അമ്പലവയല്‍: അവധിക്കാലം ചുമ്മാ കളിച്ചുനടക്കാനുള്ളതല്ലെന്നാണ് ആദിത്യന്റെപക്ഷം. ആക്രിസാധനങ്ങള്‍ക്കൊണ്ട് ഒരു മോട്ടോര്‍ സൈക്കിള്‍ സ്വന്തമായി നിര്‍മിച്ചാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ഥി നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചത്. കുഞ്ഞുന്നാള്‍മുതല്‍ അച്ഛന്റെ ആശാരിപ്പണിയേക്കാള്‍ ആദിത്യനിഷ്ടം മുത്തച്ഛന്റെ മെക്കാനിക്ക് ജോലിയായിരുന്നു. വാഹനങ്ങളോട് വലിയ ഇഷ്ടവും.
അവധിക്കാലം മുത്തച്ഛനോടൊപ്പമാണ് ചെലവഴിച്ചിരുന്നത്. മകന്റെ കഴിവിനെ മാതാപിതാക്കള്‍ കണ്ടില്ലെന്നുനടിച്ചില്ല. എസ്എസ്എല്‍സി കഴിഞ്ഞപ്പോള്‍ അവനെ ടെക്നിക്കല്‍ സ്‌കൂളില്‍ ചേര്‍ത്തു. മുത്തച്ഛന്റെ പ്രാക്ടിക്കല്‍ ക്ലാസിനൊപ്പം സ്‌കൂളിലെ തിയറി ക്ലാസുകൂടിയായതോടെ ആത്മവിശ്വാസമേറി. അങ്ങനെ ഈ അവധിക്കാലത്ത് അവന്റെ സ്വപ്നം യാഥാര്‍ഥ്യമായി.
സ്‌കൂള്‍ അടച്ചതോടെ സ്വന്തമായൊരു മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ആദിത്യന്‍. പ്രദേശത്തെ ആക്രിക്കടകളില്‍ കറങ്ങിനടന്ന് ആവശ്യമുള്ളതെല്ലാം സംഘടിപ്പിച്ചു. ബജാജ് ബൈക്കിന്റെ എന്‍ജിന്‍, പഴയ സൈക്കിളിന്റെ ചക്രം, ഉപയോഗശൂന്യമായ സ്‌കൂട്ടറിന്റെ അലോയ് വീല്‍, പെട്രോള്‍ ടാങ്ക് അങ്ങനെയെല്ലാം. പണിക്കാവശ്യമായ യന്ത്രങ്ങള്‍ വാടകയ്‌ക്കെടുത്തു. മൂന്നുദിവസംകൊണ്ട് പെട്രോളിലോടുന്ന മോട്ടോര്‍ സൈക്കിള്‍ അവന്‍ നിരത്തിലിറക്കി. പണിയായുധത്തിന്റെ വാടകയും അല്ലറചില്ലറ സാധനങ്ങളുംചേര്‍ത്ത് ആകെ ചെലവ് പതിനായിരം രൂപ. വീട്ടുപരിസരത്തെ നാട്ടുവഴികളിലൂടെ മോട്ടോര്‍ സൈക്കിളില്‍ ചീറിപ്പായുന്ന ആദിത്യനെ അദ്ഭുതത്തോടെ നോക്കുകയാണ് കൂട്ടുകാര്‍.
കൊളഗപ്പാറ പാലിശ്ശേരി സന്തോഷിന്റെയും സരിതയുടെയും മകനാണ് ആദിത്യന്‍. സുല്‍ത്താന്‍ബത്തേരി ഗവ. ടെക്‌നിക്കല്‍ സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുന്നു. ചെറുപ്പംമുതല്‍ വാഹനങ്ങളോട് താത്പര്യമുള്ളതിനാല്‍ മകന്റെ ഇഷ്ടങ്ങള്‍ക്ക് എല്ലാപിന്തുണയും നല്‍കിയെന്ന് അമ്മ സരിത പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ യാഥാര്‍ഥ്യമാക്കിയെങ്കിലും നിയമാനുസൃതം റോഡിലിറക്കാന്‍ സാധിക്കാത്തതിലുള്ള സങ്കടം ആദിത്യന്‍ പങ്കുവെച്ചു.
Content Highlights: 11th class student made a motorcycle using scrap materials
Published: 14 May 2025, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented