രാജ്യത്തിന് അഭിമാനം, ശത്രുക്കൾക്ക് പേടിസ്വപ്നം; കശ്മീരിന് സുരക്ഷിത യാത്രയുടെ പുതിയ വേഗം
ഭീകരവാദികൾ തകർക്കാൻ ലക്ഷ്യമിട്ട കശ്മീർ താഴ്വരയിലെ ഇന്ത്യയുടെ അഭിമാന പദ്ധതി. അതിർത്തിയിലെ പ്രതിരോധ നീക്കത്തിനും ടൂറിസത്തിനും ഒരുപോലെ മുതൽക്കൂട്ടാകുന്ന തന്ത്രപ്രധാനമായ തുരങ്കപാത. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം രാജ്യത്തിന് സമർപ്പിച്ച സോനാമാർഗ് തുരങ്കം അഥവാ Z-മോർ തുരങ്കം. ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഗന്ദർബാൽ ജില്ലയിലെ ഗഗൻഗിറിനെയും സോനാമാർഗിനെയും ബന്ധിപ്പിച്ചുള്ള തുരങ്കപാത യാഥാർഥ്യമായതോടെ കശ്മീരിന് സ്വന്തമായത് സുരക്ഷിതയാത്രയുടെ പുതിയ വേഗം.
എൻജിനിയറിങ് വിസ്മയം, ചെലവ് 2700 കോടി
അത്യാധുനിക സാങ്കേതിക വിദ്യകളോടെ നിർമിച്ച എൻജിനിയറിങ് വിസ്മയങ്ങളിലൊന്ന്. സമുദ്രനിരപ്പിൽനിന്ന് 8650 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തുരങ്കത്തിന് 6.5 കിലോമീറ്ററാണ് ദൂരം. ഇത്രയും ദൂരം പിന്നിടാനായി വേണ്ടത് 15 മിനിറ്റ് മാത്രം. ദുർഘടമായ പഴയ റോഡിലൂടെ മണിക്കൂറുകളോളം എടുത്ത യാത്രയാണ് 15 മിനിറ്റിലേക്ക് ചുരുങ്ങുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ 1000 വാഹനങ്ങൾക്ക് വരെ ഇതിനുള്ളിലൂടെ കടന്നുപോകാം. രണ്ടുവരി തുരങ്കപാതയോട് ചേർന്ന് അടിയന്തര ഘട്ടത്തിൽ രക്ഷപ്പെടാനായി ഏഴര മീറ്റർ വീതിയുള്ള സമാന്തര പാതയുമുണ്ട്. ദുർബലമായ ഹിമാലയൻ മേഖലയിലെ വെല്ലുവിളികൾ കണക്കിലെടുത്ത് ആധുനിക ഓസ്ട്രിയൻ ടണലിങ് രീതിയിലാണ് തുരങ്കം നിർമിച്ചത്. ഇതിന്റെ നിർമാണത്തിനായി ആകെ ചെലവായ തുകയാകട്ടെ 2700 കോടി രൂപയും.
പേടി വേണ്ട, വർഷം മുഴുവൻ യാത്ര സാധ്യം
മഞ്ഞിൽക്കുളിച്ച ജമ്മുകശ്മീർ കാണാനെത്തുന്ന വിനോദസഞ്ചരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് സോനാമാർഗ്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്ന്. എന്നാൽ നിലവിലുള്ള റോഡ് മാർഗം ഇവിടേക്കുള്ള യാത്ര മിക്കപ്പോഴും ഹിമപാതവും മണ്ണിടിച്ചിലും മൂലം ദുസ്സഹമായിരുന്നു. മഞ്ഞുകാലത്ത് ഗതാഗതം തടസ്സപ്പെടുന്നതും പതിവ്. അപകടസാധ്യത കണക്കിലെടുത്ത് പല മാസങ്ങളിലും റോഡ് അടയ്ക്കും. ഇങ്ങനെ വലിയ പ്രതിസന്ധി നേരിട്ട കശ്മീരിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുന്നതാണ് പുതിയ തുരങ്കം.
ലഡാക്കിലേക്ക് ഏതുകാലാവസ്ഥയിലും യാത്ര സാധ്യമാകും എന്നതാണ് പുതിയ തുരങ്കപാതയുടെ പ്രധാന പ്രത്യേകത. യാത്ര പാതിവഴിയിൽ മുടങ്ങുമോയെന്ന് പേടിക്കാതെ സഞ്ചരികൾക്ക് ഇനി വർഷത്തിൽ എപ്പോൾ വേണമെങ്കിലും സോനാമാർഗിലേക്കെത്താം. തടസ്സമൊന്നുമില്ലാതെ തിരിച്ചുംപോകാം. എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ ടൂറിസ്റ്റ് കേന്ദ്രമായി മാറുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതലും ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന പ്രദേശവാസികൾക്ക് സാമ്പത്തികമായും ഇത് വലിയ നേട്ടമാകും.
ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന തുരങ്കം
ടൂറിസം മേഖലയ്ക്ക് മാത്രമല്ല രാജ്യസുരക്ഷയ്ക്കും ഏറെ മുതൽക്കൂട്ടാണ് പുതിയ തുരങ്കം. പാകിസ്താനും ചൈനയും നിരന്തരം അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സൈനിക വ്യന്യാസത്തിനുള്ള മുഖ്യ ഇടനാഴിയായി ഇനി പാത മാറും.
സാധാരണ മഞ്ഞുവീഴ്ചയുണ്ടാകുമ്പോൾ ലഡാക്ക്, മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. ഇത് പലപ്പോഴും സൈനിക നീക്കങ്ങൾക്കും തടസ്സം സൃഷ്ടിച്ചു. ഇത്തരം സാഹചര്യങ്ങളിലും ശത്രുരാജ്യങ്ങളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടാകുമ്പോഴും വ്യോമസേന വിമാനങ്ങളിലാണ് സൈനികരേയും മറ്റ് സന്നാഹങ്ങളും അതിർത്തിയിലേക്ക് എത്തിക്കുന്നത്. ഇതിന് പണച്ചെലവ് ഏറെയാണ്. എന്നാൽ തുരങ്കം സജ്ജമായതോടെ ഇത്തരം പാഴ്ച്ചെലവുകൾ കുറച്ച് കൂടുതൽ സൈനികരെ വളരെ വേഗത്തിൽ അതിർത്തിയിലേക്ക് വ്യന്യസിക്കാനാകും. പ്രതികൂല കാലാവസ്ഥകളിൽ പോലും സഞ്ചാരം തടസ്സപ്പെടുകയുമില്ല.
അതുകൊണ്ട് തന്നെ പുതിയ തുരങ്കം ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുമെന്ന കാര്യത്തിലും സംശയമില്ല. കഴിഞ്ഞ വർഷം ഒക്ടോബറിൽ തുരങ്കത്തെ ലക്ഷ്യംവെച്ച് നടന്ന തീവ്രവാദ ആക്രമണവും ഇതിനോട് കൂട്ടിവായിക്കാം. തുരങ്ക നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായ ഏഴ് പേർ അന്ന് കൊല്ലപ്പെട്ടു. ആപ്കോ ഇൻഫ്രാടെക് എന്ന കമ്പനിയുടെ ഭാഗമായ ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് അന്ന് ഭീകരരുടെ തോക്കിനിരയായത്. കശ്മീരിലെ ഒരു വൻകിട പ്രൊജക്ടിന് നേരെയുണ്ടാകുന്ന ആദ്യത്തെ ഭീകരാക്രമണമായിരുന്നു അത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് പാകിസ്താൻ ആസ്ഥാനമായ ദി റെസിറ്റൻസ് ഫ്രണ്ട് ഏറ്റെടുക്കുകയും ചെയ്തു.
അടിമുടി മാറ്റത്തിലേക്ക് കശ്മീർ
ഇംഗ്ലീഷ് അക്ഷരം Z-ന്റെ ആകൃതിയിലായിരുന്നു നേരത്തെ ഇവിടെയുള്ള റോഡ്. മോർ എന്നതിന് ഹിന്ദിയിൽ വളവ് എന്നാണ് അർഥം. അങ്ങനെയാണ് Z-മോർ തുരങ്കം എന്ന പേര് ഇതിന് വന്നത്. 2012-ൽ ബോർഡർ റോഡ് ഓർഗനൈസേഷനാണ് ഇത്തരമൊരു തുരങ്ക പാതയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അന്നത്തെ കേന്ദ്ര ഗതാഗത മന്ത്രി സിപി ജോഷിയാണ് തുരങ്കത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രാഹുൽ ഗാന്ധിയും അന്ന് ചടങ്ങിൽ പങ്കെടുത്തിരുന്നു. പിന്നീട് 2015-ൽ നിർമാണം തുടങ്ങി. കഠിനമായ കാലാവസ്ഥയും ദുർഘടമായ ഹിമാലയൻ ഭൂപ്രകൃതിയും കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള കാരണങ്ങൾ നിർമാണം നീണ്ടുപോകാനും കാരണമായി. ഒടുവിൽ ഒരു പതിറ്റാണ്ടോളമെടുത്തു രാജ്യത്തിന്റെ തന്ത്രപ്രധാനമായ തുരങ്ക പാത പൂർത്തിയാക്കാൻ.
അതേസമയം തുരങ്ക പാതയുടെ ഉദ്ഘാടനം വൈകിയതിൽ കോൺഗ്രസ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് സർക്കാർ പദ്ധതി ആരംഭിക്കുകയും ധനസഹായം നൽകുകയും ചെയ്തപ്പോൾ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഉദ്ഘാടനം ചെയ്യാൻ കൂടുതൽ സമയം എടുത്തെന്നായിരുന്നു കോൺഗ്രസ് വക്താവ് രവീന്ദർ ശർമ്മയുടെ വിമർശനം. രാഹുൽ ഗാന്ധിയും സിപി ജോഷിയും പങ്കെടുത്ത തുരങ്കം ശിലാസ്ഥാപനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ജമ്മു കശ്മീർ കോൺഗ്രസ് അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. എന്നാൽ കോൺഗ്രസ് പദ്ധതി ആരംഭിക്കാറേയുള്ളൂ, ഒന്നും പൂർത്തിയാക്കില്ലെന്ന് പറഞ്ഞ് മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവിന്ദർ ഗുപ്ത ഇതിന് മറുപടി നൽകി.
രാജ്യത്തിന് ഏറെ നിർണായകമായ സോജിലാ തുരങ്കപദ്ധതിയുടെ ഭാഗമാണ് സോനാമാർഗ് പാതയും. 13.2 കിലോമീറ്റർ നീളത്തിലുള്ള സോജിലാ പാതയുടെ നിർമാണം 2028-ൽ പൂർത്തിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവ രണ്ടും ബന്ധിപ്പിക്കുന്നതോടെ കശ്മീരിന്റെ വികസനം പുതിയ തലത്തിലേക്കെത്തും. ശ്രീനഗറിൽനിന്ന് ലാഡക്കിലേക്കുള്ള ദൂരവും കുറയും. അതിർത്തിയിൽ ശത്രുരാജ്യങ്ങൾ നിരന്തരമായി ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് കശ്മീരിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുമാകും.
In Short | The Z-Morh Tunnel, a 6.5 km engineering marvel in Kashmir, was recently inaugurated by Prime Minister Narendra Modi. Built at an altitude of 8,650 feet with a cost of ₹2,700 crore, this all-weather tunnel connects Sonamarg and Gagangir, drastically reducing travel time and ensuring year-round access. It boosts tourism in the snow-clad region while enhancing India's border defense capabilities against threats from Pakistan and China. Part of the Zoji La project, this tunnel marks a transformative step for Kashmir’s connectivity, safety, and economic growth.
Content Highlights: sonamarg tunnel a game changer for indias boarder security and kashmir tourism
Published: 16 Jan 2025, 10:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented