മഴ മാറിനിന്ന സായന്തനത്തില്‍ ഇളംകാറ്റേറ്റ് അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധന്‍കറും കുടുംബവും സംതൃപ്തിയോടെ കൊല്ലത്തുനിന്ന് മടങ്ങി. ഇവിടത്തെ കായല്‍ സൗന്ദര്യത്തെയും വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്ന കാഴ്ചകളെയും പ്രകീര്‍ത്തിച്ച് സാമൂഹിക മാധ്യമമായ 'എക്സി'ല്‍ അദ്ദേഹം കുറിപ്പും പോസ്റ്റ്‌ചെയ്തു. കേരളത്തിന്റെ അനുപമവും സമൃദ്ധവുമായ പച്ചപ്പിനെയും അദ്ദേഹം പ്രശംസിച്ചു.

To advertise here,

'ഭാരതത്തിലെ ഏതു പ്രദേശത്തുപോയാലും അവിടം വിനോദസഞ്ചാരത്തിന്റെ പറുദീസ ആയിരിക്കും. സമൃദ്ധമായ പച്ചപ്പാല്‍ നിബിഡമായ കേരളത്തിലെ 'പുറംകായല്‍' ആകര്‍ഷകവും മോഹിപ്പിക്കുന്നതും എപ്പോഴും നമ്മെ ക്ഷണിക്കുന്നതുമായ ഒരു പ്രതിഭാസമാണ്'. ഉപരാഷ്ട്രപതിയുടെ പോസ്റ്റ് ഇതിനകം വൈറല്‍ ആവുകയും ചെയ്തു.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തിരുവനന്തപുരം വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സില്‍ ബിരുദദാന ചടങ്ങിനുശേഷം കൊല്ലത്ത് എത്തിയത്. അഷ്ടമുടിക്കായലോരത്തെ 'ലീല റാവിസി'ലായിരുന്നു താമസവും ഉല്ലാസയാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിരുന്നത്. ഇരുപത്തിമൂന്ന് മണിക്കൂറോളം അദ്ദേഹം കൊല്ലത്ത് ചെലവഴിച്ചു. 24 അംഗ സംഘമാണ് ഉല്ലാസയാത്രയ്ക്ക് എത്തിയത്.

കായലിലെ ദ്വീപുകളും കണ്ടല്‍ച്ചെടികളുടെ പച്ചപ്പും ഉപരാഷ്ട്രപതിക്ക് ഏറെ ഇഷ്ടമായി. അതിനാല്‍ ഞായറാഴ്ച രാവിലെ മണ്‍റോത്തുരുത്തിലേക്ക് മറ്റൊരു കായല്‍ യാത്രയ്ക്കും തീരുമാനിച്ചിരുന്നു. ഹോട്ടലില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര രാവിലെ 9.15 എന്നത് 11.15 ആയി മാറ്റിനിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ ജലമാര്‍ഗ്ഗം പോയി മടങ്ങിയെത്താന്‍ ആറുമണിക്കൂര്‍ വേണ്ടിവരുമെന്നതിനാല്‍ മണ്‍റോത്തുരുത്തിലേക്കുള്ള യാത്ര പിന്നീട് ഉപേക്ഷിച്ചു.

കൊല്ലത്തുനിന്ന് ഉച്ചയോടെ മടങ്ങി

ഇതിനിടെ ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ. സുദേശ് ധന്‍കറും മകള്‍ കാമ്നയും കൊല്ലം ബീച്ചില്‍ പ്രഭാതനടത്തം പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ഉപരാഷ്ട്രപതിയും സംഘവും പ്രഭാതഭക്ഷണശേഷം 11.20-ഓടെ ആശ്രാമത്തേക്ക് തിരിച്ചു. ഇരുവശങ്ങളിലും നിന്നവരെ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു. പന്ത്രണ്ടുമണിയോടെയാണ് ഉപരാഷ്ട്രപതിയും കുടുംബവും കയറിയ ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. പടവുകള്‍ കയറി പുഞ്ചിരിയോടെ എല്ലാവരെയും അദ്ദേഹം അഭിവാദ്യവും ചെയ്തു. കളക്ടര്‍ എന്‍.ദേവിദാസ്, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, കമ്മിഷണര്‍ വിവേക് കുമാര്‍ എന്നിവരും ഉപരാഷ്ട്രപതിയെ യാത്രയയയ്ക്കാനെത്തി.