ഇന്ത്യ ടൂറിസം ഡാറ്റാ കംബെൻഡിയം 2025 അനുസരിച്ച് ഇന്ത്യയിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലാണ് സംസ്ഥാനം ഇടംപിടിച്ചത്. ട്രാവൽ ചാർട്ടുകളിൽ പശ്ചിമ ബംഗാൾ മുകളിലേക്ക് കയറുന്നതുവെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ.
വലിയ പ്രചാരണങ്ങളേയോ നേരിട്ടുള്ള ആഗോള വിമാന സർവീസുകളേയോ ആശ്രയിക്കുന്നതിനുപകരം, പശ്ചിമ ബംഗാളിന്റെ ഈ മുന്നേറ്റത്തിന് കാരണം ആളുകളുടെ സംസാരത്തിലൂടെയുള്ള പ്രചാരണവും സാംസ്കാരികമായ കൗതുകവും ഇവിടുത്തെ ഉത്സവങ്ങളിലും പൈതൃക സ്ഥലങ്ങളിലുമുള്ള വർധിച്ചുവരുന്ന താത്പര്യവുമാണ്.
2024-ൽ 31 ലക്ഷം അന്താരാഷ്ട്ര സഞ്ചാരികളാണ് സംസ്ഥാനത്തെത്തിയത്. 2023-ലെ 27 ലക്ഷത്തിൽ നിന്നുള്ള വലിയൊരു കുതിച്ചുചാട്ടമാണിത്. ജനുവരിക്കും ജൂണിനും ഇടയിൽ മാത്രം 27 ലക്ഷത്തിലധികം വിദേശ വിനോദസഞ്ചാരികൾ എത്തിയിരുന്നു. ഇതിൽ വലിയൊരു ഭാഗം യൂറോപ്പിൽനിന്നും യുഎസ്സിൽ നിന്നുമാണ് വരുന്നത്.
യുഎസ്സിൽ നിന്ന് 80,647 സന്ദർശകരും തൊട്ടുപിന്നാലെ റഷ്യയിൽ നിന്ന് 79758, യുകെയിൽ നിന്ന് 77792, ഇറ്റലിയിൽ നിന്ന് 64,225 എന്നിങ്ങനെയാണ് കണക്കുകൾ. ഈ പ്രദേശങ്ങളിലൊന്നിലേക്കും പശ്ചിമ ബംഗാളിൽനിന്ന് നേരിട്ട് വിമാന സർവീസുകൾ ഇല്ലെന്നതാണ് ഇതിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. എന്നിട്ടും സംസ്കാരത്തിനും അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന യാത്രക്കാരെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുന്നു.
വിനോദസഞ്ചാരത്തോടുള്ള സംസ്ഥാനത്തിന്റെ വിശാലമായ സമീപനമാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഫെസ്റ്റിവൽ ടൂറിസം, തീർഥാടന ടൂറിസം, MICE ടൂറിസം, മറ്റ് പ്രത്യേക വിഭാഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ തരം സന്ദർശകരെ ആകർഷിക്കാൻ പശ്ചിമ ബംഗാൾ ശ്രമിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പശ്ചിമ ബംഗാൾ രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയെന്നും മറ്റൊരു വലിയ നാഴികക്കല്ല് പിന്നിട്ടെന്നും അഭിമാനമുണ്ടെന്നും അവർ എക്‌സിൽ കുറിച്ചു.
"ഇന്ത്യയുടെ ഏറ്റവും മധുരമായ ഭാഗമായ പശ്ചിമ ബംഗാൾ സന്ദർശിക്കാനും ഇവിടുത്തെ സൗന്ദര്യവും സംസ്കാരവും പൈതൃകവും അനുഭവിക്കാനും ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ഞാൻ സ്വാഗതം ചെയ്യുന്നു. പശ്ചിമ ബംഗാളിന് ഈ അഭിമാന നിമിഷം സമ്മാനിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാ ടൂറിസം പങ്കാളികൾക്കും നന്ദി’- അവർ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ സന്ദർശിക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്
1. കൊൽക്കത്തയിലെ പഴയ തെരുവുകളിലൂടെ നടക്കുക
കാൽനടയായി ആസ്വദിക്കാൻ എളുപ്പമുള്ള നഗരമാണ് കൊൽക്കത്ത. കോളേജ് സ്ട്രീറ്റ്, കുമാർതുലി, അല്ലെങ്കിൽ പാർക്ക് സ്ട്രീറ്റ് പോലുള്ള ഏതെങ്കിലും ഒരു പ്രദേശം തിരഞ്ഞെടുത്ത് നടക്കാൻ തുടങ്ങുക. പഴയ കെട്ടിടങ്ങൾ, പുസ്തകശാലകൾ, കഫേകൾ, ചെറിയ പാതകൾ എന്നിവ നഗരത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. നിങ്ങൾക്ക് ചായ കുടിക്കാൻ നിർത്താം, അല്ലെങ്കിൽ കരകൗശല വിദഗ്ധർ ജോലി ചെയ്യുന്നത് കാണാം.
2. ഡാർജിലിങ്ങിലെ കുന്നുകൾ സന്ദർശിക്കുക
തണുത്ത കാലാവസ്ഥയും മലനിരകളുടെ കാഴ്ചകളും ഇഷ്ടപ്പെടുന്നെങ്കിൽ, ഡാർജിലിങ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ഈ പട്ടണത്തിൽ ശാന്തമായ കോണുകളും മനോഹരമായ തേയിലത്തോട്ടങ്ങളും മികച്ച സൂര്യോദയ കാഴ്ചകൾ നൽകുന്ന സ്ഥലങ്ങളുമുണ്ട്. ടൈഗർ ഹിൽ ഒരു പ്രധാന ആകർഷണമാണ്. നിങ്ങൾക്ക് ടോയ് ട്രെയിനിലും യാത്ര ചെയ്യാം. കുന്നുകളുടെ മനോഹരമായ കാഴ്ചകൾ ഇത് നൽകുന്നു.
3. ബംഗാളി ഭക്ഷണം പരീക്ഷിക്കുക
ബംഗാൾ അനുഭവത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഭക്ഷണം. ലുചി-ആലു ദം, മീൻ കറി, കോഷ മങ്ഷോ പോലുള്ള ലളിതമായ വിഭവങ്ങളിൽനിന്ന് നിങ്ങൾക്ക് തുടങ്ങാം. പിന്നെ തീർച്ചയായും മധുരപലഹാരങ്ങളും കഴിക്കണം. മിഷ്ടി ദോയി, രസഗുള, സന്ദേശ് എന്നിവ തീർച്ചയായും പരീക്ഷിക്കേണ്ടവയാണ്. മിക്ക സ്ഥലങ്ങളിലും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതുകൊണ്ട് നിങ്ങൾക്ക് പലതും പരീക്ഷിക്കാൻ കഴിയും.
4. സുന്ദർബൻസിൽ പര്യവേക്ഷണം നടത്തുക
ശാന്തവും പച്ചപ്പ് നിറഞ്ഞതും സാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവുമാണ് സുന്ദർബൻസ്.
ഇവിടെ നിങ്ങൾക്ക് ഇടുങ്ങിയ ജലപാതകളിലൂടെ ബോട്ടിൽ യാത്ര ചെയ്യാനും ചുറ്റുമുള്ള കണ്ടൽക്കാടുകൾ കാണാനും കഴിയും. അപൂർവ പക്ഷികൾ, മുതലകൾ, മറ്റ് വന്യജീവികൾ എന്നിവയെ കാണാൻ കഴിഞ്ഞേക്കാം.
5. പ്രിൻസെപ് ഘട്ടിൽ ഒരു സായാഹ്നം ചെലവഴിക്കുക
കൊൽക്കത്തയിൽ വിശ്രമിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങളിൽ ഒന്നാണ് പ്രിൻസെപ് ഘട്ട്. നദിയിൽ നിന്നുള്ള കാറ്റ് വളരെ സുഖകരമാണ്. നിങ്ങൾക്ക് അവിടെ ഇരിക്കുകയോ ചുറ്റിനടക്കുകയോ ചെറിയ ബോട്ട് യാത്ര നടത്തുകയോ ചെയ്യാം. വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ ഇവിടെ വരുന്നു. സൂര്യാസ്തമയത്തിനു ശേഷം പാലത്തിലെ വിളക്കുകൾ കാണാൻ നല്ല ഭംഗിയാണ്.
Content Highlights: Discover why West Bengal is now India`s second most popular international destination! Experience vibrant culture, heritage, and delicious food. Plan your trip!
Published: 30 Nov 2025, 06:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented