നടന്മാരായ സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള വഴക്ക്. ക്ഷണനേരം കൊണ്ട് വീഡിയോ വൈറലാകുന്നു. പരസ്പരം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ചീത്ത പറയുന്നതുമാണ് ദൃശ്യം. ചുറ്റുമുള്ളവര്‍ അവരെ പിടിച്ചു മാറ്റാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അജ്ഞാതമായ ഉറവിടത്തില്‍ നിന്ന് പ്രചരിച്ച ഈ ദൃശ്യമായിരുന്നു ടര്‍ക്കിഷ് തര്‍ക്കമെന്ന ചിത്രത്തിന്റെ ആദ്യ പ്രൊമോഷന്‍ തന്ത്രം. 

To advertise here,

അടുത്ത ലെവല്‍ പിന്നെ കണ്ടത് സിനിമാ റിലീസിന് ശേഷമാണ്. പടം കണ്ട് റിവ്യൂ പറയേണ്ട നേരത്ത് ഭീഷണിയുണ്ടെന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റേയും വെളിപ്പെടുത്തല്‍. ശവസംസ്‌കാരത്തിനിടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രമേയമായ സിനിമയില്‍ മതനിന്ദ ആരോപിച്ചാണ് ഭീഷണിയെന്നായിരുന്നു ഇരുവരും വെളിപ്പെടുത്തിയത്. ശേഷം ,സിനിമ പിന്‍വലിക്കുന്നതായി സംവിധായകന്‍ നവാസ് സുലൈമാനും നിര്‍മ്മാതാവ് നാദിര്‍ ഖാലിദും അറിയിക്കുന്നു. പിന്നാലെ ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തിയ ലുക്മാനും മറ്റൊരു വേഷം ചെയ്ത സണ്ണിവെയ്‌നും തങ്ങള്‍ക്ക് യാതൊരു ഭീഷണിയും നേരിട്ടിട്ടില്ലെന്ന് അറിയിക്കുന്നു. അപ്പോള്‍ നേരത്തേ പറഞ്ഞ ഭീഷണി ആര്‍ക്ക് വന്നതാണ്? ആരാണ് ഇതിന് പിന്നില്‍? അല്ലെങ്കില്‍ ഇതും പ്രമോഷനാണോ?  

ഏത് വിശ്വസിക്കണമെന്നറിയാതെ കുടുങ്ങിപ്പോയത് ശരിക്കും പ്രേക്ഷകരാണ്. എന്നാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് പ്രശ്‌നം മറ്റൊന്നാണ്. ചിത്രത്തിലെ രണ്ട് പ്രധാനതാരങ്ങളും മറ്റൊരു സഹനടനും ഒരുഭാഗത്തും നിര്‍മാതാവ് മറുഭാഗത്തുമായുള്ള തര്‍ക്കമാണ് വാസ്തവത്തില്‍ വിവാദങ്ങള്‍ക്ക് പിന്നില്‍. റിലീസിനായി ലഭിച്ച 120 സ്‌ക്രീനുകള്‍ പോരെന്ന് ചൂണ്ടിക്കാട്ടി നടന്മാര്‍ റിലീസിനെ എതിര്‍ത്തു. തുടര്‍ന്ന് റിലീസിന്റെ തലേന്ന് ചിത്രം പിന്‍വലിക്കാന്‍ നിര്‍മാതാവ് ശ്രമിച്ചെങ്കിലും തിയേറ്റര്‍ ഉടമകള്‍ വഴങ്ങിയില്ല. അങ്ങനെയാണ് നിര്‍മാതാവ് റിലീസ് മാറ്റേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നാണ്  വെളിപ്പെടുത്തല്‍.

ഇല്ലാത്ത വിവാദമുണ്ടാക്കി ചിത്രം തിയേറ്ററില്‍നിന്ന് പിന്‍വലിച്ചുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവിനോട് വിശദീകരണം തേടിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇപ്പറഞ്ഞത് ശരിയാണെങ്കില്‍ മന്ദനിന്ദ പോലൊരു തീര്‍ത്തും സെന്‍സിറ്റീവായ വിഷയം പ്രമോഷന്റെ പേരില്‍ ഉപയോഗിക്കപ്പെട്ടത് വിമര്‍ശിക്കപ്പെടേണ്ടതാണ്. മാത്രമല്ല, ഏറ്റവും എടുത്ത് പറയേണ്ടത് ഭീഷണിയുണ്ടെന്ന് പറയുമ്പോള്‍ പോലും ആര് ഭീഷണിപ്പെടുത്തിയെന്നോ എപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നോ നിര്‍മ്മാതാവ് ഒരിടത്തും പറയുന്നില്ല. നിര്‍മ്മാതാവും സംവിധായകനും ചിത്രത്തിലെ നായികയും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും അവര്‍ക്ക് മറുപടിയുണ്ടായിരുന്നുമില്ല.  ഭീഷണി വന്നത് എവിടെ നിന്നാണെന്നുള്ള ചോദ്യത്തിന് മറുചോദ്യങ്ങളായിരുന്നു അവരുടെ മറുപടി. ഇത് സംബന്ധിച്ച് യാതൊരു പരാതിയും എവിടേയും നല്‍കിയിട്ടുമില്ല. പരാതി ലഭിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പറയുന്നു. 

സിനിമ പിന്‍വലിച്ചത് തങ്ങളുടെ അറിവോടെ അല്ലെന്നും നിര്‍മാതാവിന്റെയും സംവിധായകന്റെയും മാത്രം തീരുമാനമാണെന്നും ലുക്മാനും സണ്ണി വെയിനും പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. വിവാദത്തിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെങ്കില്‍ അന്വേഷിക്കണമെന്നാണ് നടന്മാരുടേയും ആവശ്യം. കേവലം ഒന്നോ രണ്ടോ പേരില്‍ നിന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളാണ് നിര്‍മാതാവിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് നായിക ആമിന നിജാമും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

ചിത്രം പിന്‍വലിക്കുന്നതായി അറിയിച്ചുള്ള വാര്‍ത്താക്കുറുപ്പില്‍ പി.ആര്‍.ഓ പ്രജീഷ് രാജ് ശേഖര്‍ എന്നാണുള്ളത്. എന്നാല്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് മുന്‍ പി.ആര്‍.ഒ പ്രതീഷ് ശേഖര്‍ പ്രതികരിച്ചത്. തന്റേ പേരിനോട് സാമ്യംതോന്നുന്ന പ്രജീഷ് ശേഖര്‍ എന്ന 
പേരാണ് പ്രസ്‌റിലീസില്‍ ഉള്ളതെന്നും പ്രതീഷ് ശേഖര്‍ പറയുന്നു  

ഭീഷണിയെത്തുടര്‍ന്ന് ചിത്രം പിന്‍വലിക്കുകയാണെന്ന അറിയിപ്പിന് പിന്നാലെ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിട്ട ഫേസ്ബുക്ക് പോസ്‌റ്റോടെയാണ് ഈ വിഷയം ശരിക്കും ചര്‍ച്ചയാകുന്നത്. 

'ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അത് കൂടിവരികയാണ്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത കാട്ടി ന്യായീകരണ ക്യാപ്സ്യൂളുണ്ടാക്കുന്ന കാലമാണ്. സിനിമാക്കാരും ഇതൊരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ല'- ഇതായിരുന്നു പോസ്റ്റിലെ ഉള്ളടക്കം 

സിനിമ പിന്‍വലിച്ച വാര്‍ത്ത കണ്ടപ്പോഴാണ് സിനിമ ഇറങ്ങിയതേ അറിഞ്ഞത് എന്ന പ്രതികരണങ്ങളാകാം ഒരുപക്ഷെ ടര്‍ക്കിഷ് തര്‍ക്കം തര്‍ക്കമാക്കി മാറ്റിയവര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ബല്‍റാമിന്റെ പോസ്‌റ്റോടെ കഥമാറി. സിനിമാപ്രമോഷനുവേണ്ടി ഇസ്ലാമോഫോബിയ ആയുധമാക്കുന്നതിന് എതിരേയുള്ള വിമര്‍ശനങ്ങളാണ് വ്യാപകമായി ഉയര്‍ന്നത്.

മതനിന്ദ ആരോപിച്ചുള്ള സിനിമാ ബഹിഷ്‌ക്കരിക്കണം ഇന്ത്യയിലോ കേരളത്തിലോ ഇതാദ്യമല്ല. അമല്‍ നീരദ് ചിത്രം ബൊഗേന്‍വില്ലയിലുള്ള സ്തുതിയിലെ വരികള്‍ ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ് എന്ന് സിറോ മലബാര്‍ സഭാ സെക്രട്ടറിയുടെ വിമര്‍ശനം തന്നെ നോക്കാം. പിന്‍വലിക്കുകയല്ല, പകരം സിനിമ കാണാനായിരുന്നു അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒരുപോലെ പറഞ്ഞത്. സിനിമ എത്തിയതോടെ വിവാദം കെട്ടടങ്ങി

സൂക്ഷ്മദര്‍ശിനി, ഹെല്ലോ മമ്മി, കാ തുടങ്ങിയ ചിത്രങ്ങള്‍ കൂട്ടത്തോടെ റിലീസിനെത്തിയ നവംബര്‍ 22 ആയിരുന്നു ടര്‍ക്കിഷ് തര്‍ക്കവും പ്രേക്ഷകരിലേക്കെത്തിയത്. ഭീഷ്മപര്‍വ്വം, ആന്റണി, ട്രാന്‍സ്, പുഴു ഉള്‍പ്പടെ മലയാളത്തില്‍ മതനിന്ദയുടെ പേരില്‍ ചെറുതോ വലുതോ ആയ വിമര്‍ശനങ്ങള്‍ക്ക് ഇരയായ ചിത്രങ്ങള്‍ നിരവധിയാണ്. എന്നാല്‍ ശൂന്യതയില്‍ നിന്നുണ്ടായ ആരോപണങ്ങളും അതിന്റെ പുറത്തുനിന്നുണ്ടാകുന്ന തുടര്‍ നടപടികളും മലയാള സിനിമയില്‍ ഇതാദ്യമാണ്. അഞ്ചു ദിവസ്സത്തിനിപ്പുറം ഒരാളും റിവ്യൂ പറയാത്ത, ചര്‍ച്ചകളുടെ വെട്ടം കാണാത്ത ചിത്രം തികയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നത് മലയാളം സിനിമയില്‍ തന്നെ പുതുമയായി. 

സിനിമാ റിലീസിനെത്തുന്നതിന് ദിവസ്സങ്ങള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും നല്‍കുന്ന  അഭിമുഖങ്ങള്‍ ചിത്രത്തിന് വലിയ രീതിയിലുള്ള പബ്ലിസിറ്റി നല്‍കാറുണ്ട്. മഞ്ഞുമ്മല്‍ ബോയിസ് മലയാള സിനിമയുടെ സീന്‍ മാറ്റുമെന്ന് സുഷിന്‍ ശ്യാം  അഭിമുഖത്തില്‍ പറയുന്നതും, ഇന്‍സ്റ്റ്ഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരുമായി കൊളാബൊറേറ്റ് ചെയ്ത് രസകരമായ റീലുകള്‍ പുറത്തിറക്കുന്നതും പബ്ലിക് റിലേഷന്‍സില്‍ വന്ന പുതിയകാല മാറ്റങ്ങളാണ്. ആറര കോടി മുടക്കി ചിത്രീകരിച്ച സിനിമ വിജയംനേടാനായി ഇല്ലാത്ത മതനിന്ദ കെട്ടിച്ചമക്കുകയാണ് ടര്‍ക്കിഷ് തര്‍ക്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തതെങ്കില്‍ അത് തീര്‍ത്തും ബാലിശമാണ്.

Inshort- A video of a heated argument between actors Sunny Wayne and Lukman became viral, showing them trying to physically fight and exchange insults. Onlookers attempted to intervene and calm them down. The video, which was shared by an unknown source, was later revealed to be part of the promotional strategy for the movie Turkish Tharkkam. After the film's release, the producer and director disclosed that they received threats due to the movie's theme involving religious defamation. However, the director Nawaz Suleiman and producer Nadir Khalid announced the film's withdrawal. Both Lukman and Sunny Wayne later clarified that they did not face any threats. This raised questions about who the threats were directed at and whether the entire incident was a promotional stunt.