കാഷ് പി. പട്ടേല്‍, എസ്‌ക്വയര്‍. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അഥവാ എഫ്.ബി.ഐയെ നയിക്കാനായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്ത ഇന്ത്യന്‍ വംശജന്‍. ട്രംപിന്റെ വിശ്വസ്തനാണ്, കശ്യപ് പ്രമോദ് വിനോദ് പട്ടേല്‍ എന്ന കാഷ് പട്ടേല്‍. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' എന്ന നയത്തിന്റെ മുന്നണിപ്പോരാളിയായ കാഷ് പട്ടേല്‍ ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് താനെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്.
1980-ല്‍ ന്യൂയോര്‍ക്കിലാണ് കാഷ് പട്ടേല്‍ ജനിച്ചത്. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് കാനഡ വഴി അമേരിക്കയിലേക്ക് കുടിയേറിയ ഗുജറാത്ത് സ്വദേശികളാണ് കാഷ് പട്ടേലിന്റെ മാതാപിതാക്കള്‍. ലോങ് ഐലന്‍ഡിലെ ഗാര്‍ഡന്‍ സിറ്റി ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം റിച്ച്മണ്ട് സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസ് ആന്‍ഡ് ഹിസ്റ്ററിയിലും, യു.കെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഫാക്കല്‍റ്റി ഓഫ് ലോസില്‍ നിന്ന് അന്താരാഷ്ട്ര നിയമത്തിലും ബിരുദമെടുത്തു. ന്യൂയോര്‍ക്കിലെ പേസ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് ജ്യൂറിസ് ഡോക്ടര്‍ ബിരുദമെടുത്തതോടെ അദ്ദേഹത്തിന് പേരിനൊപ്പം 'എസ്‌ക്വയര്‍' ടൈറ്റില്‍ ലഭിച്ചു. ഇതിന് ശേഷം എട്ട് വര്‍ഷം ഫ്‌ളോറിഡയില്‍ പബ്ലിക് ഡിഫന്‍ഡറായി സേവനമനുഷ്ഠിച്ചു.
ഒന്നാം ട്രംപ് ഭരണകൂടത്തില്‍ പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും ദേശീയ സുരക്ഷാ കൗണ്‍സിലിലെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ സീനിയര്‍ ഡയറക്ടറുമായി പ്രവര്‍ത്തിച്ച കാഷ് പട്ടേല്‍ ഐ.എസ്.ഐ.എസ്സിനേയും അല്‍-ഖ്വയിദയേയും ഇല്ലാതാക്കുന്നത് ഉള്‍പ്പെടെയുള്ള ട്രംപിന്റെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചിരുന്നു. ഇതിനിടെ, ട്രംപും യുക്രൈനും തമ്മിലുള്ള അനധികൃതമായ ബന്ധത്തില്‍ പാലമായി പ്രവര്‍ത്തിച്ചെന്ന ആരോപണവും പട്ടേല്‍ നേരിട്ടു.
2021-ല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനുള്ള മുന്‍ പ്രസിഡന്റിന്റെ പ്രതിനിധിയായി ട്രംപ് ചുമതലപ്പെടുത്തിയവരിലൊരാള്‍ കാഷ് പട്ടേലായിരുന്നു. ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ എഫ്.ബി.ഐ. മേധാവിയായി കാഷ് പട്ടേല്‍ വരുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിക്കഴിഞ്ഞു.
കാഷ് പട്ടേല്‍ യു.എസ്സിന് ഭീഷണിയാകുമോ, അതോ ട്രംപിന്റെ ട്രംപ് കാര്‍ഡാകുമോ? കാത്തിരുന്നു തന്നെ കാണാം.
Content Highlights: Who is Kash Patel, the Indian origin who was picked by president elect Donald Trump as new FBI chief
Published: 01 Dec 2024, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented