
കൊല്ലം: സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായ ആദ്യ പദ്ധതി ‘വി-പാർക്ക് ’ ശനിയാഴ്ച തുറക്കും. റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ജനസൗഹൃദ-മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി. പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായ കൊല്ലം എസ്.പി.ഓഫീസ് ജങ്ഷൻ മേൽപ്പാലത്തിനടിയിലെ സൗന്ദര്യവത്കരണവും ഓപ്പൺ പാർക്കും പൂർത്തിയായി. ശനിയാഴ്ച 10.30-ന് മന്ത്രി മുഹമ്മദ് റിയാസ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകും.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയിലാണ് സംസ്ഥാന ടൂറിസം വകുപ്പ് രണ്ടുകോടിരൂപ ചെലവിൽ സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. 2024 ജൂലായ് 20-ന് ആരംഭിച്ച നിർമാണം ആറുമാസംകൊണ്ടാണ് പൂർത്തിയായത്. നടപ്പാതകൾ, ബാഡ്മിന്റൺ-ബാസ്കറ്റ്ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്കേറ്റിങ് ട്രാക്ക്, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ, ലഘുഭക്ഷണശാല, സ്ട്രീറ്റ് ഫർണിച്ചർ തുടങ്ങിയവ പാർക്കിൽ സജ്ജമാക്കും. ഇവയുടെ നിർമാണം തുടങ്ങിയിട്ടില്ല.
സിറ്റിങ് ഏരിയയുടെ നിർമാണം പൂർത്തിയായി. അലങ്കാരച്ചെടികൾ വച്ചുപിടിപ്പിച്ച് ഗാർഡൻ നിർമാണം പൂർത്തിയാകുന്നു. വിനോദസഞ്ചാരവകുപ്പിനു കീഴിലെ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡാണ് നിർവഹണ ഏജൻസി. പൊതുമരാമത്ത്-ടൂറിസം വകുപ്പുകൾ, കൊല്ലം കോർപ്പറേഷൻ, ഡി.ടി.പി.സി., അനുബന്ധ വകുപ്പുകൾ എന്നിവയുടെ സംയുക്ത സമിതിയാണ് പാർക്കിന്റെ തുടർപരിപാലനവും സംരക്ഷണവും നിർവഹിക്കുക. ഉദ്ഘാടനസമ്മേളനത്തിൽ എം.നൗഷാദ് എം.എൽ.എ. അധ്യക്ഷനാകും.
Content Highlights: Kollam`s V-Park, a public space under railway overbridges, opens July 29th
Published: 01 Mar 2025, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented