'Say My Name'; ഇന്നും ചർച്ചയാകുന്ന ബ്രേക്കിങ് ബാഡും ഹെെസൻബർഗും
ലോക ടെലിവിഷൻ ചരിത്രത്തിൽ ബ്രേക്കിംഗ് ബാഡ് പോലെ ആഴത്തിൽ സ്വാധീനം ചെലുത്തിയ ടിവി ഷോകൾ കുറവാണ്. ഒരു സാധാരണ ഇടത്തരക്കാരനിൽ നിന്ന് വാൾട്ടർ വൈറ്റ് എന്ന ഒരു ഹൈസ്കൂൾ കെമിസ്ട്രി അദ്ധ്യാപകൻ എല്ലാവരും ഭയക്കുന്ന ഒരു മയക്കുമരുന്ന് രാജാവായി മാറുന്ന കഥയാണ് ബ്രേക്കിങ് ബാഡ് പറയുന്നത്. ധാർമ്മിക പ്രതിസന്ധി, സ്ട്രെസ്, ട്രാൻസ്ഫോമേഷൻ എന്നിവയിലൂടെ പ്രേക്ഷകരെ മറ്റൊരു ലോകത്തേക്കാണ് വിൻസ് ഗില്ലിഗൻ സൃഷ്‌ടിച്ച ഈ പരമ്പര കൊണ്ടുപോയത്. ഇവിടെ, ബ്രേക്കിംഗ് ബാഡിനെ ടിവി കഥപറച്ചിലിൻ്റെ ഒരു മൂലക്കല്ലാക്കി മാറ്റുന്നത് എന്താണെന്ന് ഞങ്ങൾ പരിശോധിക്കുന്നു, അതിൻ്റെ ലേയേർഡ് ക്യാരക്ടർ ആർക്കുകൾ മുതൽ പോപ്പ് സംസ്കാരത്തിൽ അതിൻ്റെ സ്വാധീനം വരെ.
വാൾട്ടർ വൈറ്റിന്റെ ട്രാൻസ്ഫോർമേഷൻ
ബ്രേക്കിംഗ് ബാഡിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കഥാപാത്രങ്ങളുടെ വളർച്ചയും മാറ്റവുമാണ്. പ്രത്യേകിച്ച്, വാൾട്ടർ വൈറ്റ്. ബ്രയാൻ ക്രാൻസ്റ്റൺ (Bryan Cranston) അവതരിപ്പിച്ച ഈ കഥാപാത്രം, തുടക്കത്തിൽ കാൻസർ ബാധിതനായ, സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരു ഹൈസ്കൂൾ കെമിസ്ട്രി അധ്യാപകനാണ്. കുടുംബത്തിന് വേണ്ടി പണം കണ്ടെത്താനാണ് അയാൾ മയക്കുമരുന്ന് നിർമ്മാണത്തിലേക്ക് തിരിയുന്നത്. എന്നാൽ പതിയെ പതിയെ, അയാൾ ഹൈസൻബെർഗ് എന്ന ക്രൂരനും പ്രേക്ഷകരെ ഭയപ്പെടുത്തുന്ന ക്രിമിനൽ മാസ്റ്റർമെെന്റായി മാറുന്നു. ആ യാത്രയാണ് സീരീസ് പറയുന്നത്. ചുരുക്കി പറഞ്ഞാൽ വാൾട്ടർ വൈറ്റിൻ്റെ ഒരു ക്യാരക്ടർ സ്റ്റഡിയാണ് ബ്രേക്കിംഗ് ബാഡ്. ബ്രയാൻ ക്രാൻസ്റ്റൺ എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാൈണ് വാൾട്ടർ വെെറ്റ്.

ഒരുപക്ഷേ ടിവി ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാരക്ടർ ആർക്കുകളിൽ ഒന്നാണ് എന്ന് നിസ്സംശയം പറയാൻ പറ്റുന്ന ഒന്നാണത്. മിസ്റ്റർ ചിപ്‌സിനെ സ്കാർഫേസാക്കാനുള്ള പരീക്ഷണമെന്നാണ് വിൻസ് ഗില്ലിഗൻ ബ്രേക്കിംഗ് ബാഡിനെ വിശേഷിപ്പിച്ചത്. ഈ മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല. ഓരോ ചെറിയ തീരുമാനത്തിലൂടെയും – അത് മരുന്ന് ഉണ്ടാക്കുന്നതായാലും, കൂട്ടാളികളെ സ്വാധീനിക്കുന്നതായാലും, ശത്രുക്കളെ നേരിടുന്നതായാലും – വാൾട്ടറിന്റെ ഹെെസൻബർഗിലേക്ക് ഉള്ള പോക്ക് ഭയാനകമാക്കുന്നുണ്ട്. ആദ്യം അയാളോട് സഹതാപം തോന്നുന്ന പ്രേക്ഷകർക്ക്, അയാളുടെ പ്രവൃത്തികൾ കാണുമ്പോൾ നായകനും വില്ലനും തമ്മിലുള്ള അതിർവരമ്പ് മങ്ങിപ്പോകുന്നത് അനുഭവിച്ചറിയാൻ സാധിക്കും. വളരെ സമയമെടുത്താണ് ഓരോ ഘട്ടത്തിലുമുള്ള വാൾട്ടർ വെെറ്റിന്റെ പരിവർത്തനം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വാൾട്ടിന്റെ ഓരോ തീരുമാനങ്ങളും അനിവാര്യമാണെന്ന് തോന്നിപ്പിക്കുകയും എന്നാൽ ഞെട്ടിപ്പിക്കുകയും ചെയ്യുന്നതാണ് ഓരോ സിറ്റുവേഷനുകളും.
ബ്രേക്കിങ് ബാഡിൻ്റെ ഇരുണ്ട ലോകം
ഈ സീരീസിന്റെ പ്രധാന ഘടകം അതിന്റെ Complex Morality അല്ലെങ്കിൽ സങ്കീർണ്ണമായ ധാർമ്മികതയാണ്. വാൾട്ടർ ചെയ്യുന്നത് ശരിയാണോ? കുടുംബത്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്നതുകൊണ്ട് അയാളുടെ കുറ്റകൃത്യങ്ങൾ ന്യായീകരിക്കാമോ? അതോ അയാൾ വെറും അധികാരമോഹിയായ ഒരു ക്രിമിനൽ ആണോ? ഇത്തരം ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉയർത്താൻ ഈ സീരീസിന് കഴിഞ്ഞു. ഇവിടെ ശരിയും തെറ്റും കറുപ്പും വെളുപ്പുമായിരുന്നില്ല, മറിച്ച് ഗ്രേ ലാൻഡ്സ്കേപ്പാണ് പ്രേക്ഷകർക്ക് തുറന്നിടുന്നത്.

കഥാപാത്രങ്ങളുടെ മോറൽ വശങ്ങൾ ഓരോ എപ്പിസോഡിലും മാറിക്കൊണ്ടിരിക്കും. വാൾട്ടറിനെ മനസ്സിലാക്കി എന്ന് തോന്നുമ്പോൾ, അയാളുടെ ഇരുണ്ട മറ്റൊരുവശം വെളിപ്പെടും. ഇതാണ് ബ്രേക്കിംഗ് ബാഡിനെ സാധാരണ ക്രൈം സീരീസുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത് ഒരു മനഃശാസ്ത്രപരമായ യാത്ര കൂടിയായി മാറുന്നതും അവിടെയാണ്. വാൾട്ടറിനെ കൂടാതെ, ആരോൺ പോൾ അവതരിപ്പിച്ച ജെസ്സി പിങ്ക്മാൻ എന്ന കഥാപാത്രവും കുറ്റബോധത്തിൽ വലയുന്നതും മയക്കുമരുന്ന് നിർമാണത്തിന്റെ ഇരുണ്ട ലോകത്ത് നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലും കൂടി കടന്നുപോകുന്നത് പ്രേക്ഷകർക്ക് കാണാം.
ബ്രേക്കിങ് ബാഡിന്റെ ക്രിയേറ്ററായ വിൻസ് ഗില്ലിഗന്റെ കാഴ്ചപ്പാടാണ് ഈ സീരീസിനെ ഇത്രത്തോളം മികച്ചതാക്കിയതെന്ന് നിസ്സംശയം നമുക്ക് പറയാം. പരമ്പരാഗത ടെലിവിഷൻ നായകന്മാരിൽ നിന്ന് മാറി, മോശം കാര്യങ്ങൾ ചെയ്യുമ്പോഴും പ്രേക്ഷകരെ ആകർഷിക്കാൻ കഴിവുള്ള ഒരു ആന്റിഹീറോയെ ആണ് അദ്ദേഹം സൃഷ്ടിച്ചത്. വാൾട്ടറിന്റെ യാത്രയെ സിമ്പിളായി കാണിക്കാൻ അദ്ദേഹം തയ്യാറായില്ല, പകരം അത് അധികാരത്തിന്റെയും അത്യാഗ്രഹത്തിന്റെയും ക്രൂരതകളുടെയും ഒരു കഥയായി തന്നെ അവതരിപ്പിച്ചു.

ചെറിയ വിശദാംശങ്ങൾ പോലും ഗില്ലിഗൻ ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വാൾട്ടർ സ്ഥിരമായി ഉപയോഗിക്കുന്ന പച്ച നിറം അത്യാഗ്രഹത്തെ സൂചിപ്പിക്കുന്നു എന്നാണ് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. കഥാപാത്രങ്ങളുടെ വളർച്ചയെ സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതും നമുക്ക് കാണാം. ഇന്നും മീമുകളിലും മറ്റും ഉപയോഗിക്കുന്ന സേ മെെ നെയിം, ഐ ആം നോട്ട് ഇൻ ഡേഞ്ചർ ഐ ആം ദ ഡെയ്ഞ്ചർ എന്നിവയൊക്കെ അതിന് ഉദാഹരണമാണ്. കഥയുടെ വേഗത കുറച്ച് കഥാപാത്രങ്ങളുടെ വികാസത്തിന് പ്രാധാന്യം നൽകുന്നതുൾപ്പടെയുള്ള ഗില്ലിഗന്റെ പല തീരുമാനങ്ങളും അന്ന് ടെലിവിഷൻ രംഗത്ത് തന്നെ ഒരു വിപ്ലവമായിരുന്നു.
ഗില്ലിഗൻസ് ബ്രില്യൻസ്
ബ്രേക്കിംഗ് ബാഡിന്റെ മറ്റൊരു വലിയ പ്രത്യേകത അതിന്റെ സിനിമാറ്റിക് നിലവാരമാണ്. അന്നത്തെ ടെലിവിഷൻ സീരീസുകൾക്ക് ഇത് വളരെ അപൂർവ്വമായിരുന്നു. ഛായാഗ്രാഹകനായ മൈക്കിൾ സ്ലോവിസ് ഓരോ രംഗത്തെയും മനോഹരമായ ദൃശ്യാനുഭവമാക്കി മാറ്റിയിട്ടുണ്ട്. സീരീസ് മുഴുവൻ ശക്തമായ പ്രതീകാത്മക ദൃശ്യങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഹൈസൻബെർഗ് ധരിക്കുന്ന തൊപ്പിയും കണ്ണടയും, പച്ച - അത്യാഗ്രഹം-, മഞ്ഞ (മെത്ത്), നീല (ശുദ്ധമായ മെത്ത്) തുടങ്ങിയ നിറങ്ങൾ കഥയിലെ വിവിധ ഘടകങ്ങളെയും വികാരങ്ങളെയും സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമാണ്.

പിരിമുറുക്കവും നാടകീയതയും സൃഷ്ടിക്കാൻ എക്സ്ട്രീം ക്ലോസ്-അപ്പുകൾ, അസാധാരണമായ ക്യാമറ ആംഗിളുകൾ, ഡൈനാമിക് ഷോട്ട് കോമ്പോസിഷനുകൾ എന്നിവ വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട്. വാൾട്ടർ പണം ഒളിപ്പിച്ച ഒരു ചെറിയ അറയ്ക്കുള്ളിൽ ക്യാമറ വെച്ച് അയാളുടെ ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും കാണിക്കുന്ന ഒരു രംഗം ഇതിന് ഉത്തമ ഉദാഹരണമാണ്. വാക്കുകളില്ലാതെ ഒരു മാനസികാവസ്ഥയെ ചിത്രീകരിക്കാൻ ഇതിലും മികച്ചതാക്കാൻ കഴിയുമോ എന്ന് സംശയമാണ്.

അഞ്ച് സീസണുകൾക്ക് ശേഷം, ബ്രേക്കിംഗ് ബാഡ് അവസാനിച്ചപ്പോൾ ജനപ്രിയ സീരീസുകളുടെ കാര്യത്തിൽ മുൻ പന്തിയിലായിരുന്നു. വാൾട്ടർ വൈറ്റ്, ജെസ്സി പിങ്ക്മാൻ തുടങ്ങിയ കഥാപാത്രങ്ങൾ ലോകമെമ്പാടും സുപരിചിതരായി. 'I am the one who knocks, Say my name' പോലുള്ള ഡയലോഗുകൾ ഇന്നും ഓർമ്മിക്കപ്പെടുന്നു. ഏറ്റവും പ്രധാനം, ഇതിന്റെ വിജയം ടിവിയിൽ പുതിയ ആന്റിഹീറോ കഥകളുടെ ഒരു തരംഗം തന്നെ പിന്നീട് വരുന്നതിന് കാരണമായി എന്നുള്ളതാണ്. ഇത്തരം ഗ്രേ ഷേയിഡുള്ള കഥാപാത്രങ്ങളെ സ്വീകരിക്കാൻ പ്രേക്ഷകർ തയ്യാറാണെന്ന് ഇത് ചാനലുകൾക്ക് കാണിച്ചു കൊടുത്തു.
ഈ സീരീസിന്റെ വിജയം ബെറ്റർ കോൾ സോൾ എന്ന സ്പിൻ-ഓഫ് സീരീസിനും വഴി തെളിയിച്ചു. അതും മികച്ച നിരൂപക പ്രശംസ നേടി. ബ്രേക്കിംഗ് ബാഡ് വന്നതോടെ, നെറ്റ്വർക്കുകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളും ഒറിജിനൽ കണ്ടന്റ് നിർമ്മിക്കുന്ന രീതി തന്നെ മാറി. ഉയർന്ന നിർമ്മാണ നിലവാരത്തിനും കോംപ്ലക്സ് കഥപറച്ചിലിനും അവർ പ്രാധാന്യം നൽകി.

ചുരുക്കത്തിൽ, വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാട്, മികച്ച പ്രകടനങ്ങൾ, ബോൾഡായ കഥപറച്ചിൽ എന്നിവകൊണ്ട് ഇന്നും പുതിയ തലമുറയിലേതുൾപ്പടെയുള്ള പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. വാൾട്ടർ വൈറ്റ് പോലുള്ള കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. ബ്രേക്കിംഗ് ബാഡ് വെറുമൊരു ടെലിവിഷൻ ഷോ മാത്രമായിരുന്നില്ല ആയിരുന്നില്ല. കഥപറച്ചിലിന്റെ ശക്തി എത്രത്തോളമാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സീരീസ്. ഒരാളുടെ യാത്ര ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ എങ്ങനെ മായാത്ത ഒരു മുദ്ര പതിപ്പിക്കാം എന്നതിന്റെ തെളിവുകൂടിയാണ് ബ്രേക്കിംഗ് ബാഡ്.
Content Highlights: Why Breaking Bad Is a TV Masterpiece
Published: 02 Jul 2025, 05:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented