ഒരൊറ്റ ചിരിയിലാണ് നമ്മുടെ മുഖ്യമന്ത്രി പൂക്കി സിഎമ്മായത്. രസകരമായ ആ ചിരിയിലേക്ക് മുഖ്യമന്ത്രിയെ നയിച്ചതാകട്ടെ വാഹന മോഡിഫിക്കേഷൻ സംബന്ധിച്ചൊരു ചോദ്യമായിരുന്നു. മുഖ്യമന്ത്രിയുടെ പൂക്കി എക്സ്പ്രഷൻ ഇക്കാര്യത്തിൽ വാഹന പ്രേമികൾക്കും ജെൻസികൾക്കും വലിയ പ്രതീക്ഷയേകി. മോഡിഫിക്കേഷനിൽ വമ്പൻ ഇളവുകൾ പ്രതീക്ഷിച്ചവർക്ക് പക്ഷേ കാര്യത്തോട് അടുക്കുമ്പോൾ നിരാശ്ശയാണ് ഫലം. സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം വാഹനങ്ങളിൽ എന്തെല്ലാം മോഡിഫിക്കേഷൻ ആകാമെന്ന ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടാണ് വാഹനപ്രേമികളെ നിരാശ്ശരാക്കിയത്. സീറ്റ് കവറും ഫ്ളോർ മാറ്റും വരെ മോഡിഫിക്കേഷൻ പട്ടികയിൽ കണ്ടതിന്റെ ഞെട്ടലിലാണ് പലരും. നാളിന്നുവരെ തങ്ങൾ ഉപയോഗിച്ചുവന്നിരുന്നത് ഒരു ഹെവി മോഡിഫൈഡ് വാഹനമായിരുന്നുവെന്ന് പലർക്കും വിശ്വാസവും വന്നിട്ടില്ല. അനുമതി കൂടാതെ ചെയ്യാവുന്ന 18 തരം മോഡിഫിക്കേഷനുകൾ, പ്രത്യേക അനുമതിയോടെ മറ്റുചില മോഡിഫിക്കേഷനും വാഹനങ്ങളിൽ ആകാമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാർശ. എന്നാൽ ഇതിൽപറയുന്ന ഭൂരിഭാഗം കാര്യങ്ങൾക്കും നേരത്തെ മൗനാനുവാദം ഉള്ളതാണെന്നും ഇതൊന്നുമല്ല മോഡിഫിക്കേഷൻ എന്നുമാണ് വാഹന പ്രേമികളുടെ ആക്ഷേപം. മാസത്തിൽ ഒരിക്കലെങ്കിലും വാഹനം കഴുകാൻ അനുമതിയുണ്ടോ, സീറ്റ് ബെൽറ്റ് ഇടാൻ പ്രത്യേക അനുമതി വേണോ, കീ ചെയിൻ വെക്കാൻ അനുമതിയുണ്ടോ തുടങ്ങി സർക്കാരിനെതിരേ സോഷ്യൽ മീഡിയകളിൽ ട്രോളോട് ട്രോളാണ്.

To advertise here,