ഇന്നത്തെ നായകന്മാർ പ്രതിഛായ നോക്കുന്നവർ അല്ല. മാത്യുവിന്റെ പ്രേമലുവിലെ കഥാപാത്രം, നസ്ലിന്റെ ലോകയിലെ കഥാപാത്രമൊക്കെ അത്തരത്തിൽ ഉള്ളതാണ്. അഭിനന്ദനം അർഹിക്കുന്നുണ്ട് അവർ- പറയുകയാണ് ജഗദീഷ്. ‘സുഖമാണോ സുഖമാണ്’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ജഗദീഷും മാത്യു തോമസും ദേവികയും Talkies-ൽ.
'സ്‌നേഹബന്ധങ്ങളുടെ, സ്‌നേഹം കൊതിക്കുന്ന ചിലരുടെ കഥയാണ് സുഖമാണോ സുഖമാണ്. നമ്മുടെ ജീവിതത്തിൽ സുഖമാണോ എന്ന് അന്വേഷിക്കാൻ ആരെങ്കിലുമൊക്കെ വേണം. അങ്ങനെ ഞങ്ങളുടെയൊക്കെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലരുടെ കഥയാണ് ഇത്. പിള്ളേരുടെ കൂടെ അഭിനയിക്കുമ്പോൾ ഞാനെന്റെ പ്രായം മറന്നു പോകും. ഞാനിവരിൽ ഒരാളായി മാറും. ജനറേഷൻ ഗ്യാപ് എന്നെ ബാധിക്കാറില്ല, കംഫർട്ട് സോണും എനിക്കില്ല' ജഗദീഷ് പറയുന്നു.
‘മാത്യുവിന്റെ സിനിമകളിൽ ഏറ്റവും ടഫ് റോൾ എന്ന് പറയുന്നത് പ്രേമലുവിലെ കഥാപാത്രമാണ്. അത്രത്തോളം പോസിറ്റീവ് ആയി ഇഷ്ടം തോന്നുന്ന കഥാപാത്രമല്ല അത്. അത് ചെയ്ത് ഫലിപ്പിച്ചു എന്നതാണ് മാത്യുവിന്റെ ഗുണം. നസ്ലിന്റെ ലോകയിലെ കഥാപാത്രം അതുപോലൊന്നാണ്. ടിപ്പിക്കൽ നായക കഥാപാത്രമാണെങ്കിൽ ഇത്രയധികം പേടിക്കുമോ? അങ്ങനെ പേടിച്ച് ബോധം കെട്ട് വീഴുന്ന കഥാപാത്രത്തെ ഏറ്റെടുത്ത നസ്ലിനെ ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. അതാണ് ഇന്നത്തെ ഹീറോ. പ്രതിച്ഛായ നോക്കുന്നവരാണെങ്കിൽ ബോധം കെടാൻ പറ്റില്ലെന്ന് പറഞ്ഞേനെ. അങ്ങനെ പറയുന്ന മണ്ടത്തരം കാണിച്ചിട്ടില്ല ഇന്നത്തെ നായകന്മാർ. കഥാപാത്രത്തിന് വേണ്ടത് ബോധക്കേടാണെങ്കിൽ അത് ചെയ്യണം. അങ്ങനെ നോക്കുമ്പോൾ മാത്യുവിനെയും നസ്ലിനെയുമൊക്കെ അഭിനന്ദിക്കണം’, ജഗദീഷ് പറയുന്നു.
തന്റെ ജീവിതത്തിൽ പ്രചോദനമായ പെൺകുട്ടികളെ കുറിച്ചും ജഗദീഷ് സംസാരിച്ചു. 'ഒരുപാട് പെൺകുട്ടികൾ എനിക്ക് പ്രചോദനമായിട്ടുണ്ട്. എന്നെ മുന്നോട്ട് നയിക്കാൻ പ്രേരിപ്പിച്ചവർ. രമയും അങ്ങനെത്തന്നെ. എന്റെത് ഒരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഭാര്യ എന്ന സങ്കൽപത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന പെൺകുട്ടിയെ തന്നെയാണ് ഞാൻ വിവാഹം ചെയ്തത്. എന്റെ കരിയറിൽ ഒരു തരത്തിലും രമ ഇടപെട്ടിട്ടില്ല. ഒരു സിനിമ ലൊക്കേഷനിലോ അവാർഡ് ഫങ്ഷനിലോ വരണമെന്ന് നിർബന്ധം പിടിച്ചിട്ടില്ല. ഞാനെന്റെ ഭാര്യയ്ക്കും മാക്‌സിമം സ്വാതന്ത്ര്യം നൽകിയിരുന്ന ആളായിരുന്നു. എംഡി എക്‌സാം നടക്കുന്ന സമയത്ത് അവർ രാവിലെ ആറ് മണിക്ക് പോയാൽ തിരിച്ച് വന്നിരുന്നത് രാത്രി എട്ട് മണിക്കാണ്. അതിനെ എതിർത്തിരുന്ന മൂരാച്ചി ഭർത്താവും ആയിരുന്നില്ല ഞാൻ. ഭർത്താവ് വീട്ടിലെത്തുമ്പോൾ ചൂട് ചായയുമായി നിൽക്കുന്ന ഭാര്യ എന്നതിലൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല. ഭാര്യയ്ക്ക് ഡ്യൂട്ടി ഉണ്ടെങ്കിൽ എട്ട് മണിക്ക് വന്ന് എനിക്ക് ആഹാരം തന്നാൽ മതി. അത്രത്തോളം ലിബറൽ ആയ ഭർത്താവായിരുന്നു ഞാൻ. രമ അത്രത്തോളം സഹകരിച്ചിരുന്ന ഭാര്യയുമായിരുന്നു.'.. ജഗദീഷ് പറയുന്നു
Content Highlights: Jagadish praises Mathew & Naslen`s realistic roles in `Premalu` & `Loka'
Published: 09 Feb 2026, 08:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented