തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ മതിയാവോളം ആസ്വദിക്കുവാന്‍ തലസ്ഥാനവാസികള്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കെ.ടി.ഡി.സി. മേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1-ന് കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഒക്ടോബര്‍ 1 മുതല്‍ 5 വരെ സായാഹ്ന ഗാര്‍ഡന്‍ റെസ്റ്റോറന്റിലാണ് മേള നടത്തുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9 മണിവരെയാണ് മേളയുടെ സമയം.

To advertise here,

പാലക്കാട് രാമശ്ശേരി ഇഡ്ഡലി, ചോക്കളേറ്റ് ഫ്യൂഷന്‍ ഇഡ്ഡലി, ഫില്‍റ്റര്‍ കോഫി, ചക്കര പൊങ്കല്‍, മസാലവട തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രശാന്ത സുന്ദരമായ ഓപ്പണ്‍ ഗാര്‍ഡന്‍ റെസ്റ്റോറന്റാണ് മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന റെസ്റ്റോറന്റ്. രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കഴിക്കുന്നതെന്ന് കെടിഡിസി ഡയറക്ടര്‍ വിഗ്നേശ്വരി വി ഐഎഎസ് പറഞ്ഞു.തന്റെ നാട്ടില്‍ അടുത്ത വീട്ടിലെ താമസക്കാരുടെ പേരുപോലും അറിയില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ഒത്തൊരുമയും സ്‌നേഹവും തന്നെ അദ്ഭുതപ്പെടുത്തിയെന്നും തമിഴ്‌നാട്ടിലെ മധുരൈ സ്വദേശിയായ വിഗ്നേശ്വരി പറയുന്നു.

പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തില്‍ പരമ്പരാഗത രീതിയില്‍ തയ്യാറാക്കുന്ന ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി. മണ്‍പാത്രങ്ങളില്‍ തയ്യാറാക്കുന്ന രാമശ്ശേരി ഇഡ്ഡലി മൃദുലവും പോഷക സമൃദ്ധവുമാണ്. ഇലയില്‍ തയ്യാറാക്കുന്നതിനാല്‍ ഇലയുടെയും മറ്റ് ചേരുവകളുടെയും മണം ചേര്‍ന്ന് ഹൃദ്യമായ സുഗന്ധമുള്ള ഇഡ്ഡലി പോഷക സമ്പുഷ്ടമാണ്. തനത് പ്രദേശങ്ങളില്‍ നിന്നെത്തുന്ന പാചക വിദഗ്ധരാണ് ഇഡ്ഡലി തയ്യാറാക്കുന്നത്. ഇഡ്ഡലി ഫെസ്റ്റിവലില്‍ പാര്‍സല്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.