ആറന്‍മുള: കോടിമുണ്ട് മുറുക്കിയുടുത്ത്, തലയില്‍ കസവുതോര്‍ത്തും കെട്ടി കുഞ്ഞിക്കൈകൊട്ടി അര്‍ജുന്‍ സാരഥി സ്ഫുടമല്ലാതെ പാടി... ' അര്‍ജുന സാരഥിയായി...വിശ്വനാഥനനതു നേരം....'. സ്ഫുടതയില്ലായ്മ പ്രായത്തിന്റേതാണെങ്കിലും താളബോധത്തിന്റെ കാര്യത്തില്‍ വള്ളപ്പാടുകള്‍ക്ക് മുന്നിലാണിവന്‍. ശനിയാഴ്ച തിരുവാറന്‍മുള ക്ഷേത്രമുറ്റത്ത് ഈ രണ്ടരവയസുകാരന്‍ വഞ്ചിപ്പാട്ടിന്റെ താളത്തില്‍ ലയിച്ച് മുതിര്‍ന്നവര്‍ക്കൊപ്പം നാലുമണിക്കൂറോളം എല്ലാവരുടേയും കണ്ണിലുണ്ണിയായി മാറുകയായിരുന്നു. ലോകപ്രസിദ്ധമായ ആറന്‍മുളയുടെ പൈതൃകം തലമുറയും കാലവും എത്ര മാറിയാലും മാറാനാകില്ലെന്നതിന്റെ തെളിവ് കൂടിയായിരുന്നു ഈ കുരുന്നിന്റെ കരനാഥമനസ്.
ചെന്നിത്തല സൗത്തില്‍ കിണറുവിള നതോന്നതയില്‍ വിനീത് വി. നായരുടേയും വീണയുടേയും ഏകമകനായ അര്‍ജുന്‍ സാരഥി എട്ടാം മാസം പള്ളിയോടത്തില്‍ കയറി ആറന്‍മുളയില്‍ അച്ഛനൊപ്പം എത്തിയതാണ്. വഞ്ചിപ്പാട്ട് കേട്ടുറങ്ങുന്ന കുട്ടിയാണിവന്‍. തന്റെ കുട്ടിക്കാലത്ത് കേട്ടും അനുഭവിച്ചും ആസ്വദിച്ചും വളര്‍ന്ന ആറന്‍മുള പൈതൃകത്തോടുള്ള മമത മകനിലും വിനീത് വളര്‍ത്തിയെടുക്കുകയായിരുന്നു. വഞ്ചിപ്പാട്ടിന്റെ വൃത്തമായ നതോന്നത എന്ന വാക്ക് തന്നെ വീടു പണിതപ്പോള്‍ വിനീത് പേരിനായി തിരഞ്ഞെടുത്തതും ഈ ഇഴയടുപ്പം തന്നെ. ഹെര്‍മന്‍ എന്ന ബഹുരാഷ്ട്രകമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് വിനീത്. പരേതനായ വഞ്ചിപ്പാട്ട് കലാകാരന്‍ പരേതനായ വിജയന്റെ മകനാണ് ഇദ്ദേഹം.
ജില്ലാ പഞ്ചായത്തും പള്ളിയോട സേവാസംഘവും ചേര്‍ന്ന് നടത്തിയ വഞ്ചിപ്പാട്ട് കളരിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് മുന്നോടിയായി , പാട്ട് പരിശീലിച്ചവരുടെ സമര്‍പ്പണ ചടങ്ങിലാണ് ശനിയാഴ്ച അര്‍ജുന്‍ സാരഥി താരമായത്. വിനീതിന്റെ ഒക്കത്തിരുന്ന അവന്‍ പാട്ട് കേട്ടപ്പോള്‍ താഴെയിറങ്ങാന്‍ പരിശ്രമം തുടങ്ങി. താഴെ നിര്‍ത്തിയപ്പോഴുടന്‍ പാട്ടുപാടുന്ന കുട്ടികള്‍ക്കു മുന്നിലേക്ക് നീങ്ങിച്ചെന്ന് അവരിലൊരാളായി കൈയടിച്ച് താളമിട്ടു തുടങ്ങി. പാട്ടുകളൊന്നും വശമില്ലെങ്കിലും കേട്ടുശീലിച്ചവ അവ്യക്തമായി പാടും.
കിഴക്കന്‍ മേഖല, മധ്യമേഖല, പടിഞ്ഞാറന്‍ മേഖല എന്നീ നാലു മേഖലകളാക്കി തിരിച്ചായിരുന്നു വഞ്ചിപ്പാട്ട് പരിശീലിച്ച കുട്ടികളുടെ സമര്‍പ്പണച്ചടങ്ങ്.
പടിഞ്ഞാറന്‍ മേഖലയുടെ ആളാണെങ്കിലും മൂന്ന് മേഖലയുടേയും അവതരണം നടക്കുമ്പോള്‍ അര്‍ജുന്‍ പാട്ടിനൊപ്പം ലയിച്ചു താളം പിടിച്ചു നിന്നു. മൂന്ന് മേഖലകളുടേയും സമര്‍പ്പണം കഴിഞ്ഞ് വഞ്ചിപ്പാട്ട് ആചാര്യന്‍മാരോടൊപ്പം കുട്ടികള്‍ ക്ഷേത്രത്തെ വലംവെച്ചപ്പോള്‍ ഏറ്റവും മുന്നില്‍ നടന്നത് അര്‍ജുന്‍ സാരഥിയായിരുന്നു- ആരും പറയാതെ ചിരിച്ചു കളിച്ച് താളംപിടിച്ച്
Content Highlights: 2.5-Year-Old Arjun Sarathi Charms Aranmula Vanchipattu
Published: 12 Apr 2025, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented