ആദിത്യന് വീടാണ് സ്‌കൂള്‍; അമ്മയും ഉഷ ടീച്ചറുമാണ് കൂട്ടുകാര്‍
ബുധനാഴ്ചയായാല്‍ അമ്പലപ്പാറ നെല്ലിക്കുന്നത്ത് വീടിന്റെ പൂമുഖത്ത് ചക്രക്കസേരയില്‍ ആദിത്യന്‍ ഇരിക്കുന്നുണ്ടാകും. അവന്റെ ശ്രദ്ധ പുറത്തെ വഴിയിലേക്കാകും. വിധി നിഷേധിച്ച സ്‌കൂള്‍ എന്ന ലോകം തനിക്കായി വീട്ടിലൊരുക്കുന്ന തന്റെ പ്രിയപ്പെട്ട അധ്യാപിക ഇ.ഉഷയെ കാത്താണ് ആ ഇരിപ്പ്. മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ച് ജീവിതം ചക്രക്കസേരയിലായ ആദിത്യന് കഴിഞ്ഞ മൂന്ന് വര്‍ഷമായി വീട് തന്നെയാണ് സ്‌കൂള്‍.
കൈകള്‍ക്കും കാലുകള്‍ക്കും പൂര്‍ണമായ ചലനശേഷിയില്ലാത്ത പത്താം വിദ്യാര്‍ഥിയായ അദിത്യനെ സര്‍വ്വ ശിക്ഷാ കേരളയുടെ ഗൃഹാതിഷ്ഠിത പഠനം പദ്ധതി പ്രകാരമാണ് പ്രത്യേക അധ്യാപികയായ ഉഷ വീട്ടിലെത്തി പഠിപ്പിക്കുന്നത്. സ്‌കൂളില്‍ പോയി കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പഠിക്കണമെന്ന വലിയ ആഗ്രഹമുണ്ടെങ്കിലും പരിമിതികള്‍ മൂലം അതെല്ലാം ഉള്ളിലൊതുക്കിയാണ് ഈ 14കാരന്റെ പഠനം. ഇപ്പോള്‍ ഉഷടീച്ചറും അമ്മ നിഷയും സഹോദരന്‍ അനന്തുവുമാണ് ആദിത്യന്റെ സ്‌കൂളും കൂട്ടുകാരുമുള്‍പ്പെട്ട ലോകം.
അഞ്ചാം ക്ലാസുവരെ മേലൂരിലെ എ.എല്‍.പി സ്‌കൂളില്‍ പോയി പഠിച്ചിരുന്നു ആദിത്യന്‍. പിന്നീടാണ് പേശികള്‍ ശോഷിക്കുന്ന മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന അസുഖം പിടിപെട്ടത്. അതോടെ സ്‌കൂള്‍ പഠനംമുടങ്ങി വീട്ടിലായി. ഏഴുവര്‍ഷം മുമ്പ് അച്ഛന്‍ ഉണ്ണികൃഷന്‍ പെട്ടന്ന് മരിക്കുകയുംചെയ്തോടെ ഈ കുടുംബം തകര്‍ന്നുപോയി. ഇപ്പോള്‍ അമ്മ ചെറിയ തയ്യില്‍ ജോലി ചെയ്താണ് ജീവിതം മുന്നോട്ടുനീക്കുന്നത്. മകന് പഠിക്കാന്‍ ഒരു വഴിയുമില്ലെന്ന സങ്കടത്തിലിരിക്കെയാണ് സര്‍വ്വശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ബുധനാഴ്ചകളില്‍ അധ്യാപിക വീട്ടിലെത്തി തുടങ്ങിയത്.
കഴിഞ്ഞ ഓണത്തിന് ഒറ്റപ്പാലം ബി.ആര്‍.സിയിലെ അധ്യാപകരും വിദ്യാര്‍ഥികളും ഓണപ്പുടവയുള്‍പ്പടെ സമ്മാനങ്ങളുമായി ആദിത്യനെ തേടിയെത്തിയിരുന്നു. പൂക്കളമൊരുക്കലും പാട്ടും പായസവിതരണവുമൊക്കെയായി അവര്‍ ആദിത്യനൊപ്പമാണ് ഓണം ആഘോഷിച്ചത്. ഇത്തവണ പത്താംക്ലാസ് പഠിച്ച് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം കൂടി ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ആദിത്യനും അധ്യാപിക ഉഷയും. എന്നാല്‍ സ്‌കൂളിലെത്തി പഠനം തുടരാന്‍ ഒരു ഇലക്ട്രിക്കല്‍ ചക്രകസേര വേണം. അതിനായി സര്‍വ്വശിക്ഷാ കേരളമുഖാന്തരം തന്നെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് അധ്യാപിക ഉഷ പറയുന്നത്.
സുമനസുകള്‍ അറിഞ്ഞ് സഹായിച്ചാല്‍ വേഗത്തില്‍ സ്‌കൂളിലെത്താനാകുമെന്ന പ്രതീക്ഷയും ഈ കുടുംബത്തിനുണ്ട്. ഒപ്പം ഫിസോയോതെറാപ്പി ചെയ്താല്‍ അവന് കൈയ്യും കാലും കൂടുതല്‍ ചലിപ്പിക്കാനാകുമെന്നും അതിനുള്ള സൗകര്യവും ആരെങ്കിലും ചെയ്തുനല്‍കുമോയെന്നതും ഈ കുടുംബം ഉറ്റുനോക്കുകയാണെന്നും അധ്യാപിക ഉഷ പറയുന്നു.
Content Highlights: muscular dystrophy child special education story
Published: 10 Oct 2024, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented