കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങൾ കാരണം കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിലുണ്ടായത് 80,000 മരണങ്ങൾ. നഷ്ടമായത് 180 ബില്യൺ ഡോളർ. പരിസ്ഥിതി സംഘടനയായ ജർമൻവാച്ച് ബുധനാഴ്ച പ്രസിദ്ധീകരിച്ച ക്ലൈമറ്റ് റിസ്ക് ഇൻഡക്സ് 2025-ന്റെ പഠനറിപ്പോർട്ടാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 1993-നും 2022നും ഇടയിലുണ്ടായ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു പഠനം.
കഴിഞ്ഞ 30 വർഷമായി ആഗോളതലത്തിൽ പ്രത്യേകിച്ച് തെക്കൻ രാജ്യങ്ങളെ തീവ്ര കാലാവസ്ഥമൂലമുണ്ടാകുന്ന അപകടങ്ങളുടെ ആഘാതങ്ങൾ ബാധിച്ചിട്ടുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ഡൊമിനിക്കയാണ് ഒന്നാം സ്ഥാനത്ത്. തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള മൊത്തം ആഗോള മരണങ്ങളുടെ 10 ശതമാനവും ആഗോള സാമ്പത്തിക നഷ്ടത്തിന്റെ 4.2 ശതമാനവുമുണ്ടായത് ഇന്ത്യയിലാണെന്ന് പഠനറിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തീവ്രമായ കാലാവസ്ഥ മൂലം 400-ലേറെ ദുരന്തങ്ങളാണുണ്ടായത്. പ്രകൃതിദുരന്തങ്ങൾ തുടർച്ചയായി അപകടം വിതയ്ക്കാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും പഠനം പറയുന്നു. വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങൾ, ചുഴലിക്കാറ്റുകൾ, വരൾച്ച എന്നിവയുൾപ്പെടെയുള്ള ദുരന്തങ്ങളെ ഇന്ത്യ കൂടുതലായി അഭിമുഖീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലുംകാരണം വൻതോതിൽ കൃഷി നാശമുണ്ടായി. ചുഴലിക്കാറ്റുകൾ തീരപ്രദേശങ്ങളെ തകർത്തു. ദശലക്ഷക്കണക്കിനുപേരെ പ്രകൃതി ദുരന്തങ്ങൾ ബാധിച്ചുവെന്നും പഠനം പറയുന്നു.
1998-ൽ ഗുജറാത്തിലും, 1999-ൽ ഒഡീഷയിലുമുണ്ടായ ചുഴലിക്കാറ്റുകൾ, 2014-ലും 2020-ലും വീശിയടിച്ച ഹുദ്ഹുദ്, അംഫാൻ ചുഴലിക്കാറ്റുകൾ, 1993-ൽ ഉത്തരേന്ത്യയിലുണ്ടായ വെള്ളപ്പൊക്കം, 2019-ലെ അതിതീവ്ര വെള്ളപ്പൊക്കം എന്നിവയേക്കുറിച്ച് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. 50 ഡിഗ്രിയോളം ഉയർന്ന താപനില 1998, 2002, 2003, 2015 വർഷങ്ങളിൽ നിരവധി ജീവൻ അപഹരിച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Content Highlights: Germanwatch's Climate Risk Index reveals 80,000 deaths due to extreme weather in India over 30 Years
Published: 13 Feb 2025, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented