വാട്സ്അപ്പ് പേ ഇനി പോപ്പുലറാകുമോ? ഭീമന്മാരെ നയിക്കാൻ വീണ്ടുമൊരു ഇന്ത്യക്കാരൻ എത്തുമ്പോൾ
ആഗോള ടെക് ഭീമന്മാരെ നയിക്കാൻ വീണ്ടും ഒരു ഇന്ത്യക്കാരൻ. അതും ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മെസേജിങ്ങ് ആപ്പിന്റെ തലപ്പത്ത്. വാട്സ്ആപ്പിനെ ഇനി നയിക്കുക ക്രെഡ് സ്ഥാപകൻ കുണാൽ ഷാ. സത്യ നാദെല്ലെ, സുന്ദർ പിച്ചെ, നീൽ മോഹൻ തുടങ്ങിയവരുടെ നിരയിലേക്ക് അടുത്തയാൾ..
ബിൽ പെയ്മെന്റുകൾക്ക് നമ്മളിലേറെ പേർ ആശ്രയിക്കുന്ന ക്രെഡിൽ മെറ്റ 90 കോടി ഡോളറിൻ്റെ മൂലധന നിക്ഷേപമാണ് നടത്തുന്നത്. ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് എളുപ്പമാക്കുന്ന ക്രെഡിന് 450 കോടി ഡോളർ മൂല്യം നൽകുന്ന ഇടപാട്. ക്രെഡിന്റെ ഏതാണ്ട് 20 ശതമാനം ഓഹരി ഇനി മെറ്റയ്ക്ക് സ്വന്തം. വാട്സ്ആപ്പിന്റെ തലപ്പത്തേക്ക് കുണാൽ ഷാ എത്തുന്നത് അങ്ങനെയാണ്.
വാട്സ്ആപ്പിനെ മെസേജിങ്ങ് ആപ്പ് എന്നതിനപ്പുറത്തേക്ക് നയിക്കുകയാവും കുണാലിനുള്ള പ്രധാന ടാസ്ക്. വാട്സ് ആപ് പണമിടപാടുകൾക്കുള്ള വഴി തുറന്നെങ്കിലും വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. വലിയൊരു ബിസിനസ് വളർച്ച കൈവരിക്കുന്ന ഘട്ടത്തിലെ സുപ്രധാന നിയമനമായാണ് ടെക് ലോകം ഈ മാറ്റത്തെ നോക്കിക്കാണുന്നത്. ഇന്ത്യയിൽ കളമറിഞ്ഞ് കളിക്കാനുള്ള മെറ്റയുടെ നീക്കമാണിത്. ഡിജിറ്റൽ പേയ്‌മെന്റുകൾ, ഓൺലൈൻ കൊമേഴ്സിന്റെ ഭാവി എന്നിവ മുന്നിൽ കണ്ടുള്ള തന്ത്രം. എന്തുകൊണ്ട് ക്രെഡ്, എന്തുകൊണ്ട് കുണാൽ ഷാ? വാട്സ്ആപ്പിന്റെ തലപ്പത്തേക്ക് കൂടി ഒരു ഇന്ത്യക്കാരൻ എത്തുമ്പോൾ ടെക് ലോകം ഇന്ത്യൻ വംശജർ ഭരിക്കുകയാണോ?
എന്തുകൊണ്ട് ക്രെഡ്?
ഇന്ത്യയിലെ ഏറ്റവും വലിയ ഫിൻടെക് കമ്പനിയല്ല. യുപിഐ ഇടപാടുകളിൽ ആധിപത്യമില്ല. കോടിക്കണക്കിന് ഉപയോക്താക്കളില്ല. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നതിന് ആളുകൾക്ക് പ്രതിഫലം നൽകുന്ന ആപ്പ് എന്ന് മാത്രമേ മിക്ക ഇന്ത്യക്കാർക്ക് പോലും ഇപ്പോഴും ക്രെഡിനെ കുറിച്ച് അറിയൂ. ഒറ്റനോട്ടത്തിൽ, CRED ഒരു നല്ല ഓപ്ഷനാണോ എന്നുപോലും സംശയിക്കും.
മികച്ച ക്രെഡിറ്റ് ഹിസ്റ്ററിയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ട് 2018-ൽ തുടങ്ങിയതാണ് ക്രെഡ്. ആദ്യമൊരു ബിൽ പേയ്‌മെന്റ് ആപ്പ് ആയിരുന്നു. പിന്നീട് വായ്പകൾ, യുപിഐ പേയ്‌മെന്റുകൾ, ഇൻഷുറൻസ്, സമ്പാദ്യ പദ്ധതികൾ എന്നിവയെല്ലാം നൽകാൻ തുടങ്ങി. ഇന്ന് ക്രെഡിന് മാസം ശരാശരി 1.7 കോടി ഇടപാടുകാരുണ്ട്. ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ്റിൻ്റെ 40 ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്നുണ്ട്. 3,200 കോടി രൂപയാണ് വാർഷിക വരുമാനം.
ക്രെഡിന്റെ ഉപയോക്താക്കൾ തന്നെയാണ് ക്രെഡിന്റെ ഹൈലൈറ്റും. എല്ലാവരും എന്നതിന് പകരം സാമ്പത്തികമായി സജീവമായ, ക്രെഡിറ്റ് കാർഡുകൾ സ്വന്തമായുള്ള, ഓൺലൈനായി പണം ചിലവഴിക്കുന്ന ഒരു 'പ്രീമിയം' വിഭാഗത്തെയാണ് ക്രെഡ് ലക്ഷ്യമിട്ടത്. ഇന്ത്യയിലെ മൊത്തം ഇന്റർനെറ്റ് ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവരുടെ എണ്ണം കുറവാണ്. പക്ഷേ ബിസിനസ് കണ്ണിലൂടെ നോക്കിയാൽ അത്രയും കനപ്പെട്ട വിഭാഗമാണിത്. മെറ്റയും അവിടെ നോട്ടമിടുന്നുണ്ട്. ഉപയോക്താക്കൾ ഓൺലൈനിൽ എന്താണ് കാണുന്നത്, ഇഷ്ടപ്പെടുന്നത്, പങ്കിടുന്നത്, ചർച്ച ചെയ്യുന്നത് എന്നെല്ലാം മെറ്റയ്ക്ക് അറിയാം. പക്ഷേ അവർ എങ്ങനെയാണ് പണം ചെലവഴിക്കുന്നതെന്ന് മെറ്റ ഇനിയും പഠിക്കാനുണ്ട്. അതിന് ക്രെഡിന്റെ പരിചയസമ്പത്ത് അവർക്ക് സഹായകമാകും. അമ്പത് ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമില്ലാത്തതുകൊണ്ടുതന്നെ ക്രെഡിന്റെ ഉപയോക്താക്കളുടെ ഡേറ്റകൾ മെറ്റക്ക് ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
വാട്ട്‌സ്ആപ്പിന് ഇന്ത്യയിൽ മാത്രം 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. ഷോപ്പിംഗും ക്രിയേറ്റർമാർ വഴിയുള്ള ബിസിനസുമൊക്കെ ഇൻസ്റ്റാഗ്രാമിലും തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ പരസ്യങ്ങൾക്കപ്പുറം വരുമാനം കണ്ടെത്താൻ മെറ്റയ്ക്ക് ഇതുവരെ കാര്യമായി സാധിച്ചിട്ടില്ല. ഇപ്പോൾ ആളുകൾ ഇൻസ്റ്റാഗ്രാമിലൂടെ പൊഡക്ട് കണ്ടെത്തും, വാട്സാപ്പിലൂടെ വിവരങ്ങൾ ചോദിക്കും. പക്ഷേ പണമടയ്ക്കുന്നത് ഫോൺപേ അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള മറ്റ് ആപ്പുകളെ വഴിയാവും. ഇനി ഈ ഇടപാടുകൾ വാട്ട്‌സ്ആപ്പ് പേ പോലെയുള്ള മെറ്റയുടെ പ്ലാറ്റ്‌ഫോമിൽ തന്നെ നടപ്പിലാക്കുക എന്നതാണ് മെറ്റയുടെ ലക്ഷ്യം. സോഷ്യൽ മീഡിയ, മെസേജിംഗ്, പേയ്‌മെന്റുകൾ എന്നിവയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാനുള്ള നീക്കം.
എന്തുകൊണ്ട് കുണാൽ ഷാ?
ഇന്ത്യയിലെ ശ്രദ്ധേയനായ സംരംഭകൻ. ഫ്രീചാർജ് പോലുള്ള വിജയകരമായ പേയ്‌മെന്റ് സംരംഭങ്ങൾ കെട്ടിപ്പടുത്ത വ്യക്തി. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങളും സാങ്കേതിക മാറ്റങ്ങളും മുൻകൂട്ടി പ്രവചിക്കാൻ കഴിവുള്ളയാൾ. പേയ്‌മെന്റുകളിലും ഉപഭോക്തൃ സാങ്കേതികവിദ്യയിലുമുള്ളത് വർഷങ്ങളുടെ പരിചയസമ്പത്ത്. കുണാൽ ഷാ വാട്സ്ആപ്പിന്റെ അമരത്തേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. നിലവിൽ ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പ്, പേയ്മെന്റുകൾ, ബിസിനസ് മെസേജിങ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾ എന്നിവയിലൂടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. വാണിജ്യവുമായും പേയ്‌മെന്റുകളുമായും ബന്ധപ്പെട്ടാണ് ഇനി വാട്ട്‌സ്ആപ്പിന്റെ ഭാവി, കുനാൽ ഷായ്ക്ക് ഏറ്റവും പരിചയമുള്ള ഏറ്റവും രണ്ട് മേഖലകളും ഇത് തന്നെ. ഒരു സ്ഥാപകൻ എന്ന നിലയിലും 'പ്രൊഡക്റ്റ് ബിൽഡർ' എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വാട്സ്ആപ്പിന് കരുത്താകും. മെസേജിംഗ് ആപ്പിൽ നിന്ന് ഒരു വാണിജ്യ പ്ലാറ്റ്‌ഫോമാക്കി വാട്സ്ആപ്പിനെ മാറ്റുകയാവും അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. ക്രെഡ് അതിന്റെ പ്ലാറ്റ്‌ഫോമിൽ പരീക്ഷിച്ചു വിജയിച്ച വായ്പകൾ, ഇൻഷുറൻസ്, സമ്പാദ്യ പദ്ധതികൾ തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ വാട്സാപ്പിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
നേതൃസ്ഥാനത്ത് ഇന്ത്യക്കാർ
സാങ്കേതികവിദ്യാരംഗത്ത് ഒരു ഇന്ത്യൻ സംരംഭകൻ കൈവരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ നേതൃമാറ്റം. കുണാൽ ഷായുടെ നിയമനത്തെ അങ്ങനെ കൂടി വിശേഷിപ്പിക്കാം. എന്നാൽ ലോകത്തെ മിക്ക ടെക് സ്ഥാപനങ്ങളുടെയും തലപ്പത്ത് ഇന്ത്യൻ വംശജരാണ് എന്നതാണ് വസ്തുത. ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബ്, ഐബിഎം, യൂട്യൂബ്, പാലോ ആൾട്ടോ നെറ്റ്‌വർക്കുകൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അതിനൊരു ഉദാഹരണം മാത്രം.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ തലപ്പത്ത് മധുരൈ സ്വദേശിയായ സുന്ദർ പിച്ചൈയാണ്. മൈക്രോസോഫ്റ്റിനെ നയിക്കുന്നത് ഹൈദരാബാദ് സ്വദേശിയായ സത്യ നാദെല്ലയാണ്. യൂട്യൂബിനെ നയിക്കുന്നത് നീൽ മോഹനാണ്. പെർപ്ലെക്സിറ്റി എഐയുടെ സിഇഒ ചെന്നൈ സ്വദേശിയായ അരവിന്ദ് ശ്രീനിവാസ് . ഇൻഫോസിസ്, വിപ്രോ, ടിസിഎസ്, റിലയൻസ് തുടങ്ങിയ മുൻനിര ഇന്ത്യൻ കമ്പനികളുടെ നേതൃത്വത്തിലും ഇന്ത്യക്കാർ തന്നെ. 20-ലധികം പ്രമുഖ ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെ തലപ്പത്ത് നിലവിൽ ഇന്ത്യൻ വംശജരായ സിഇഒമാരാണ്.
ഇവർ വെറുമൊരു ടെക്നോക്രാറ്റുകൾ മാത്രമല്ല, മറിച്ച് ആഗോള സംസ്കാരത്തെയും സാങ്കേതിക നയങ്ങളെയും സ്വാധീനിക്കുന്ന വിഷണറിയുള്ള നേതാക്കൾ കൂടിയാണ്. ട്രില്യൺ ഡോളർ മൂല്യമുള്ള കോർപ്പറേഷനുകളെ നയിക്കുന്നതിലൂടെ ആഗോളതലത്തിൽ ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ കരുത്തും കഴിവും ഇവർ തെളിയിക്കുകയാണ്. ഒരേസമയം സാങ്കേതിക മികവും ബിസിനസ് തന്ത്രങ്ങളും സംയോജിപ്പിക്കാൻ കഴിയുന്ന ഇവരുടെ നേതൃശൈലി ലോകം ഉറ്റുനനോക്കുന്നുണ്ട്.
Content Highlights: Meta invests $900M in CRED, acquiring a 20% stake. Kunal Shah appointed to lead WhatsApp to drive commerce and payment integration. Strategic shift to transform WhatsApp from a messaging app into a global commerce platform. Focus on leveraging premium user data and financial expertise to scale WhatsApp Pay. Reflects the growing influence of Indian tech leaders in global multinational corporations.
Published: 23 Jun 2026, 08:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented