വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്. പത്ത് വര്‍ഷമായി താന്‍ ജീവിക്കുന്ന സ്വപ്‌നമാണിതെന്നാണ് ഗുകേഷ് തന്റെ നേട്ടത്തെക്കുറിച്ച് പറയുന്നത്. അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍ (ഫിഡെ) എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുകേഷ് തന്നെക്കുറിച്ചും എതിരാളി ഡിങ്‌ലിറനെക്കുറിച്ചും പറഞ്ഞത് 

To advertise here,

തന്റെ എതിരാളി ഡിങ്‌ലിറന് നന്ദിപറയാനും താരം മറന്നില്ല. 'ഡിങ് ആരാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് വര്‍ഷങ്ങളായി അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് യഥാര്‍ത്ഥ ലോക ചാമ്പ്യന്‍-ഗുകേഷ് പറയുന്നു

2013 ലെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പ് കാണുന്നതിനായി ഓഡിയന്‍സ്് സീറ്റ് പോലും ലഭിക്കാതിരുന്ന ആളാണ് താനെന്നും ഗുകേഷ് ഓര്‍ക്കുന്നു. അന്ന് വിശ്വനാഥന്‍ ആനന്ദും മാഗ്നസ് കാള്‍സണുമെല്ലാം വളരെ കൂളായാണ് കളിക്കുന്നത് ഞാന്‍ നോക്കിനിന്നു. ആ ഇന്ത്യന്‍ പതാകയ്ക്ക് അരികില്‍ ഇരിക്കുന്നത് എന്നെ ഞാന്‍ സങ്കല്‍പിച്ചു. ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം അതായിരിക്കും. ലോകത്തിലെ എല്ലാ ചെസ് കളിക്കാരും ആഗ്രഹിക്കുന്ന ഒരു വേദിയാണിത്. വളരെക്കുറച്ച് പേര്‍ക്ക് മാത്രം കിട്ടുന്ന അവസരവും. അതിലൊരാളാവാന്‍ എനിക്ക് കഴിഞ്ഞു, ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'എന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി'