EXPLAINED | ട്രംപിന് കാര്യം അത്ര എളുപ്പമാകില്ല; യുഎസിന് കാനഡയിൽ നിന്നും ഇനി കാർനിയുടെ 'ചെക്ക്'
"ഈ പോരാട്ടം കാനഡ ആവശ്യപ്പെട്ടതല്ല. കാനഡയിലെ കുടുംബങ്ങളെയും തൊഴിലാളികളെയും കച്ചവടക്കാരെയും ആക്രമിക്കുന്ന ട്രംപിനെ വിജയിക്കാൻ അനുവദിക്കില്ല. രുപത്തിൽപ്പോലും കാനഡ ഒരിക്കലും യു.എസിൻ്റെ ഭാഗമാകില്ല"- പുതിയ കനേഡിയൻ പ്രധാനമന്ത്രി മാർക് കാർനിയുടെ നിലപാട് കൃത്യവും വ്യക്തവുമാണ്. യു.എസുമായുള്ള കാനഡയുടെ തീരുവയുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് സാമ്പത്തിക ശാസ്ത്രഞ്ജനും രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവിയുമായിരുന്ന കാർനി രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഇതുവരെ രാഷ്ട്രീയ സ്ഥാനങ്ങളൊന്നും വഹിക്കാത്ത കാർനിയെ, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ ഏറ്റവും യോഗ്യനായ രാഷ്ട്രീയക്കാരനായാണ് മിക്ക സർവേകളിലും കണ്ടെത്തിയിരിക്കുന്നത്. യുഎസ് തങ്ങളോട് ആദരം കാണിക്കുന്നതുവരെ പകരച്ചുങ്കം ചുമത്തുമെന്ന നിലപാട് ഇതിനോടകം സ്വീകരിച്ച കാർനി ഏതൊക്കെ രീതിയിലാവും ട്രംപിന്റെ സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കുക? സാമ്പത്തിക മേഖലയിലെ അനുഭവസമ്പത്തുകൊണ്ട് ഇതിന് സഹായകമാവുമോ? രാഷ്ട്രീയത്തിലെ പരിചയമില്ലായ്മ കാർനിക്ക് വെല്ലുവിളിയാകുമോ? ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കാർനിയെത്തുമ്പോൾ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിന് മാറ്റമുണ്ടാവുമോ?
കഴിഞ്ഞ ജനുവരിയിലാണ് ഒൻപതുവർഷത്തിലേറെ കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ടൂഡോ രാജിവെച്ചത്. ഇതോടെയാണ് കാനഡയിലെ ഭരണപക്ഷമായ ലിബറൽ പാർട്ടിയുടെ പുതിയ നേതാവായി മാർക് കാർനിയെത്തുന്നത്. മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, മന്ത്രിസഭാംഗം കരിന ഗൗൾഡ്, ബിസിനസുകാരനും മുൻ എം.പി.യുമായ ഫ്രാൻക് ബെയ്ലിസ് എന്നിവരെ പരാജയപ്പെടുത്തി, 85.9 ശതമാനം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം.
രണ്ട് മാസം മുമ്പ് ട്രൂഡോ രാജി പ്രഖ്യാപിച്ചപ്പോൾ, ലിബറൽ പാർട്ടിക്ക് അവരുടെ 20% പിന്തുണയും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ, പിന്തുണ 30% ആയി വർധിച്ചു. തീരുവചുമത്തലും അധിനിവേശ ഭീഷണിയും അടക്കമുള്ള യുഎസ് പ്രസിഡ്ന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലുകളാണ് ഇതിന് പ്രാധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രിയായി ഒരാളെ തിരഞ്ഞെടുക്കുമ്പോൾ ട്രംപുമായി കിടപിടിക്കാൻ കഴിയുന്നൊരാൾ കൂടിയാവണമെന്ന് കനേഡിയൻ ജനത ചിന്തിച്ചുതുടങ്ങി. അങ്ങനെ എത്തിപ്പെട്ട പേരാണ് മാർക് കാർനി.
രാഷ്ട്രീയത്തിൽ പുതുമുഖം, പക്ഷേ ചില്ലറക്കാരനല്ല
രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ഗവർണറായി പ്രവർത്തിച്ച മാർക് കാർനി അത്ര ചില്ലറക്കാരനല്ല. 2008-ലെ സാമ്പത്തികമാന്ദ്യത്തിൽ ലോകരാജ്യങ്ങളെല്ലാം ആടിയുലഞ്ഞപ്പോൾ അതിൽനിന്ന് ആദ്യം കരകയറിയത് കാനഡയായിരുന്നു. അന്ന് അതിന് ചുക്കാൻപിടിച്ചത് ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായിരുന്ന കാർനിയും. 2013-ലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്തെത്തുന്നത്. 1694-ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്ഥാപിതമായശേഷം ആദ്യമായി അതിനെ നയിക്കുന്ന യു.കെ. പൗരനല്ലാത്ത വ്യക്തിയും കാർനി തന്നെ. അക്കാലത്ത് "റോക്ക് സ്റ്റാർ സെൻട്രൽ ബാങ്കർ" എന്ന അപൂർവ്വമായ വിശേഷണത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോകാനുള്ള യു.കെ.യുടെ തിരുമാനത്തെത്തുടർന്ന് ഇക്കാലയളവിൽ ഉണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാൻ ആ രാജ്യത്തെ സഹായിച്ചതും കാർനിയാണ്. വടക്കേ അമേരിക്കയിലെയും യുകെയിലെയും സാമ്പത്തിക വെല്ലുവിളികളെ വിജയകരമായി കൈകാര്യം ചെയ്തും ഏകോപിപ്പിച്ചും കാർനിക്ക് മികച്ച അനുഭവപരിചയവുമുണ്ട്.
അധ്യാപക ദമ്പതികളുടെ മകനായി കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിലായിരുന്നു കാർനിയുടെ ജനനം. വളർന്നത് ആൽബെർട്ടയിലെ എഡ്മണ്ടണിലാണ്. ശേഷം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഉന്നത വിദ്യാഭ്യാസം. 1993-ൽ ബിരുദാനന്തര ബിരുദവും 1995-ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദവും നേടി. ഗോൾഡ്മാൻ സാക്സിൽ നിന്നാണ് പ്രൊഫഷണൽ ജീവിതം തുടങ്ങുന്നത്. New York, London, Tokyo, Toronto എന്നിവിടങ്ങളിലായി ഇവിടെ 13 വർഷം ജോലി ചെയ്ത ശേഷം 2003-ൽ ബാങ്ക് ഓഫ് കാനഡയിൽ ഡെപ്യൂട്ടി ഗവർണറായി സ്ഥാനമേറ്റു. പിന്നീട് അടുത്ത വർഷം ജോലിയിൽ നിന്നും രാജിവെച്ച് സീനിയർ അസോസിയേറ്റ് ഡെപ്യൂട്ടി മിനിസ്റ്റർ ഓഫ് ഫിനാൻസ് ആയി സേവനമനുഷ്ഠിച്ചു. 2008-ൽ, തന്റെ 42ാം വയസിലാണ് കാർണി ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായി നിയമിതനാകുന്നത്. പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ. അക്കാലയളവിൽ പ്ലാസ്റ്റിക് ബാങ്ക് നോട്ടുകളും, പലിശനിരക്കുകൾ എങ്ങോട്ടാണ് പോകുന്നതെന്ന് നിക്ഷേപകർക്ക് വ്യക്തമായ ധാരണ നൽകുന്നതിനായി "ഫോർവേഡ് ഗൈഡൻസ്" എന്നറിയപ്പെടുന്ന ആശയവിനിമയത്തിനുള്ള ഒരു പുതിയ സമീപനവുമെല്ലാം കൊണ്ടുവന്ന് കൈയ്യടി നേടി. ഇതിനുശേഷം 2020 കാലാവസ്ഥാ നടപടിക്കും ധനകാര്യത്തിനുമുള്ള ഐക്യരാഷ്ട്രസഭയുടെ മുൻ പ്രത്യേക പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇടഞ്ഞ് ട്രംപ്, ഉലയുന്ന യുഎസ് ബന്ധം
നേരത്തെ കാനഡയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയും വ്യാപര പങ്കാളിയുമായിരുന്നു യു എസ്. എന്നാൽ ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയതോടെ കഥമാറി. തീരുവയുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടാൻ തുടങ്ങി. കഴിഞ്ഞ ആഴ്ച എല്ലാ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25% നികുതി ചുമത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഈ തീരുമാനം ഒരു മാസത്തേക്ക് മാറ്റിവച്ചു. എന്നാൽ സ്റ്റീൽ, അലുമിനിയം, പാൽ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് മറ്റ് തീരുവകൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. കാനഡയുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടാന്‍ യു.എസിന്റെ പുതിയ തീരുവ തീരുമാനങ്ങള്‍ക്ക് കഴിയുമെന്നതാണ് യാഥാർഥ്യം.
ഇതിനുപുറമെയാണ് കാനഡയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തും പരിഹസിച്ചും ട്രംപ് പ്രസ്താവനകൾ നടത്തിയത്. കാനഡയെ യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാക്കുമെന്നും അതാണ് അവർക്ക് നല്ലതെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം. ഇതോടെ കാനഡയില്‍ ട്രംപിനെതിരായ പ്രതിഷേധം ശക്തമായി. ചിലർ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കി, മറ്റുചിലർ അതിർത്തിയുടെ തെക്കോട്ടുള്ള യാത്രകൾ റദ്ദാക്കി, എൻഎച്ച്എൽ, എൻബിഎ ഗെയിമുകളിൽ അമേരിക്കൻ ഗാനത്തെ കൂക്കിവിളിച്ചു.
ഒരുമിച്ചുനിൽക്കണമെന്ന് കാർനി
ട്രംപിനെതിരെ ജനരോക്ഷമുണ്ടാവുകയും കനേഡിയൻ ദേശീയത ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് കാർനി രംഗത്തെത്തുന്നത്. ‘അമേരിക്ക കാനഡയല്ല. കാനഡ ഒരിക്കലും, ഒരു തരത്തിലും, രൂപത്തിലും, അമേരിക്കയുടെ ഭാഗമാകില്ല,’എന്ന് കാര്‍നി ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. യു.എസ്. തങ്ങളോട് ആദരം കാണിക്കുന്നതുവരെ പകരച്ചുങ്കം ചുമത്തുമെന്ന നിലപാട് സ്വീകരിച്ചു. കാനഡ നിർമിക്കുന്നതിനും വിൽക്കുന്നതിനും ഡൊണാൾഡ് ട്രംപ് അന്യായമായ തീരുവയാണ് ചുമത്തുന്നത്. കാനഡയ്ക്ക് ഈ ഇരുണ്ടദിനങ്ങൾ നൽകിയത് ഇനിയൊരിക്കലും വിശ്വസിക്കാനാകാത്ത ഒരു രാജ്യമാണ്. വരാനിരിക്കുന്ന ദുഷ്കരമായ ദിനങ്ങളിൽ ഒരുമിച്ചുനിൽക്കണമെന്നും കാർനി പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടേക്കും
ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായ വിള്ളലുകൾ പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്തുമെന്നാണ് ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കുന്നതിന് ദിവസങ്ങൾക്കുമുൻപ് കാർനി പറഞ്ഞത്. സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധത്തിനുള്ള ശ്രമം നടത്തും. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങളുമുണ്ട്. വാണിജ്യബന്ധം മെച്ചപ്പെടുത്താൻ മൂല്യാധിഷ്ഠിതമായ പാരസ്പര്യമാണ് ആവശ്യം. താൻ പ്രധാനമന്ത്രിയായാൽ അതിന് ശ്രമിക്കുമെന്ന് യു.എസ്. തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പറഞ്ഞു. കാനഡയിൽ ഖലിസ്താൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറെ വധിച്ചത് ഇന്ത്യയുടെ അറിവോടെയാണെന്ന് 2023 സെപ്റ്റംബറിൽ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലില്ലാത്തവിധം വഷളായിരുന്നു.
വെല്ലുവിളികൾ, ഭാവി...
ട്രംപ് ഉയർത്തുന്ന പ്രതിരോധങ്ങൾക്ക് പുറമെ കാനഡയിൽ വരാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പും കാർനിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. സാമ്പത്തിക മേഖലയിലുള്ള യോഗ്യതയും നേട്ടങ്ങളും അംഗീകരിക്കുമ്പോഴും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ അനുഭവക്കുറവിൽ ചിലർ ചോദ്യം ഉയർത്തുന്നുണ്ട്. കൺസർവേറ്റീവുകളുടെ പിയറി പൊയിലീവ്രെ, ബ്ലോക്ക് ക്യൂബെക്കോയിസിലെ യെവ്സ്-ഫ്രാങ്കോയിസ് ബ്ലാഞ്ചെറ്റ് തുടങ്ങിയ കടുത്ത പ്രതിപക്ഷ നേതാക്കളെ കാർനി നേരിടണം. ട്രൂഡോ രാജിവച്ചതിന് മുമ്പ് അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു കാർനി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താത്പര്യമുണ്ടായിരുന്നുവെങ്കിലും മുമ്പ് ഒരിക്കലും രാഷ്ട്രീയ സ്ഥാനത്തേക്ക് കാർനി മത്സരിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ കാർനി അസാധാരണമാംവിധം സജ്ജനാണെങ്കിലും ആളുകളുമായി ആശയവിനിമയം നടത്താനും അവരെ ചേർത്തുനിർത്താനും എത്രത്തോളം സാധിക്കുമെന്ന കാര്യത്തിലും പലരും ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.
അതേസമയം പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ശക്തമായ സമ്പദ്വ്യവസ്ഥകൾ എങ്ങനെ കെട്ടിപ്പടുക്കണമെന്നും തനിക്ക് അറിയാമെന്നാണ് വിമർശൻങ്ങൾക്കുള്ള കാർനിയുടെ മറുപടി. നിങ്ങളുടെ പോക്കറ്റുകളിൽ കൂടുതൽ പണം തിരികെ കൊണ്ടുവരുന്ന, കമ്പനികളെ കൂടുതൽ മത്സരക്ഷമതയുള്ളതാക്കുന്ന, അനുയോജ്യമായ ഒരു ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്ന ഒരു പദ്ധതി തനിക്കുണ്ടെന്നും അദ്ദേഹം ജനങ്ങളോടായി പറഞ്ഞിരുന്നു. സർക്കാർ ചെലവുകൾ നിയന്ത്രിക്കും, ഭവന നിർമ്മാണത്തിൽ കൂടുതൽ നിക്ഷേപിക്കും, കാനഡയുടെ വ്യാപാര പങ്കാളികളെ വൈവിധ്യവൽക്കരിക്കും, കുടിയേറ്റത്തിന് താൽക്കാലിക പരിധി നിശ്ചയിക്കും തുടങ്ങി പ്രചാരണം ആരംഭിച്ചതുമുതൽ വലിയ വാഗ്ദാനങ്ങളാണ് അദ്ദേഹം ജനങ്ങൾക്ക് നൽകിയിട്ടുള്ളത്.
നിലവിൽ ഒക്ടോബർ 20-ന് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതുവരെയാണ് കാർനിയുടെ കാലാവധി. പാർലമെൻ്റ് ആരംഭിച്ചാൽ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവുകൾ പ്രഖ്യാപിച്ചതിനാൽ, ഒക്ടോബറിലെ തിരഞ്ഞെടുപ്പ് കാർനി നേരത്തേ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
Inshort: Mark Carney becomes Canada’s PM amid rising trade tensions with the US. He opposes Trump’s tariffs and vows to protect Canada’s economy. With a strong financial background, he aims to stabilize trade and improve India-Canada relations. An early election could test his leadership.
Content Highlights: Mark Carney, former central banker, becomes Canada`s PM, facing trade war with US
Published: 12 Mar 2025, 11:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented