ഭാരിച്ച ചികിത്സാ ചെലവുകളിൽനിന്ന് ആശ്വാസം; ESI ശമ്പളപരിധി 30,000ത്തിലേക്ക് ഉയർത്തുമ്പോൾ
ഇഎസ്ഐ ശമ്പള പരിധി വർധിപ്പിക്കണം എന്നുള്ള തൊഴിലാളികളുടെ ദീർഘകാല ആവശ്യം ലക്ഷ്യംകാണുകയാണ്. സംഘടിത മേഖലയിലെ തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനുമുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ് ഇഎസ്‌ഐ അഥവാ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് പദ്ധതി. 2017 മുതൽ പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 21,000 രൂപയാണ്. എട്ട് വർഷങ്ങൾക്കിപ്പുറം ഇത് 30,000 രൂപയാക്കി മാറ്റാനുള്ള അന്തിമഘട്ട നടപടികൾ പുരോഗമിച്ചുവരുകയാണ്. അതായത് 30,000 രൂപ വരെ ശമ്പളം വാങ്ങുന്ന തൊഴിലാളികളെല്ലാം ഇനി ഇഎസ്‌ഐ പരിധിയിൽവരും. ഇതോടെ ഇഎസ്‌ഐ പരിധിയിൽനിന്ന് നേരത്തെ പുറത്തായവർ ഉൾപ്പെടെ കോടിക്കണക്കിന് തൊഴിലാളികൾക്ക് സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും.
ഇഎസ്‌ഐ പരിധി 30,000 രൂപയിലേക്ക് ഉയർത്താൻ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇഎസ്ഐ കോർപ്പറേഷനും തത്വത്തിൽ ധാരണയായി കഴിഞ്ഞു. ഇനി പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുകൂടി പച്ചക്കൊടി ലഭിച്ചാൽ വർധന നടപ്പാക്കും. കോടിക്കണക്കിന് വരുന്ന തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും ഭാരിച്ച ചികിത്സാ ചെലവുകളിൽനിന്ന് വലിയൊരു ആശ്വാസമാണ് ലഭിക്കാൻ പോകുന്നത്. എത്രയും വേഗത്തിൽ ഇഎസ്‌ഐ പരിധി വർധനവിന് അന്തിമ അനുമതി ലഭിക്കണമെന്ന പ്രതീക്ഷയിലാണ് സംഘടിത മേഖലയിലെ തൊഴിലാളികളും തൊഴിലാളി സംഘടനകളും.
നിലവിൽ 15 കോടി ഗുണഭോക്താക്കൾ
നിലവിൽ സ്വകാര്യമേഖലയിൽ ഉൾപ്പെടെ 3.72 കോടി ജീവനക്കാരാണ് ഇഎസ്ഐയിൽ അംഗങ്ങളായിട്ടുള്ളത്. ഇവരുടെ ആശ്രിതർകൂടി ചേരുമ്പോൾ ഗുണഭോക്താക്കളുടെ എണ്ണം 15 കോടിക്കടുത്തെത്തും. 21,000 ശമ്പള പരിധിയിലാണ് ഇത്രയും പേർക്ക് ചികിത്സാ ആനുകൂല്യം ലഭിക്കുന്നതെങ്കിൽ പരിധി 30,000 ആകുന്നതോടെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകും.
10 തൊഴിലാളികളിൽ കൂടുതൽപേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെല്ലാം ഇഎസ്‌ഐ ആനുകൂല്യം വേണമെന്നാണ് ചട്ടം. ഇങ്ങനെ കേരളത്തിലും ലക്ഷക്കണത്തിന് ആളുകൾക്ക് ഇഎസ്‌ഐയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. പ്രതിവർഷം പത്തുലക്ഷം രൂപയുടെ സൗജന്യചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇഎസ്‌ഐയിലുള്ളത്. ഇതിനായി അംഗങ്ങളുടെ ആകെ ശമ്പളത്തിന്റെ നാലുശതമാനമാണ് പദ്ധതിയിലേക്ക് വകമാറ്റുന്നത്. ഇതിൽ 0.75 ശതമാനം തൊഴിലാളിയും ബാക്കി 3.25 ശതമാനം തൊഴിൽ ഉടമയുമാണ് നൽകേണ്ടത്. അതായത് ഒരാൾക്ക് 20,000 രൂപയാണ് ശമ്പളമെങ്കിൽ അതിന്റെ 3.25 ശതമാനം, അതായത് 650 രൂപ തൊഴിലുടമ ആ തൊഴിലാളിക്കുള്ള ഇഎസ്‌ഐ വിഹിതമായി അടയ്ക്കണം. തൊഴിലാളി അടയ്‌ക്കേണ്ടത് 0.75 ശതമാനം, അതായത് പ്രതിമാസം 150 രൂപ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് ഇഎസ്‌ഐയിലേക്ക് പിടിക്കും.
അടിയന്തരഘട്ടത്തിലും അല്ലാതെയുമുള്ള ചികിത്സാ ആനുകൂല്യത്തിന് പുറമേ പ്രസവ അവധി വേളയിലുള്ള ശമ്പളം, രോഗകാരണത്താൽ ലീവ് എടുക്കുന്ന കാലയളവിലെ ശമ്പളം തുടങ്ങിയ മറ്റ് ചില ആനുകൂല്യങ്ങളും ഇഎസ്‌ഐ ഗുണഭോക്താക്കൾക്കുണ്ട്.
സ്വകാര്യ ആശുപത്രികളിലും ചികിത്സ
രാജ്യത്ത് നിലവിൽ 159 ഇഎസ്‌ഐ ആശുപത്രികളാണുള്ളത്. ഇതിൽ തന്നെ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി ഇഎസ്‌ഐ കോർപ്പറേഷൻ നേരിട്ട് നടത്തുന്നവയുമാണ്. ഇഎസ്‌ഐ അംഗത്വം കിട്ടാനുള്ള ശമ്പള പരിധി വർധിപ്പിക്കാനുള്ള തീരുമാനത്തിനൊപ്പം തന്നെ സുപ്രധാനമായ മറ്റൊരു തീരുമാനവും തൊഴിൽ മന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. ഇഎസ്‌ഐ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അവിടെ മതിയായ ചികിത്സാ സൗകര്യമില്ലെങ്കിൽ സർക്കാർ ആശുപത്രികളിലേക്ക് മാത്രമേ റഫർ ചെയ്യാവൂ എന്ന നിബന്ധന ഒഴിവാക്കി എന്നതാണത്. അതായത് ഇനി മുതൽ ഒരു രോഗിക്ക് ഇഎസ്‌ഐ ആശുപത്രിയിൽ ആ രോഗത്തിന് ആവശ്യമായ ചികിത്സാ സൗകര്യമില്ലെങ്കിൽ സ്വകാര്യ ആശുപത്രികളിലേക്കും അവരെ റഫർ ചെയ്യാം.
സർക്കാർ ആശുപത്രികളിലേക്ക് മാത്രമേ റഫർ ചെയ്യാവൂ എന്ന നിർദേശത്തിനെതിരേ തൊഴിലാളി സംഘടനകൾ ശക്തമായി രംഗത്തെത്തിയതോടെയാണ് ഇത് സാധ്യമായത്. ഇഎസ്ഐ ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുകയും ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യുംവരെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യാനാണ് പുതിയ നിർദേശം.
ആവശ്യപ്പെട്ട വർധനവ് 50,000 വരെ
കഴിഞ്ഞ എട്ടുവർഷമായി ഇഎസ്‌ഐ ശമ്പളപരിധിയിൽ മാറ്റം ഇല്ലാതിരുന്നതിനാൽ ഇതിനിടെ ശമ്പളം വർധിച്ചവർ ഉൾപ്പെടെ ഒരു കോടിയോളം തൊഴിലാളികൾക്ക് ഇഎസ്‌ഐ അംഗത്വം നഷ്ടമായിരുന്നു. ഇതോടെ വേതന പരിധിയിൽ കാലാനുസൃത വർധന വേണമെന്ന് തൊഴിലാളി സംഘടനകൾ നിരന്തരം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നൊന്നും സർക്കാർ ഇക്കാര്യം ചെവികൊണ്ടിരുന്നില്ല. എറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ജൂണിൽ ഷിംലയിൽ നടന്ന ഇഎസ്ഐ കോർപ്പറേഷൻ യോഗത്തിന്റെ അജൻഡയിലും ശമ്പളപരിധി വർധന ഉൾപ്പെടുത്താത്തതിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കാമെന്ന് ഇഎസ്ഐ കോർപ്പറേഷൻ ചെയർമാൻ കൂടിയായ തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകിയത്.
ശമ്പളപരിധി 42000 രൂപയെങ്കിലും ആക്കി ഉയർത്തണമെന്നായിരുന്നു ബിഎംഎസിന്റെ ആവശ്യം. 50,000 രൂപയായി ഉയർത്തണമെന്ന് ഇതര തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തൊഴിലുടമകൾ ഇതിനെ എതിർത്തു. ഇതോടെയാണ് ശമ്പളപരിധി 30,000 രൂപയാക്കാൻ ധാരണയായത്. പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി പച്ചക്കൊടി കാട്ടുന്നതോടെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
Content Highlights: ESI salary Limit will increase to 30000 benefiting millions of workers
Published: 12 Sept 2025, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented