നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ, 2022-ഒക്ടോബറിൽ ശതകോടീശ്വരനായ ഇലോൺ മസ്ക് ഹ്രസ്വ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റർ എറ്റെടുക്കുന്നു. ട്വിറ്റർ ഏറ്റെടുത്ത് ആറാഴ്ചക്കുള്ളിൽ മസ്ക് തന്റെ കമ്പനിയിലെ ഫിനാൻസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചു. കമ്പനിയിലെ ചെലവ് വിവരങ്ങളെക്കുറിച്ചുള്ള പരിശോധനയായിരുന്നു ലക്ഷ്യം. സ്പ്രെഡ്ഷീറ്റ് പരിശോധിച്ച അദ്ദേഹം ഓരോന്നിനും വിശദീകരണം ചോദിച്ചുകൊണ്ടേയിരുന്നു. ചിലരോടോക്കെ നേരിട്ട് വിശദീകരണം ചോദിച്ചു. ആറ് മണിക്കൂറോളം നീണ്ട യോഗം. ജീവനക്കാരോട് ഓരോ ചിലവ് വിവരങ്ങളും വിശദീകരിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളടക്കം അധികചെലവാണെന്നും അത് വെട്ടിച്ചുരുക്കണമെന്നും യോഗത്തിൽ വെച്ച് തന്നെ ഉത്തരവിട്ടു. താൻ ഏറ്റെടുത്ത കമ്പനിയിലെ ചെലവ് ചുരുക്കലിനുള്ള ആദ്യപടിയായിരുന്നു ഈ യോഗം.

To advertise here,

അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ട്രംപ് അധികാരത്തിലെത്തുമ്പോൾ ഏവരും ഉറ്റുനോക്കിയതും ഇലോൺ മസ്കിന്റെ വകുപ്പിനെയായിരുന്നു. ഫെഡറൽ ഗവൺമെന്റിന്റെ ചെലവ് കുറയ്ക്കാനുള്ള പുതുവഴികൾ കണ്ടെത്തുക എന്നതായിരുന്നു ശതകോടീശ്വരനായ മസ്കിന്റെ ജോലി. വിശാലവും അവ്യക്തവുമായ രീതിയിലുള്ള അധികാരം മസ്കിൽ എത്തുമ്പോൾ ഇനി എന്ത് സംഭവിക്കും എന്നായിരുന്നു അമേരിക്കൻ ജനതയുടെ ആശങ്ക. പേടിച്ചതുപോലെത്തന്നെ സംഭവിച്ചു, മസ്ക് പണി തുടങ്ങി. 

ആദ്യപടിയെന്നോണം, എല്ലാ സർക്കാർ ഏജൻസികളേയും ഒഴിവാക്കുക എന്നതായിരുന്നു മസ്കിന്റെ നിർദ്ദേശം. ഫെഡറൽ ഗവൺമെന്റിന്റെ വലിപ്പം കുറക്കുന്നതിനുള്ള നീക്കമെന്നാണ് ട്രംപിന്റേയും മസ്കിന്റെ വിശദീകരണം. ഇതിനകം തന്നെ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ഇന്റീരിയർ, എനർജി, വെറ്ററൻസ് അഫയേഴ്സ്, ഹെൽത്ത് ആൻ ഹ്യൂമന്‍ സർവീസ് തുടങ്ങിയ വകുപ്പുകളിൽ നിന്നായിരുന്നു ആദ്യ വെട്ടിച്ചുരുക്കൽ ആരംഭിച്ചത്. വരും ദിവസങ്ങളിൽ ഇത് വൻതോതിൽ തുടരുമെന്നാണ് കണക്കുകൂട്ടുന്നത്.

'സാധനസാമഗ്രികളുമായി ഓഫീസ് വിട്ടിറങ്ങണം'

യു.എസ്. ആഭ്യന്തര വകുപ്പിന് കീഴില്‍ പൊതുസ്ഥലങ്ങളുടെ പരിപാലനം, നാഷണല്‍ പാര്‍ക്കുകളും നിയന്ത്രണം, ഗ്യാസ് ലീസിങ് പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലയില്‍ തൊഴിലെടുത്തിരുന്ന 2300 ആളുകളെയാണ് വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ടിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളാണ് ട്രംപിന്റെ ഈ നീക്കത്തിനെതിരേ ഉയര്‍ന്നിരിക്കുന്നത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് കൂടുതല്‍ ആളുകളും പരാതിപ്പെടുന്നത്.

മൈക്രോസോഫ്റ്റ് ടീമിന്റെ ഗ്രൂപ്പ് കോളുകളിലൂടെയും മുന്‍കൂട്ടി തയ്യാറാക്കിയ മെസേജുകള്‍ വഴിയുമാണ് പുറത്താക്കി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചത്. ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള  സാധനസാമഗ്രികള്‍ എല്ലാം പാക്കുചെയ്ത് 30 മിനിറ്റിനുള്ളില്‍ ഓഫീസ് വിടണമെന്നാണ് അറിയിപ്പ് ലഭിച്ചത്. പിരിച്ചുവിടുന്നുണ്ടെങ്കില്‍ ആ വിവരം ഇ-മെയിലില്‍ മുന്‍കൂട്ടി അറിയിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും അത്തരത്തില്‍ യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് സി.എന്‍.എന്‍.റിപ്പോര്‍ട്ട് ചെയ്തത്.

ജീവനക്കാരോടുള്ള നീതി നിഷേധമാണ് നടന്നിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ് മേധാവി എവററ്റ് കെല്ലി പറയുന്നത്. തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട എല്ലാ നടപടി ക്രമങ്ങളും നിഷേധിക്കപ്പെട്ടു. മുന്‍കൂട്ടിയുള്ള യാതൊരു അറിയിപ്പും നല്‍കാതെ, നിയമം അനുശാസിക്കുന്ന ഒരു നടപടികളും സ്വീകരിക്കാതെയാണ് ജീവനക്കാരെ കൂട്ടമായി പുറത്താക്കിയിരിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്.

സർക്കാർ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു

സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഗവണ്‍മെന്റ് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നത്. ട്രംപും അദ്ദേഹത്തിന്റെ ഉപദേശകനായ ഇലോണ്‍ മസ്‌കും കൂടിച്ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും അടുത്ത ആഴ്ചയോടെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കോർപ്പറേറ്റ് ഭരണം സർക്കാരിലേക്ക്

ട്വിറ്റർ ഏറ്റെടുത്തപ്പോൾ എന്താണ് താൻ തന്റെ കമ്പനിയിൽ ചെയ്തത്, അതിന് സമാനരീതിയാണ് ഇപ്പോൾ സർക്കാർ തലത്തിലും ഇലോൺ മസ്ക് നടത്തിക്കൊണ്ടിരിക്കുന്നത്.

നീണ്ട നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് 44 ബില്യൺ ഡോളറിനായിരുന്നു ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. "ട്വിറ്റർ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നു, എല്ലാം ഒന്നിക്കട്ടെ" - എന്ന അടിക്കുറിപ്പോടെ, കൈയിൽ ഒരു സിങ്കുമേന്തി നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മസ്ക് കമ്പനി ഏറ്റെടുത്ത കാര്യം പ്രഖ്യാപിച്ചത്. കമ്പനിയുടെ അധികാരം തന്റെ കൈയിൽ എത്തിയതിനു പിന്നാലെ പലതരത്തിലുള്ള കിറുക്കൻ മാറ്റങ്ങൾക്കും സാൻഫ്രാൻസിസ്കോയിലെ കമ്പനി ആസ്ഥാനം സാക്ഷ്യം വഹിച്ചു.  ട്വിറ്റർ എന്ന പേര് മാറ്റി എക്സ് എന്നാക്കിയതായിരുന്നു അതിൽ ഒന്ന്. ട്വിറ്റർ ലോഗോയിലെ നീലക്കിളിയെ മാറ്റി ഡോഗ്കോയിൻ എന്ന പേരിലുള്ള ക്രിപ്റ്റോ കറൻസിയുടെ  ഡോഗ് മീം ലോഗോ ആക്കിയതും മറ്റൊരു മാറ്റം. എന്നാൽ പിന്നീട് ഇത് മാറ്റി ലോഗോ എക്സ് ആക്കി. 

placeholder
ട്വിറ്റർ ആസ്ഥാനത്ത് ഇലോൺ മസ്ക് സിങ്കുമായി പ്രവേശിച്ചപ്പോൾ | Photo: Screengrab

എന്നാൽ ഇലോൺ മസ്കിന്റെ വരവ്, കമ്പനി ജീവനക്കാർക്ക് സന്തോഷിക്കാനുള്ള വക നൽകുന്നതായിരുന്നില്ല. തുടർന്നങ്ങോട്ട് ആശങ്കയുടെ നാളുകളായിരുന്നു. ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമായി പലരുടേയും ജോലി തെറിച്ചു. നിരവധി പേർ സമ്മർദ്ദം താങ്ങാനാകാതെ ജോലി രാജിവെച്ചു. മസ്ക് കമ്പനി ഏറ്റെടുത്ത് ഒരു മാസത്തിനിടെ അയ്യായിരത്തിലധികം ജീവനക്കാരെയാണ് പുറത്താക്കിയത്.

ജോലിക്കാർക്ക് മാത്രമായിരുന്നില്ല, കമ്പനിയുടെ ഉയർന്ന സ്ഥാനം വഹിച്ചിരുന്നവരുടേയും ജോലി തെറിച്ചു. അതിൽ പ്രധാനപ്പെട്ട ആളായിരുന്നു ട്വിറ്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായിരുന്ന പരാഗ് അഗര്‍വാളിനെ പുറത്താക്കിയത്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, പോളിസി ചീഫ് വിജയ ഗദ്ദെ ഉൾപ്പെടെയുള്ളവരേയും ഇലോൺ മസ്ക് പുറത്താക്കിയിരുന്നു.

"കൂടുതൽ പണം സമ്പാദിക്കാനല്ല, മനുഷ്യരാശിയെ സഹായിക്കാനാണ് ട്വിറ്റർ വാങ്ങിയത്"  - എന്നായിരുന്നു ഇലോൺ മസ്കിന്റെ അവകാശവാദം. എന്നാൽ പറഞ്ഞ വാക്കുകളും പ്രവർത്തനങ്ങളും നേർവിപരീതമായിരുന്നു. തൊഴിലാളികളെ പിരിച്ച് വിട്ട് ചെലവ് കുറക്കുക, സബ്സ്ക്രിപ്ഷനിലൂടെ വരുമാനത്തിന്റെ ഭൂരിഭാഗവും കണ്ടെത്തുക, പരസ്യങ്ങളിലൂടെ വരുമാനം കണ്ടെത്തുക- തുടങ്ങിയ  പദ്ധതികളുമായി മസ്ക് മുമ്പോട്ട് പോയി. 

ടോയ്ലറ്റ് പേപ്പറിന്റെ കാര്യത്തിൽ പോലും പിശുക്ക്

ടോയ്ലറ്റ് പേപ്പറിന്റെ കാര്യത്തിൽ പോലും പിശുക്കി, ചെലവ് ചുരുക്കൽ നടപടികളുമായി മുമ്പോട്ട് പോയ ആളാണ് മസ്ക്. ഇക്കാര്യം കമ്പനി ജീവനക്കാർ തന്നെ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ഇപ്പോൾ അമേരിക്കൻ ജനത നേരിടുന്നതും ട്വിറ്റർ ജീവനക്കാരുടേതിന് സമാനമായ സാഹചര്യമാണ്. ഇതിനകം തന്നെ നിരവധി സർക്കാർ ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. പലർക്കും മുന്നറിയിപ്പും ലഭിച്ചു കഴിഞ്ഞു. 

placeholder
ട്വിറ്റർ ആസ്ഥാനത്തെ ടോയ്ലറ്റ് പേപ്പറുമായി ബന്ധപ്പെട്ട് ന്യൂയോർക് പോസ്റ്റ് പങ്കുവെച്ച വാർത്ത

“ചില ഏജൻസികളെ നിലനിർത്തി ചിലതിനെ ഇല്ലാതാക്കുന്നതിനോട് യോജിക്കുന്നില്ല. കളയുടെ അടിവേരുവരെ പറിച്ചുമാറ്റിയില്ലെങ്കിൽ അത് വീണ്ടും വളരും” -അതുകൊണ്ട് എല്ലാ ഏജൻസികളേയും ഒഴിവാക്കൂ എന്നായിരുന്നു മസ്ക് ട്രംപിനോട് ആവശ്യപ്പെട്ടത്. വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരോട് എട്ടുമാസത്തെ ശമ്പളത്തിനു പകരമായി ജോലി രാജിവെക്കാൻ സന്നദ്ധരാകാൻ ട്രംപ് സർക്കാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അമേരിക്കയിലെ ചെലവുചുരുക്കൽ

ചെലവുചുരുക്കിയില്ലെങ്കിൽ യു.എസ്. പാപ്പരാകുമെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾട് ട്രംപിനൊപ്പമിരുന്ന് ഇലോൺ മസ്ക് പ്രതികരിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 1.8 ലക്ഷം കോടി ഡോളറിന് മുകളിലെത്തിയ ബജറ്റ് കമ്മി ചൂണ്ടിക്കാട്ടിയാണ് മസ്ക് ഇക്കാര്യംപറഞ്ഞത്. വൈറ്റ്ഹൗസിന്റെ ചെലവുചുരുക്കൽ നടപടികളുടെ നിയമസാധുതയെ ഫെഡറൽ കോടതി ജഡ്ജിമാർ ചോദ്യംചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മസ്കിന്റെ പ്രതികരണം. ഫെഡറൽ ഏജൻസികൾ പൂട്ടുകയും ജീവനക്കാരെ പിരിച്ചുവിടുകയുംചെയ്ത ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരേ പല സംസ്ഥാനങ്ങളിലും നിയമപോരാട്ടം തുടങ്ങിയിട്ടുണ്ട്. അധികാരമേറ്റതിനുപിന്നാലെ ചെലവുചുരുക്കലിന്റെ ഭാഗമായി വിവിധ പദ്ധതികൾക്കും ഏജൻസികൾക്കുമുള്ള ഫെഡറൽ സഹായം നിർത്തിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരുന്നു.

മുന്നറിയിപ്പില്ലാതെ ഏജൻസികളെ പിരിച്ചുവിടുന്നു

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വാഷിങ്ടൺ ഡിസിയിലെ വാച്ച് ഡോഗ് ആസ്ഥാനം അടച്ചിടാൻ നിർദേശം നൽകിയത്. വിദൂരമായി പ്രവർത്തിക്കണമെന്നാണ് കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയിലെ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. ഇതിന് പിന്നാലെ സി.എഫ്.പി.ബി. ആർ.ഐ.പി. എന്ന് മസ്ക് എക്സ് പ്ലാറ്റ്ഫോമിൽ കുറിക്കുകയും ചെയ്തു. 

placeholder

വളരെക്കാലമായി ജിഒപി റഡാറിൽ ഉണ്ടായിരുന്ന ഏജൻസിയാണ് യെ.എസ്.എ.ഐ.ഡി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ രക്ഷിക്കുകയും പതിറ്റാണ്ടുകളായി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഏജൻസിയാണ് ഇത്. ഈ ഏജൻസിക്കും മസ്ക് കടക്കൽ കത്തിവെച്ചു. ഒരു ഭ്രാന്തൻ സ്ഥാപനം, വലിയ അഴിമതി എന്നായിരുന്നു യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. ഏജൻസിക്കുള്ള ഫണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തിരുന്നു.

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയോടുള്ള എതിർപ്പ് നേരത്തെ തന്നെ ഇലോൺ മസ്കും ട്രംപും വ്യക്തമാക്കിയതാണ്. അമേരിക്കയിൽ ഔദ്യോഗിക നയമനുസരിച്ച് ആണും പെണ്ണും മാത്രമാണ് ഉണ്ടാവുക എന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. അധികാരമേറ്റെടുത്തതിനുപിന്നാലെ ലിംഗ വൈവിധ്യത്തിനെതിരേ മുന്നറിയിപ്പും നൽകിയിരുന്നു.

ട്രംപ് ഭരണത്തിൽ പിടിമുറുക്കുന്ന ഇലോൺ മസ്ക്

തിരഞ്ഞെടുപ്പിലെ വൻവിജയത്തിന് പിന്നാലെ കോടീശ്വരനായ കോർപ്പറേറ്റ് മുതലാളി സർക്കാരിൽ അതിശക്തമായി പിടിമുറുക്കുന്ന കാഴ്ചയാണ് കാണുന്നത്. തിരഞ്ഞെടുക്കപ്പെടാതെ തന്നെ ട്രംപ് സർക്കാരിൽ അധികാരത്തിലെത്തിയ മസ്കിന്റെ പങ്ക് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ആൾ സർക്കാർ ജീവനക്കാരെ പിരിച്ചുവിടുന്നു, സസ്പെൻഡ് ചെയ്യുന്നു, ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ സ്വകാര്യ വിവരങ്ങളടക്കം കൈയടിക്കുന്നു- അതും യാതൊരു ഉത്തരവാദിത്വവുമില്ലാതെ തന്നെ. ഇത് എവിടം ചെന്നവസാനിക്കും എന്ന തരത്തിലുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം തന്നെ ഉയർന്നു വന്നിട്ടുണ്ട്. 

ഒരുകാലത്ത് താമസിക്കുന്ന അപാർട്മെന്റിന്റെ പണം ലാഭിക്കാൻ സിലിക്കൺ വാലിയിലെ തന്റെ ഓഫീസിൽ തന്നെ ഉറങ്ങിയ ചരിത്രം ഇലോൺ മസ്കിനുണ്ട്. 1995- കാലത്തായിരുന്നു ഇത്. സിലിക്കൺ വാലിയിൽ സിപ്പ് 2 എന്ന പേരിൽ പത്രങ്ങൾക്കായുള്ള സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച ശേഷമായിരുന്നു ഇത്. തൊട്ടടുത്തുള്ള വൈഎംസിഎയിൽ നിന്നായിരുന്നു അദ്ദേഹം കുളിയും മറ്റു ദിനചര്യകളും ചെയ്തിരുന്നത്.

placeholder

മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്നിലെ ജനജീവിതം

മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ ക്യാമ്പയിനുമായി തിരഞ്ഞെടുപ്പിൽ നിറഞ്ഞു നിന്ന ട്രംപ് അധികാരത്തിലെത്തി. വോട്ട് ചെയ്ത ജനം ട്രംപിന്റെ ജയത്തിൽ അമി
താഹ്ലാദം പ്രകടിപ്പിച്ചു. എന്നാൽ അത് അധികം നീണ്ടു നിന്നില്ല. സർക്കാരിന് കീഴിലുള്ള ഏജൻസികളെ ഒഴിവാക്കുന്നു, സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചു വിടുന്നു... അയൽ രാജ്യങ്ങൾക്കും ട്രംപ് ഭരണത്തിൽ രക്ഷയില്ലെന്നായി... 

ട്രംപിന്റെ രണ്ടാം ഭരണതുടക്കത്തിൽ അമേരിക്കൻ ജനതയ്ക്ക് അത്ര സുഖമുള്ള അനുഭവങ്ങളല്ല സർക്കാരിൽ നിന്ന് ഏൽക്കേണ്ടി വരുന്നത്. കോർപ്പറേറ്റ് സെറ്റപ്പിലുള്ള കമ്പനിയെ പോലെ ഭരണചക്രം തിരിക്കാനാണ് ഇലോൺ മസ്കും ട്രംപും ശ്രമിക്കുന്നത്. ഇലോൺ മസ്കിന്റെ ചെയ്തികളില്‍ അഭിമാനിക്കുന്ന ട്രംപ് അമേരിക്കൻ ജനതയ്ക്ക് ഇനി എന്തൊക്കെയാണ് കാത്തുവെച്ചിരിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.