HBO പറ്റില്ലെന്ന് പറഞ്ഞത് പിന്നീട് ചരിത്ര വിജയമായി: ഒരു ഗെയിം ഓഫ് ത്രോൺസ് ഹിറ്റ് കഥ | Series Serious
ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷോകളിൽ ഒന്നാണ് ഗെയിം ഓഫ് ത്രോൺസ്. ഇത് വെറും ഒരു ഷോ മാത്രമായിരുന്നില്ല, നിരവധി വെല്ലുവിളികളെ അതിജീവിച്ച് വിജയം കെെവരിച്ച ഒരു പ്രതിഭാസം കൂടിയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ്ജ് ആർ.ആർ. മാർട്ടിൻ്റെ സങ്കീർണ്ണമായ പുസ്തക പരമ്പരയായ എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ ഒരു സീരിസാക്കി മാറ്റുക എന്നത് ഒരു വലിയ ദൗത്യമായിരുന്നു. എങ്കിലും ഒടുവിൽ, ഗെയിം ഓഫ് ത്രോൺസ് ടെലിവിഷന്റെ ചരിത്രം മാറ്റിമറിച്ച ഒരു ആഗോള പ്രതിഭാസമായി മാറി. എങ്ങനെയാണ് ഗെയിം ഓഫ് ത്രോൺസ് ഇത്ര വലിയ സംഭവമായത്. നമുക്ക് നോക്കാം. എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ ഒരു ടിവി ഷോ ആക്കി മാറ്റുക എന്ന ആശയവുമായി ഡേവിഡ് ബെനിയോഫും ഡിബി വെയ്‌സും എച്ച്ബിഒയെ സമീപിച്ചപ്പോൾ, അത് അസാധ്യമാണെന്ന് പലരും കരുതി. വ്യത്യസ്ഥമായ ഭൂപ്രകൃതിയുള്ള വിവിധ പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കഥാപാത്രങ്ങളും രാഷ്ട്രീയവും ആഴത്തിലുള്ള കഥാസന്ദർഭങ്ങളും നിറഞ്ഞതായിരുന്നു പുസ്തകങ്ങൾ. ടെലിവിഷൻ സ്ക്രീനിലേക്ക് കൊണ്ടുവരാൻ കഴിയുന്നതിലുമപ്പുറമാണ് മാർട്ടിന്റെ സങ്കല്പ സൃഷ്ടിയെന്ന് ഒരുവിധം പുസ്തകം വായിച്ചവർക്ക് അറിയാം.
പക്ഷേ, ബെനിയോഫും വൈസും കടുത്ത ആത്മവിശ്വാസത്തിലായിരുന്നു. പുസ്തകത്തിൽ ആഴത്തിൽ വരച്ചുകാട്ടിയിട്ടുള്ള അധികാരം, ചതി, യുദ്ധങ്ങൾ, അതിജീവനം എന്നിവയാണ് സോങ് ഓഫ് ഐസ് ആന്റ് ഫയറിന്റെ ഹൃദയം. ഇത് സ്ക്രീനിൽ കൊണ്ടുവരാൻ സാധിച്ചാൽ ടെലിവിഷൻ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ഒരു ടെലിവിഷൻ പരമ്പര സൃഷ്ടിക്കാൻ അവർക്ക് സാധിക്കുമെന്ന് ബെനിയോഫും വെയ്സും ഉറച്ച് വിശ്വസിച്ചു. എന്നാൽ വൻ വിജയത്തിലേക്കുള്ള ആ യാത്ര അത്ര ലളിതമായിരുന്നില്ല.
ആദ്യ വെല്ലുവിളി
എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ ടെലിവിഷൻ പരമ്പരയാക്കുന്നതിനായി രചയിതാവായ ജോർജ്ജ് ആർ ആർ മാർട്ടിൻ്റെ സമ്മതം നേടുക എന്നുള്ളതായിരുന്നു ബെനിയോഫിന്റെയും വെയ്സിന്റെയും ആദ്യ വെല്ലുവിളി. അത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു. അത് മനസ്സിൽ വെച്ചുകൊണ്ട് തന്നെയായിരുന്നു അവർ മാർട്ടിനെ കാണാനെത്തുന്നതും.
മീറ്റിംഗ് അഞ്ച് മണിക്കൂർ നീണ്ടുനിന്നു, ബെനിയോഫിൻ്റെയും വെയ്സിൻ്റെയും പുസ്തകങ്ങളെക്കുറിച്ചുള്ള അറിവും അവരുടെ അർപ്പണബോധവും അളക്കുക എന്നുള്ളതായിരുന്നു മാർട്ടിന്റെ ഉദ്ദേശം. ചർച്ചകൾക്കൊടുവിൽ താൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് ശരിയുത്തരം നൽകിയൽ ഈ പ്രോജക്ടിന് പച്ചക്കൊടി കാണിക്കുമെന്ന് മാർട്ടിൻ ബെനിയോഫിനോടും വെയ്സിനോടും പറഞ്ഞു. "ആരാണ് ജോൺ സ്നോയുടെ അമ്മ?" എന്നായിരുന്നു ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമടങ്ങിയ പുസ്തകം അപ്പോഴും പുറത്തിറങ്ങിയിരുന്നില്ല.

ബെനിയോഫും വെയ്സും ഇതിനകം തന്നെ ഇതേ പറ്റി ചിന്തിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഫാൻ തിയറി വെച്ച് അദ്ദേഹത്തിന് അവർ ഉത്തരം നൽകുകയും ചെയ്തു. സങ്കീർണമായ ചോദ്യത്തിന് ശരിയുത്തരം നൽകിയതോടെ പുസ്‌തകങ്ങളോടുള്ള അവരുടെ അഭിനിവേശം മാർട്ടിനെ ആകർഷിച്ചു. ഇങ്ങനെയാണ് പുസ്തക പരമ്പര ടിവി സീരീസാക്കാൻ മാർട്ടിനിൽ നിന്ന് ബെനിയോഫും വെയ്സും സമ്മതം നേടിയെടുത്തത്.
പാളിപ്പോയ പെെലറ്റ് എപിസോഡ്
മാർട്ടിനിൽ നിന്ന് സമ്മതം നേടിയെടുക്കുക എന്ന ആദ്യ കടമ്പ കടന്നെങ്കിലും 2009ൽ ആദ്യ പൈലറ്റ് എപിസോഡ് ഷൂട്ട് ചെയ്തപ്പോൾ അത് സമ്പൂർണ പരാജയമായിരുന്നു. ബെനിയോഫും വെയ്സും തന്നെ അത് അമ്പേ പരാജയമാണെന്ന് സമ്മതിച്ചു. കഥയുടെ വേഗമില്ലായ്മയും, ചില പ്രധാന രംഗങ്ങളിലെ ഇമോഷനുകൾ കാണുന്നവർക്ക് കണക്ട് ആകാത്തതും ചില അഭിനേതാക്കൾ മിസ്കാസ്റ്റ് ആയി തോന്നിയതുമെല്ലാം ഗുരുതരമായി പെെലറ്റ് എപിസോഡിനെ ബാധിച്ചു. എച്ച്ബിഓ യിലെ എക്സിക്യൂട്ടീവുകൾ പ്രിവ്യു കണ്ടപ്പോൾ തന്നെ ഇത് പരാജയമാകുമെന്ന് ഉറപ്പിച്ചു. ഇത് എയർ ചെയ്യാനാകില്ലെന്ന് അവർ കട്ടായം പറഞ്ഞു. ഷോ കാൻസൽ ചെയ്യുന്നതിന്റെ വക്കോളം എത്തി കാര്യങ്ങൾ.

നിരാശരായെങ്കിലും ബെനിയോഫും വെയ്സും ഇതിൽ നിന്നു പിന്മാറാൻ തയ്യാറായിരുന്നില്ല. അവർ സ്ക്രിപ്റ്റിൽ വർക്ക് ആകാതിരുന്ന പ്രധാന ഭാഗങ്ങൾ തിരുത്തിയെഴുതി. ചില പ്രധാന കഥാപാത്രങ്ങളെ മാറ്റി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഈ മാറ്റങ്ങളിൽ പ്രധാന മാറ്റം ടംസിൻ മർച്ചന്റ്നെ മാറ്റി എമിലിയ ക്ലാർക്ക്നെ ഡൈനറിസ് ടാർഗെറിയനായി കൊണ്ടുവന്നതായിരുന്നു. റീകാസ്‌റ്റിംഗ് വളരെ റിസ്ക് പിടിച്ച നീക്കമായിരുന്നു, പ്രത്യേകിച്ചും ആദ്യത്തെ പൈലറ്റിനായി ചെലവഴിച്ച പണം കൂടി നോക്കുമ്പോൾ. എന്നാൽ ഈ തീരുമാനം പിന്നീട് ഗെയിം ചെയിഞ്ചറായി.
ടേണിങ് പോയിന്റ്
പൈലറ്റ് എപ്പിസോഡ് റീഷൂട്ട് ചെയ്യാനുള്ള തീരുമാനവും, ചില പ്രധാന കഥാപാത്രങ്ങളെ മാറ്റി കാസ്റ്റ് ചെയ്തതും സീരീസിന്റെ വിജയത്തിൽ പിന്നീട് നിർണായകമായി. ഡൈനറിസ് ടാർഗാരിയനായുള്ള എമിലിയ ക്ലാർക്കിന്റെ പ്രകടനം വലിയ വഴിത്തിരിവായിരുന്നു. കഥാപാത്രത്തിന് ആവശ്യമായിരുന്ന ആഴവും തീവ്രതയും സ്ക്രീനിൽ കൊണ്ടുവരാൻ എമീലിയക്ക് കഴിഞ്ഞു. കാറ്റ്‌ലിൻ സ്റ്റാർക്ക് ആയി മിഷേൽ ഫെയർലിയെ കൊണ്ടുവന്നതുപോലെയുള്ള മറ്റ് റീകാസ്റ്റുകളും ഷോയെ ശക്തിപ്പെടുത്തി.

പുതിയ പൈലറ്റ് വെസ്റ്ററോസിൻ്റെ ഇരുണ്ടതും വൈകാരികവും സങ്കീർണ്ണവുമായ ലോകത്തെ വരച്ചുകാട്ടുന്നതിൽ ഗംഭീര അഭിപ്രായം നേടി. ആദ്യ പെെലറ്റ് എപിസോഡിന് കഴിയാതെ പോയതും ഇതുതന്നെയായിരുന്നു. പുതിയ പെെലറ്റിന്റെ പ്രിവ്യു കണ്ട് എച്ച്ബിഓ അധികൃതർ സീരീസിന് പച്ചക്കൊടി കാണിച്ചു. അന്നുമുതൽ, ഗെയിം ഓഫ് ത്രോൺസ് എക്കാലത്തെയും മികച്ച, ജനപ്രിയ പരമ്പരകളിലൊന്നായി മാറുന്നതിന്റെ പാതയിലെത്തിക്കഴിഞ്ഞിരുന്നു.
ഗംഭീരം വെസ്റ്ററോസ്
ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസ് ക്രിയേറ്റഴ്സിന്റെ എറ്റവും വലിയ നേട്ടം വെസ്റ്ററോസിന്റെ ലോകത്തെ പുസ്തകത്തിലുള്ളതുപോലെ തന്നെ അതിന്റെ യാഥാർഥ്യത്തിലെത്തിച്ചു എന്നതായിരുന്നു. നോർത്തേൺ ഐർലൻഡ്, ക്രൊയേഷ്യ, ഐസ്‌ലാൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വ്യത്യസ്ത ഭൂപ്രകൃതിയുള്ള വെസ്റ്ററോസിന്റെ ലോകത്തെ വിശ്വസിനീയമാം വിധം അവതരിപ്പിക്കാനായിരുന്നു പല രാജ്യങ്ങളിലായി നടന്ന ചിത്രീകരണം. കിംഗ്സ് ലാൻഡിംഗിലെ തെരുവുകളും വിന്റർഫെല്ലിലെ മഞ്ഞുകൊണ്ടുണ്ടാക്കിയ ഭിത്തിയുമെല്ലാം യാഥാർഥ്യമാക്കാൻ കൂറ്റൻ സെറ്റുകളാണ് പ്രൊഡക്ഷൻ ടീം ഒരുക്കിയത്.

ഡ്രാഗണുകൾ, ഡൈർവോൾവ്സ്, വമ്പൻ യുദ്ധ രംഗങ്ങൾ എന്നിവ സൃഷ്ടിക്കാൻ CGI ആണ് ഉപയോഗിച്ചത്. എന്നാൽ വിഷ്വൽ ഇഫക്‌റ്റുകൾ വിശ്വസനീയമായി തോന്നുന്ന രീതിയിൽ തന്നെ ചെയ്യാൻ സാധിച്ചു എന്നുള്ളത്, ടിവി സീരീസ് നിർമാണ രംഗത്ത് തന്നെ വിപ്ലവകരമായ മാറ്റമായിരുന്നു.
പുത്തൻ താരോദയങ്ങൾ
ഗെയിം ഓഫ് ത്രോൺസിലെ അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു സീരീസിന്റെ ശക്തികളിലൊന്ന്. സീരീസ് ആരംഭിക്കുന്നതിന് മുമ്പ് അറിയപ്പെടാതിരുന്ന പല പേരുകളും ഗ്ലോബൽ സെൻസേഷനുകളായി മാറി. കിറ്റ് ഹാരിംഗ്ടൺ (ജോൺ സ്നോ), സോഫി ടർണർ (സാൻസാ സ്റ്റാർക്), മൈസി വില്യംസ് (ആര്യ സ്റ്റാർക്), പീറ്റർ ഡിങ്ക്ലേജ് (ടിറിയൺ ലാനിസ്റ്റർ) ലെന ഹെഡി (സെർസി ലാനിസ്റ്റർ) തുടങ്ങിയവരെ ലോകമെങ്ങും അറിയപ്പെടുന്ന താരങ്ങളാക്കി മാറ്റി ഗെയിം ഓഫ് ത്രോൺസ്.

ഒട്ടും എളുപ്പമുള്ളതായിരുന്നില്ല കാസ്റ്റിംഗ്. ആയിരക്കണക്കിന് അഭിനേതാക്കൾ വിവിധ വേഷങ്ങൾക്കായി ഓഡിഷൻ നടത്തി. പീറ്റർ ഡിങ്ക്‌ലേജിനെ (ടൈറിയൻ ലാനിസ്റ്റർ) പോലെയുള്ള ചിലർ ഉടനടി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മറ്റുള്ളവരെ കണ്ടെത്തുന്നതിന് സമയമെടുത്തു. ഇത് കൂടാതെ അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയാണ് സീരീസിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.
പ്രതീക്ഷകളുടെ അമിത ഭാരം
സീരീസ് കൂടുതൽ ജനപ്രിയമായതോടെ ആരാധകരുടെ പ്രതീക്ഷകളും വർദ്ദിച്ചു. അതുകൊണ്ടുതന്നെ അണിറപ്രവർത്തകർക്ക് ആരാധകരുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയരാനുള്ള സമ്മർദ്ദവും കൂടി. എ സോംഗ് ഓഫ് ഐസ് ആൻഡ് ഫയർ പുസ്തക പരമ്പരയുടെ ആരാധകർ
ഇതിനോടകം തന്നെ കഥാപാത്രങ്ങളുമായും കഥാ സന്ദർഭങ്ങളുമായും ആഴത്തിൽ കണക്ട് ആയിരുന്നു. നോവൽ ടിവി പരമ്പരയാക്കുമ്പോൾ കൊണ്ടുവരുന്നതിനായുള്ള സ്വാഭാവിക മാറ്റങ്ങൾ വരുത്തുമ്പോൾ ഇത്രയും ജനപ്രിയമായ ഒരു പുസ്‌തക പരമ്പര അതിന്റെ ആരാധകർ വലിയ വിമർശനമൊന്നുമില്ലാതെ സ്വീകരിക്കുന്നത് എളുപ്പമായിരുന്നില്ല.
പിന്നീട് സീരീസ് മാർട്ടിന്റെ എഴുത്തിനെ വരെ മറികടന്നു. സീസൺ 6 ആയപ്പോഴേക്കും, ജോർജ്ജ് R.R. മാർട്ടിൻ എഴുതിയ മെറ്റീരിയലുകൾക്കപ്പുറത്തേക്ക് ബെനിയോഫിനും വെെസിനും നീങ്ങേണ്ടി വന്നു. അവർക്ക് മാർട്ടിനിൽ നിന്ന് ചില മാർഗനിർദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും, അവർക്ക് അവരുടേതായ തീരുമാനങ്ങൾ കഥാഗതിയുടെ കാര്യത്തിൽ എടുക്കേണ്ടിവന്നു. ഇത് ചില വിവാദങ്ങൾക്ക് കാരണമായി, പ്രത്യേകിച്ച് ഷോ അതിൻ്റെ അവസാന സീസണിലെത്തിയപ്പോൾ.
വിവാദങ്ങളുടെ അവസാന സീസൺ
ഗെയിം ഓഫ് ത്രോൺസിൻ്റെ അവസാന സീസൺ ഇപ്പോഴും ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. ചില ആളുകൾ ഗംഭീരമായ യുദ്ധ രംഗങ്ങളും ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളും ഏറെ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ ചില കഥാ സന്ദർഭങ്ങൾ കൊണ്ടെത്തിച്ച് അവസാനിപ്പിച്ച രീതിയിൽ ചിലർ തികച്ചും നിരാശരായിരുന്നു. ആദ്യ സീസണുകളിലൂടെ സീരീസിൽ ആരാധകർക്കുണ്ടായിരുന്ന വലിയ പ്രതീക്ഷകൾ ബെനിയോഫിനും വെെസിനും അവസാന സീസണിൽ നിറവേറ്റാൻ കഴിഞ്ഞില്ല എന്ന് പലർക്കും തോന്നി. ഇതോടെ ഇതിഹാസമായി മാറിയ ജനപ്രിയ പരമ്പരയുടെ അന്ത്യം വിവാദപരമായി. അത് ആരാധകരെ ഭിന്നിപ്പിച്ചു.
വിവാദങ്ങൾക്കിടയിലും അവസാന സീസൺ ലോകമെമ്പാടും ഒരു വലിയ ടെലിവിഷൻ ഈവന്റ് തന്നെയായിരുന്നു. കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡുകൾ തകർക്കുകയും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു എന്നുള്ളത് മറ്റൊരു യാഥാർഥ്യം.
ആഗോള പ്രതിഭാസം
ഗെയിം ഓഫ് ത്രോൺസ് ടിവി റേറ്റിംഗിൽ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല ചെയ്തത്. ആളുകൾ ടെലിവിഷൻ കാണുന്ന രീതിയെ തന്നെ അത് മാറ്റിമറിച്ചു. വമ്പൻ ബഡ്ജറ്റ്, സിനിമാറ്റിക് നിലവാരം, സങ്കീർണ്ണമായ കഥപറച്ചിൽ രീതി എന്നിവയിലൂടെ ഏതൊരു ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ സിനിമയെയും പോലെ ഒരു ടെലിവിഷൻ സീരീസും ഗംഭീരമാക്കാൻ കഴിയുമെന്ന് ഗെയിം ഓഫ് ത്രോൺസ് തെളിയിച്ചു. ഹൗസ് ഓഫ് ദി ഡ്രാഗൺ പോലെയുള്ള സ്പിൻ-ഓഫുകൾക്കും മറ്റ് ഫാൻ്റസി ഷോകൾക്കും ഇത് വഴിയൊരുക്കി.
പോപ്പ് കൾച്ചറിൽ ഷോയുടെ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്. "വിൻ്റർ ഈസ് കമിംഗ്" പോലുള്ള പദപ്രയോഗങ്ങൾ ദൈനംദിന സംഭാഷണത്തിൻ്റെ ഭാഗമായിത്തീർന്നു, ജോൺ സ്നോ, ഡെയ്‌നറിസ് ടാർഗേറിയൻ എന്നിവരെപ്പോലുള്ള കഥാപാത്രങ്ങൾ ഐകോണിക്കായി മാറി. ഷോ അവസാനിച്ച് വർഷങ്ങൾക്ക് ശേഷവും, ഫാൻ തിയറികളും, സംവാദങ്ങളും ഇന്നും സജീവമാണ്. അത്ര ആഴത്തിലാണ് ഗെയിം ഓഫ് ത്രോൺസ് എന്ന ടിവി സീരീസ് സമൂഹത്തിലുണ്ടാക്കിയ ഇംപാക്ട്.
അവിശ്വസിനീയമായ ഒരു യാത്ര
പരാജയപ്പെട്ട ഒരു പൈലറ്റ് എപിസോഡിൽ നിന്ന് ഒരു ആഗോള പ്രതിഭാസമായി മാറിയ അത്ഭുത സൃഷ്ടിയാണ് ഗെയിം ഓഫ് ത്രോൺസ്. ഷോയുടെ അവസാന സീസൺ സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ടെങ്കിലും ആഗോള ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി വരും വർഷങ്ങളിൽ ഓർമ്മിക്കപ്പെടുന്ന ഒന്നായിരിക്കും ഗെയിം ഓഫ് ത്രോൺസ് എന്ന കാര്യത്തിൽ സംശയമില്ല.
In Short | Game of Thrones, one of the most iconic shows in television history, transcended the medium to become a global phenomenon. Based on George R.R. Martin's intricate book series, A Song of Ice and Fire, adapting this complex narrative for television was no small feat. Let's explore how Game of Thrones became such a massive success.
Content Highlights: how game of thrones became global phenomenon struggles behind got
Published: 05 Nov 2024, 03:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented