H1ബി വിസ: എന്താണ് സാമൂഹിക മാധ്യമങ്ങളിൽ പരിശോധിക്കുക? ഇന്ത്യക്കാർക്ക് വിസ ലഭിക്കാതാവുമോ?
H-1B വിസ അപേക്ഷകരുടെയും അവരുടെ ആശ്രിതരായ H-4 വിസ അപേക്ഷകരുടെയും സോഷ്യല്‍ മീഡിയ സ്‌ക്രീനിങ് നിർബന്ധമാക്കിയ നിയമം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കോൺസുലേറ്റുകളിൽ വ്യാപകമായ വിസ ഇന്റർവ്യൂ റദ്ദാക്കലുകൾക്കും മാറ്റിവയ്ക്കലുകൾക്കും കാരണമായ നിയമം പ്രാബല്യത്തിൽ വന്നാൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാവുക? ഇന്ത്യക്കാരെ ഇത് എങ്ങനെയാണ് ബാധിക്കുക? പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ എന്തെല്ലാം വിശദാംശങ്ങൾ അന്വേഷിക്കും? എച്ച് 1-ബി വിസ ഫീസ് വർധിപ്പിച്ചതിനെതിരെ യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ പോയത് എന്തുകൊണ്ടാണ്?
‘ഉയർന്ന വൈദഗ്ധ്യമുള്ള അറിവ്’ ആവശ്യമുള്ള പ്രത്യേക ജോലികളിൽ വിദേശ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി. പതിറ്റാണ്ടുകളായി, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ തൊഴിൽ നേടാനുള്ള പ്രധാന മാർഗമാണിത്.
കഴിഞ്ഞ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച്, എല്ലാ എച്ച്-1ബി അപേക്ഷകരുടെയും എച്ച്-4 ആശ്രിത വിസ അപേക്ഷകരുടെയും ഓൺലൈൻ ആക്ടിവിറ്റികൾ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അവലോകനം ചെയ്യും. ഇതിനായി വിസാ അപേക്ഷകർ അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പബ്ലിക്ക് ആക്കണം. ഇതുവരെ, വിദ്യാർത്ഥികൾക്കും എക്‌സ്‌ചേഞ്ച് സന്ദർശകർക്കും മാത്രമായിരുന്നു സോഷ്യൽ മീഡിയ പരിശോധന നിർബന്ധമാക്കിയിരുന്നതെങ്കിൽ ഇനി മുതൽ വിദഗ്ദ്ധരായ വിദേശ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ബാധകമാവും. വിസ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ രേഖകളുടെയും വിദ്യാഭ്യാസ യോഗ്യതകളുടെയും അധിക പരിശോധനയും ഇവർക്കുണ്ടാവും.
യുഎസ് വിസ ഒരു പ്രിവിലേജ് അല്ലെന്നും അവകാശമാണെന്നും അതിനാൽ രാജ്യത്തേക്ക് അനുവദനീയമല്ലാത്ത അപേക്ഷകരെ തിരിച്ചറിയാനാണ് സോഷ്യൽ മീഡിയ സ്ക്രീനിങ് എന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകുന്ന വിശദീകരണം. വിദേശ തൊഴിലാളികളുടെ തൊഴില്‍ നിയമലംഘനങ്ങളടക്കം കണ്ടെത്തുന്നതിനുള്ള പുതിയ നീക്കമെന്ന് ചുരുക്കത്തിൽ പറയാം. ഓരോ വിസയും ദേശീയ സുരക്ഷാപരമായ ഒരു തീരുമാനമാണ്. വിസകൾ യു.എസ്. സർക്കാരിൻ്റെ വിവേചനാധികാരത്തിലാണ് ഇത് അനുവദിക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പറയുന്നു.
എന്തൊക്കെ പരിശോധിക്കും?
അമേരിക്കയിലേക്ക് വരുന്നവർ അമേരിക്കക്കാരെയും ദേശീയ താൽപ്പര്യങ്ങളെയും ദോഷകരമായി ബാധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിസ അനുവദിക്കൽ പ്രക്രിയയിൽ ജാഗ്രത പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നത്. വിദേശ ഭീകരർക്കും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ മറ്റ് കാര്യങ്ങൾക്കും വേണ്ടി വാദിക്കുകയോ സഹായിക്കുകയോ അതിനെ പിന്തുണയ്ക്കുകയോ ചെയ്യുന്ന അല്ലെങ്കിൽ നിയമവിരുദ്ധമായ അക്രമം നടത്തുന്ന ആളുകളെ തിരിച്ചറിയാനാണ് പുതിയ നിയമം എന്നാണ് ബിബിസി റിപ്പോർട്ട്. എന്നാൽ ഒരാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എന്താണ് വിലയിരുത്തപ്പെടുകയെന്ന് വ്യക്തമല്ല.
ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
2024 സാമ്പത്തിക വർഷത്തിൽ, അംഗീകാരം ലഭിച്ച 3,99,395 എച്ച്-1ബി അപേക്ഷകളിൽ 71% ഇന്ത്യയിൽ ജനിച്ചവർക്കായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിലുടനീളം ഈ പ്രവണത തുടരുന്നുണ്ട്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തുടങ്ങിയ പ്രമുഖരായ പല ഇന്ത്യൻ-അമേരിക്കൻ മേധാവികളും തങ്ങളുടെ കരിയർ ആരംഭിച്ചത് എച്ച്-1ബി വിസയിലൂടെയാണ്. യുഎസിൽ എച്ച് -1 ബി വിസ കൈവശമുള്ള ഏകദേശം 300,000 ഇന്ത്യൻ തൊഴിലാളികളുണ്ട്. അതുകൊണ്ട് തന്നെ പുതിയ നിയമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെയായിരിക്കും.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുതന്നെ, ഇന്ത്യയിലെ യുഎസ് എംബസി നിരവധി വിസ അഭിമുഖങ്ങൾ പുനഃക്രമീകരിച്ചിരുന്നു, ഇത് അപേക്ഷകരുടെ യാത്രാ പദ്ധതികളെ ബാധിച്ചു. വിസ പുതുക്കേണ്ട വിദേശ ജീവനക്കാര്‍ക്ക് പുതിയ അപ്പോയിന്‍മെന്റിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയായി. യുഎസിലേക്ക് മടങ്ങുന്നതിലും ഇത് കാലതാമസമുണ്ടാക്കി. 2026 മാർച്ച് വരെ കാലതാമസം നേരിടേണ്ടി വരുമെന്നാണ് നിലവിലെ വിവരം. മുമ്പ് ഷെഡ്യൂൾ ചെയ്ത അപ്പോയിന്റ്മെന്റ് തീയതിയിൽ എത്തുന്നത് എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ പ്രവേശനം നിഷേധിക്കുന്നതിന് കാരണമാകുമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
അവ്യക്തത, ആശങ്ക.…
പുതിയ നിയമത്തിനെതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കനത്ത പ്രതിഷേധമാണ് ഉയർന്നത്. ഡിജിറ്റൽ അവകാശങ്ങൾക്ക് എതിരാണെന്നാണ് പ്രധാന വിമർശനം. ഏതൊക്കെ തരത്തിലുള്ള പോസ്റ്റുകളാണ് പ്രശ്നമെന്നും, എങ്ങനെയാണ് ഉള്ളടക്കം വിലയിരുത്തപ്പെടുന്നതെന്നും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആരാണ് തീരുമാനിക്കുന്നതെന്നും യുഎസ് സർക്കാർ വ്യക്തമായി വിശദീകരിക്കുന്നില്ല. ഈ സുതാര്യതയിലായ്മയാണ് അപേക്ഷകർക്കിടയിലെ ഭയത്തിന് കാരണം. യുഎസ് വിദേശനയം, ഇസ്രായേൽ-ഗാസ യുദ്ധം, യുഎസ് സർക്കാർ തീരുമാനങ്ങൾ തുടങ്ങി പ്രതിഷേധങ്ങളിലോ ആക്ടിവിസ്റ്റ് പ്രസ്ഥാനങ്ങളിലോ പങ്കെടുക്കുന്നത് നിയമാനുസൃതമാണെങ്കിൽ പോലും തീവ്രവാദം അല്ലെങ്കിൽ "യുഎസ് വിരുദ്ധം" എന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെടാം. രാഷ്ട്രീയ അഭിപ്രായങ്ങൾ വിസ അംഗീകാരങ്ങളെയോ പുതുക്കലുകളെയോ ബാധിക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. ഉദാഹരണത്തിന് 2022-ൽ വാഷിംഗ്ടണിലെ യുദ്ധങ്ങളെ വിമർശിച്ചുകൊണ്ട് നിങ്ങളൊരു പോസ്റ്റ് അന്ന് പങ്കുവെച്ചിരുന്നുവെന്ന് കരുതുക, ഇപ്പോള് യുഎസിലേക്ക് പോകുവാൻ ആഗ്രഹിക്കുന്ന നിങ്ങൾക്ക് ആ പോസ്റ്റ് കാരണം വിസ നിഷേധിച്ചേക്കാം. ഓട്ടോമേറ്റഡ് കീവേർഡ് സ്കാനിങും പോസ്റ്റുകളെ തെറ്റായി വ്യാഖ്യാനിക്കുന്നതുമെല്ലാം കാരണം ഒരു മീംമോ തമാശയോ പോലും തെറ്റായി വായിക്കപ്പെടാം.
പ്രൈവസി സംബന്ധിച്ചാണ് അടുത്ത ആശങ്ക. വ്യക്തിപരമായ വിശ്വാസങ്ങൾ, ബന്ധങ്ങൾ, മതപരമായ വീക്ഷണങ്ങൾ, രാഷ്ട്രീയ ചായ്‌വുകൾ എന്നിവയെല്ലാം ഒരാളുടെ സോഷ്യൽ മീഡിയ പരിശോധിച്ചാല് വ്യക്തമാവും. ഇത് സുരക്ഷാ പരിശോധനയല്ല, ഡിജിറ്റൽ നിരീക്ഷണമാണെന്നാണ് പൗരസ്വാതന്ത്ര്യ സംഘടനകൾ വാദിക്കുന്നത്. ജോലി നഷ്ടപ്പെടുമോ, വിസ നിഷേധിക്കപ്പെടുമോ, കാലതാമസമുണ്ടാകുമോ പോലുള്ള ആശങ്കകളും H-1B വിസയിൽ അമേരിക്കയിലേക്ക് ചേക്കുന്നവർക്കുണ്ട്.
H-1B വിസകാർക്ക് മാത്രമല്ല, വരുന്നു പുതിയ നിയമം…
H-1B വിസ ഉടമകൾക്ക് മാത്രമല്ല. യുഎസിലേക്കുള്ള എല്ലാ സന്ദർശകരെയും ബാധിക്കുന്ന പുതിയ നിയമത്തിന്റെ പണിപുരയിലാണ് യുഎസ് ഭരണകൂടം. ഇതിന‍്‍റെ ഭാഗമായി എല്ലാ വിസാ അപേക്ഷകരുടെയും അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ ഹിസ്റ്ററി പരിശോധിക്കും. വിസയില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വരെ ഇത് ബാധകമാവും. നിരവധി യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, ജപ്പാൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ഇസ്രായേൽ, ചിലി, ഖത്തർ തുടങ്ങി വിസ ഇളവ് ലഭിക്കുന്ന രാജ്യങ്ങളിലെ പൗരന്മാരും ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ അപേക്ഷയ്ക്കായി തങ്ങളുടെ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ ഹിസ്റ്ററി നൽകേണ്ടിവരും എന്നാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നിർദ്ദേശിക്കുന്നത്.
ഇത് മാത്രം മതിയാകുമെന്നും കരുതേണ്ട, ആവശ്യമെങ്കിൽ അധിക വിവരങ്ങൾ നൽകണം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉപയോഗിച്ച ടെലിഫോൺ നമ്പറുകൾ, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉപയോഗിച്ച ഇമെയിൽ വിലാസങ്ങൾ, ഇലക്ട്രോണിക് ആയി സമർപ്പിച്ച ഫോട്ടോകളിൽ നിന്നുള്ള ഐപി വിലാസങ്ങൾ, മെറ്റാഡാറ്റ, മുഖം, വിരലടയാളം, ഡിഎൻഎ, ഐറിസ് ഡാറ്റ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക്സ് എന്നിവയാണ് ഈ അധികവിവരങ്ങളായി ഉദ്ദേശിക്കുന്നത്. സന്ദർശകരുടെ കുടുംബാംഗങ്ങളുടെ പേരുകൾ, അവരുടെ ഫോൺ നമ്പറുകൾ, ജനനത്തീയതികൾ, ജനന സ്ഥലങ്ങൾ, താമസസ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടും.
ഇന്ന് പ്രാബല്യത്തിൽ വന്ന നിയമം H-1B, H-4 വിസാ അപേക്ഷകർക്ക് മാത്രമാണ് ബാധകമാണെങ്കിൽ, അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ ഹിസ്റ്ററി എന്നത് അമേരിക്കൻ മണ്ണിൽ കാലുകുത്താൻ ശ്രമിക്കുന്ന എല്ലാവർക്കുമുള്ളതാണ്, അവർ ഏത് രാജ്യക്കാരായാലും, എന്ത് ഉദ്ദേശ്യത്തോടെയാണ് യുഎസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നതെങ്കിലും ഇതിൽ മാറ്റമില്ല.
ബിസിനസ് വിസകൾ മുതൽ ടൂറിസ്റ്റ് യാത്രകൾ വരെയുള്ള എല്ലാ മേഖലകളിലും വരാനിരിക്കുന്ന നിയം ഇന്ത്യയെ ഇത് ബാധിച്ചേക്കും. 2023 ൽ, ഇന്ത്യൻ പൗരന്മാർക്ക് ഏകദേശം 1.3 ദശലക്ഷം കുടിയേറ്റേതര വിസകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിസ വിതരണം അടുത്തിടെ റെക്കോർഡ് എണ്ണത്തിലെത്തിയിരുന്നു.
ഫീസ് വർധനവിനെതിരെ കോടതിയിൽ…
ഈ വർഷം സെപ്റ്റംബറിലാണ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസ അപേക്ഷകൾക്ക് 1,00,000 ഡോളർ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. നേരത്തെ ഉണ്ടായിരുന്ന ഫീസിനേക്കാൾ 60 മടങ്ങ് കൂടുതലാണിത്. ഇതിനെതിരെ പത്തൊൻപത് യുഎസ് സംസ്ഥാനങ്ങൾ ചേർന്ന് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളി ക്ഷാമം ചൂണ്ടികാട്ടിയാണ് കേസ്. നിയമപരമായ അധികാരമോ നടപടിക്രമങ്ങളോ ഇല്ലാതെയാണ് വിസ ഫീസിൽ വൻതോതിലുള്ള വർധനവ് വരുത്തിയതെന്ന് പരാതിയിൽ ചൂണ്ടികാണിക്കുന്നു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസും മറ്റ് 18 സംസ്ഥാന അറ്റോർണി ജനറലുകളും ചേർന്നുള്ള സഖ്യമാണ് പരാതിപ്പെട്ടത്.
യുഎസിലുടനീളം, കുറഞ്ഞത് 930 കോളേജുകളും സർവകലാശാലകളും എച്ച്1-ബി വിസകളിൽ ജീവനക്കാരെ നിയമിക്കുന്നുണ്ട്. ന്യൂയോർക്കിലെ ആശുപത്രികൾ ഇതിനകം തന്നെ നഴ്‌സുമാർക്ക് ക്ഷാമമാണ്. രാജ്യവ്യാപകമായി 2036 ആകുമ്പോഴേക്കും യുഎസ് 86,000 ഫിസിഷ്യൻമാരുടെ കുറവ് നേരിടേണ്ടിവരുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ കണക്കാക്കുന്നു. ഇന്ത്യക്കാർ ചെയ്യുന്ന 40-50% ജോലികൾക്കും തത്തുല്യമായ വൈദഗ്ധ്യമുള്ളവരെ അമേരിക്കയിൽ കണ്ടെത്താൻ പ്രയാസമാണ്. ഇത് അമേരിക്കൻ കമ്പനികളുടെ വളർച്ചയെ മുരടിപ്പിച്ചേക്കാമെന്ന് നേരത്തെ തന്നെ വിമർശനമുണ്ടായിരുന്നു.
Content Highlights: New US visa rule mandates social media screening for H-1B & H-4 applicants. Understand the impact on Indians & what details are checked. Learn more!
Published: 17 Dec 2025, 04:27 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented