ബ്യൂണസ് ഐറിസ്: കള്ളപ്പണം വെളുപ്പിക്കൽ, നികുതിവെട്ടിപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണമെന്ന് റിപ്പോർട്ട്‌. അമേരിക്കയിൽ നടത്തിയ ഇടപാടുകളിലാണ് എഎഫ്എയ്ക്കെതിരേ എഫ്ബിഐ അന്വേഷണം നടത്തുന്നതായി അർജന്റീനൻ മാധ്യമമായ 'ലാ നാസിയോൺ' റിപ്പോർട്ട് ചെയ്തത്‌. കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് അസോസിയേഷൻ ആസ്ഥാനത്തും പതിനേഴോളം പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളിലുമായി മുപ്പതിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്.

To advertise here,

ഫിഫ ലോകകപ്പിൽ ഈജിപ്തുമായുള്ള മത്സരവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്കിടെയാണ് എഎഫ്എയെ പ്രതിരോധത്തിലാക്കി എഫ്ബിഐ അന്വേഷണവും വരുന്നത്. ക്ലോഡിയോ ടാപിയയുടെ അധ്യക്ഷതയിലുള്ള എഎഫ്എ നേരിടുന്നത് വൻ അഴിമതിയാരോപണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. യുഎസ്എയിലെ സാമ്പത്തിക വ്യവസ്ഥയിലൂടെ എഎഫ്എ എങ്ങനെ പണം കൈമാറിയെന്നും ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഫ്ലോറിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് എഎഫ്എയുടെ വിദേശ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നത്. ഈ കമ്പനിയും ഇപ്പോൾ അന്വേഷണത്തിന്റെ പരിധിയിലാണ്. ലാ നാസിയോൺ പുറത്തുവിട്ട രേഖകൾ പ്രകാരം, അഞ്ച് യുഎസ് ധനകാര്യ സ്ഥാപനങ്ങളിൽ ആരംഭിച്ച അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് ഡോളറുകൾ കൈമാറ്റം ചെയ്തതായാണ് ആരോപണം.

എഎഫ്എയുടെ അന്താരാഷ്ട്ര വാണിജ്യ, സ്പോൺസർഷിപ്പ് ഇടപാടുകളിൽ നിന്ന് ലഭിച്ച കോടിക്കണക്കിന് ഡോളർ യുഎസ് സാമ്പത്തിക സംവിധാനത്തിലൂടെ എങ്ങനെ കടന്നുപോയി എന്ന് എഫ്ബിഐയും വാഷിങ്ടൺ ഡിസിയിലെയും മയാമിയിലെയും ഫെഡറൽ പ്രോസിക്യൂട്ടർമാരും പരിശോധിക്കുന്നുണ്ട്. 42 മില്യൺ ഡോളറോളം വരുന്ന വരുമാനം എഎഫ്എയ്ക്ക് ലഭിച്ചിരിക്കുന്നത് ഫ്ലോറിഡയിലുള്ള ഷെൽ കമ്പനികളിലൂടെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

അതേസമയം ആരോപണങ്ങളെല്ലാം എഎഫ്എ മാനേജ്മെന്റ് നിഷേധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോർട്ടാണിതെന്ന് എഎഫ്എ വാർത്താക്കുറിപ്പിൽ അറിയിച്ചു.