സമീപ വർഷങ്ങളിൽ ലോകത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലമായി മാറിയിരിക്കുകയാണ് ഇൻഡൊനീഷ്യൻ ദ്വീപായ ബാലി. മനോഹരമായ ബീച്ചുകൾ, സമ്പന്നമായ സംസ്കാരം, കുറഞ്ഞ ചെലവ് എന്നിവ കുടുംബങ്ങൾ, ഹണിമൂൺ ആഘോഷിക്കുന്ന ദമ്പതിമാർ, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ, കമിതാക്കൾ എന്നിവരെയെല്ലാം ഇവിടേക്ക് ആകർഷിക്കുന്നു. 2024-ൽ മാത്രം 6.3 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ബാലി സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.
എന്നാൽ അടുത്തിടെ ബാലിയെ കുറിച്ചുള്ള ഒരു വിചിത്രമായ വാദം ഓൺലൈനിൽ വൈറലായിട്ടുണ്ട്. ജമ്പർസ് ജമ്പ് റീപ്ലേ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വീഡിയോയിലെ സംഭാഷണങ്ങളാണ് ചർച്ചകൾക്ക് തിരികൊളുത്തിയത്. ബാലി സന്ദർശിക്കുന്ന കമിതാക്കൾ താമസിയാതെ വേർപിരിയുമെന്ന മുന്നറിയിപ്പാണ് ഇതിലുള്ളത്. റെഡ്ഡിറ്റിലും വൈറൽ വീഡിയോയുടെ കമന്റ് സെക്ഷനുകളിലും നിരവധി ആളുകൾ സമാനമായ അനുഭവങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കപ്പെട്ടു.
'ഞങ്ങൾ ഹണിമൂണിന് ബാലിയിൽ പോയി, ആറ് മാസത്തിന് ശേഷം വിവാഹമോചനം നേടി', റെഡ്ഡിറ്റിലെ ഒരു ഉപയോക്താവ് പറഞ്ഞു. 'എൻ്റെ ബോയ്ഫ്രണ്ടും ഞാനും യാത്രയ്ക്ക് ശേഷം വേർപിരിഞ്ഞു. എന്നാൽ ഉടൻ തന്നെ ഞാൻ എൻ്റെ ഭർത്താവിനെ കണ്ടുമുട്ടി. ഇത് ഒരു മറഞ്ഞിരിക്കുന്ന അനുഗ്രഹമാകാം', മറ്റൊരു വ്യക്തി എഴുതി. 'ഇത് യാഥാർഥ്യമാണോ എന്ന് എനിക്ക് ഉറപ്പില്ല, പക്ഷെ എൻ്റെ രണ്ട് വർഷത്തെ ബന്ധം അവിടെ വെച്ച് അവസാനിച്ചു', മറ്റൊരാൾ വെളിപ്പെടുത്തി.
ഈ വേർപിരിയൽ കഥകളിൽ ഭൂരിഭാഗവും ബാലിയുടെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നായ തനാഹ് ലോട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പാറക്കെട്ടുകളുള്ള തീരത്ത് സ്ഥിതിചെയ്യുന്നതും കടലിനാൽ ചുറ്റപ്പെട്ടതുമായ ഈ ക്ഷേത്രം മതപരമായ സ്ഥലവും പ്രധാന വിനോദസഞ്ചാര കേന്ദ്രവുമാണ്.16-ാം നൂറ്റാണ്ടിൽ നിർമിച്ചതും കടൽ ദേവന്മാർക്ക് സമർപ്പിച്ചതുമായ തനാഹ് ലോട്ട്, മനോഹരമായ സൂര്യാസ്തമയങ്ങൾക്കും ശാന്തമായ അന്തരീക്ഷത്തിനും പ്രശസ്തമാണ്. എന്നാൽ സൗന്ദര്യത്തിനപ്പുറം, ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവുമുണ്ട്.
ഒരിക്കൽ തനാഹ് ലോട്ട് സന്ദർശിച്ച ഒരു ജാവ രാജകുമാരനേയും രാജകുമാരിയേയും കുറിച്ചാണ് ഈ കഥ. പ്രണയ യാത്രയ്ക്കിടെ തനാഹ് ലോട്ടിൽവെച്ച് രാജകുമാരൻ രാജകുമാരിയെ ഉപേക്ഷിച്ചെന്നും ഹൃദയം തകർന്ന രാജകുമാരി ആ നാടിനെ ശപിച്ചുവെന്നുമാണ് പറയപ്പെടുന്നത്. തനാഹ് ലോട്ട് സന്ദർശിക്കുന്ന കമിതാക്കൾ ആറു മാസത്തിനുള്ളിൽ വേർപിരിയുമെന്നായിരുന്നു ശാപം. ഈ കഥ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ 'ബാലി ബ്രേക്ക്അപ്പ് ശാപം' എന്നറിയപ്പെട്ടു. കൊൽക്കത്തയിലെ ദക്ഷിണേശ്വർ ക്ഷേത്രം പോലുള്ള സ്ഥലങ്ങളുമായി ഇതിനെ താരതമ്യം ചെയ്തിട്ടുമുണ്ട്. അവിടെയും സമാനമായ വിശ്വാസങ്ങൾ വിവാഹിതരാകാത്ത ദമ്പതികളുടെ സന്ദർശനം നിരുത്സാഹപ്പെടുത്തുന്നു.
എന്നാൽ ഈ ശാപ കഥ വിശ്വസിക്കാത്ത ഒട്ടേറെപ്പേരുണ്ട്. ഒരുമിച്ച് യാത്ര ചെയ്യുന്നത്, പ്രത്യേകിച്ച് ആദ്യത്തെ അന്താരാഷ്ട്ര യാത്ര പൊരുത്തക്കേടുകൾ പുറത്തുവരാൻ സാധ്യതയുള്ളതാണെന്ന് പലരും വാദിക്കുന്നു. ഒരുമിച്ചുള്ള കൂടുതൽ സമയം, യാത്രയുടെ സമ്മർദ്ദം, സാംസ്കാരിക വ്യത്യാസങ്ങൾ എന്നിവ ഏത് ബന്ധത്തെയും പരീക്ഷിക്കാൻ കഴിയുന്നതാണ്. അതിനാൽ, ഈ ഐതിഹ്യം ബാലിയുടെ ആകർഷണീയതയ്ക്ക് ഒരു നിഗൂഢത നൽകുന്നുണ്ടെങ്കിലും കമിതാക്കൾ വേർപിരിയുന്നത് ശാപം കൊണ്ടായിരിക്കില്ല, അവർക്ക് പരസ്പരം വ്യക്തത ലഭിക്കുന്നതുകൊണ്ടാവാം എന്നാണ് ശാപ കഥകളെ എതിർക്കുന്നവർ പറയുന്നത്.
Content Highlights: What Is Bali Breakup Curse For Unmarried Couples
Published: 11 Jul 2025, 12:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented