ജീവനക്കാരാണ് എല്ലാ കമ്പനിയുടേയും നട്ടെല്ല്, അവരുടെ അധ്വാനമാണ് ഏതൊരു കമ്പനിയുടെയും വിജയരഹസ്യം. ആ ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ ഒരു കമ്പനിക്ക് എന്തൊക്കെ ചെയ്യാനാകും? എല്ലാ ജീവനക്കാര്‍ക്കും സമ്മാനമായി ഓരോ കാറും ബൈക്കും അങ്ങ് കൊടുത്താല്‍ എങ്ങനെയുണ്ടാകും?

To advertise here,

അങ്ങനെയൊരു സര്‍പ്രൈസ് സമ്മാനവുമായി ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈയിലെ ടീം ഡീടെയിലിങ് സൊല്യൂഷന്‍സ് എന്ന കമ്പനി. ജീവനക്കാരുടെ കഠിനാധ്വാനത്തേയും പ്രവര്‍ത്തന മികവിനേയും അഭിനന്ദിച്ച് 28 കാറുകളും 29 ബൈക്കുകളുമാണ് സമ്മാനമായി നല്‍കിയത്. വെറുതേ പേരിന് മാത്രമായുള്ള സമ്മാനമല്ല, ടൊയോട്ട ഇന്നോവ, കിയ സെല്‍ട്ടോസ്, മാരുതി ബ്രെസ, ഹ്യുണ്ടായി ക്രേറ്റ മുതല്‍ അഡംബര വാഹനനിര്‍മാതാക്കളായ ബെന്‍സിന്റെ സി ക്ലാസ് വരെ നീളുന്നതാണ് സമ്മാനങ്ങളുടെ ലിസ്റ്റ്. ജീവനക്കാരുടെ കുടുംബാഗംങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു സമ്മാനങ്ങള്‍ വിതരണം ചെയ്തത്.

ജീവനക്കാരുടെ മനം നിറച്ച ഈ സമ്മാനപ്പെരുമഴയ്ക്കായി കമ്പനി ചെലവാക്കിയ തുകയാകട്ടെ മൂന്നരക്കോടി രൂപയും. കമ്പനിയില്‍ ഒന്‍പതു വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നവര്‍ക്കാണ് കാര്‍ ലഭിച്ചത്. ഏഴുമുതല്‍ എട്ടുവര്‍ഷംവരെയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബൈക്കുകളും ലഭിച്ചു. നവരാത്രി ദസറ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ജീവനക്കാര്‍ക്കുള്ള സമ്മാനദാനം. ഏതായാലും ജീവനക്കാരെ ജീവന് തുല്യം സ്‌നേഹിക്കുന്ന കമ്പനിയെ പ്രകീര്‍ത്തിച്ചും എല്ലാ കമ്പനികളും ഇതുപോലെ ചെയ്താല്‍ എത്ര നന്നായിരിക്കുമെന്ന കമന്റുകളും സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്.

InShort - Chennai-based Team Detailing Solutions surprised their employees with a grand gesture, gifting 28 cars and 29 bikes, including luxury brands, to recognize their hard work.