മുൻകമിതാക്കൾക്ക് വർഷത്തിലൊരിക്കൽ ഒത്തുചേരാൻ പ്രത്യേക ' ലൗ മാർക്കറ്റ്' ഉള്ള നാട്! വിയറ്റ്‌നാമിലെ ഖൗ വായ് (Khau Vai) ആണിത്.

To advertise here,

വിയറ്റ്‌നാമിലെ ഹാ ജിയാങ് (Ha Giang) പ്രവിശ്യയിലെ മനോഹരമായ മലനിരകളിലാണ് ഈ അപൂർവ സംഗമം നടക്കുന്നത്. എല്ലാ വർഷവും മൂന്നാം ചന്ദ്രമാസത്തിലെ 27-ാം നാളിലാണ് (ഏപ്രിൽ-മേയ് ) ഈ സാംസ്‌കാരിക ഉത്സവം നടക്കുക.

കമിതാക്കൾക്ക് പഴയ കഥകൾ ഓർത്തെടുക്കാനും, പരസ്പരം നന്മകൾ നേരാനുമുള്ള വേദിയാണിത്. മുൻ പ്രണയിതാക്കൾക്ക് മാത്രമല്ല, പുതുതായി പ്രണയം തേടുന്ന സിംഗിൾസിനും പങ്കാളിയെ കണ്ടെത്താൻ ഈ അവസരം സഹായിക്കുന്നുണ്ട്. കൂടാതെ വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് വന്ന് ഇവിടുത്തെ പ്രത്യേക ഭക്ഷണവും, നാടോടി പാട്ടുകളും നൃത്തങ്ങളും ആസ്വദിച്ച് സമയം ചെലവഴിക്കുന്നു. വിവിധ ഗോത്രവർഗ്ഗക്കാർ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് എത്തുക.

കഥ ഇങ്ങനെ:  നൂറ്റാണ്ടുകൾക്ക് മുൻപ് നുങ് (Nung) വംശജനായ ബാ എന്ന ചെറുപ്പക്കാരനും ഗിയായ് (Giay) വംശജയായ ഉത് എന്ന പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായി. ആചാരങ്ങളിലെ വ്യത്യാസവും ഗോത്രങ്ങൾ തമ്മിലെ ശത്രുതയും കാരണം അവർക്ക് ഒന്നാകാൻ കഴിഞ്ഞില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ അവർ തീരുമാനമെടുത്തു; സ്വന്തം കുടുംബങ്ങളെ ഓർത്ത് പിരിയാൻ അവർ തീരുമാനിച്ചു, പക്ഷേ, ജീവിതാവസാനം വരെ പ്രണയം സൂക്ഷിക്കുമെന്നും. വർഷത്തിലൊരിക്കൽ ഖൗ വായിൽ പരസ്പരം കാണാമെന്ന് അവർ പ്രതിജ്ഞ എടുത്തു.

2021-ൽ വിയറ്റ്‌നാം സാംസ്‌കാരിക മന്ത്രാലയം ഈ മേളയെ ദേശീയ സാംസ്‌കാരിക പൈതൃകമായി പ്രഖ്യാപിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.