്ങിയ വിഭാഗത്തില്‍ നൊബേല്‍ സമ്മാനം ഉണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ഒന്ന് ലഭിക്കുമായിരുന്നുവെന്ന പരിഹാസവുമായി ബിജെപി രംഗത്ത് വന്നു.
കേരള സര്‍വകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകള്‍. സര്‍വകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സര്‍വകലാശാല വിസിക്കും ഗവര്‍ണര്‍ക്കുമെതിരെയാണ് പ്രതിഷേധം.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകര്‍ന്നുവീണു മരിച്ച ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. കോട്ടയം മെഡിക്കല്‍ കോളേജ് ഫണ്ടില്‍നിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നല്‍കിയ സര്‍ക്കാര്‍ മകന് താത്കാലിക ജോലി നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. മകളുടെ ചികിത്സയും മന്ത്രിമാര്‍ ഉറപ്പ് നല്‍കിയിരുന്നു.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് എത്തി. വിസിയുടെ വിലക്ക് മറികടന്നാണ് അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തിയത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കോടതി വിധിയുടെ അടിസ്ഥാനത്തിലേ താന്‍ മുന്നോട്ടുപോകൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാന്‍ സിസ തോമസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശം അനുസരിച്ചില്ല.
Content Highlights: latest news Malayalam
Published: 10 Jul 2025, 01:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented