ടിബറ്റില്‍ സ്ഥിതിചെയ്യുന്ന കൈലാസ പര്‍വതം ഇന്ത്യയില്‍ നിന്ന് തന്നെ കാണാനുള്ള അപൂര്‍വ അവസരമൊരുങ്ങുന്നു. സെപ്തംബര്‍ 15 മുതല്‍ ഉത്തരാഖണ്ഡിലെ ലുപുലേഖ് ചുരത്തിലെ വ്യൂ പോയന്റിലൂടെയാണ് വിശ്വാസികള്‍ക്ക് കൈലാസം നേരിട്ട് കാണാന്‍ സാധിക്കുക. ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലെ വ്യാസ് താഴ്‌വരയിലാണ് സമുദ്രനിരപ്പില്‍ നിന്ന് 18,300 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലുപുലേഖ് ചുരമുള്ളത്. 
ടിബറ്റന്‍ പീഠഭൂമിയുടെ പടിഞ്ഞാറ് ചൈന, ഇന്ത്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത അതിര്‍ത്തിയില്‍നിന്ന് 100 കിലോമീറ്ററോളം വടക്കായാണ് കൈലാസ പര്‍വതമുള്ളത്.

To advertise here,

പിത്തോറഗഢ് ജില്ലയിലെ നാഭിദാംഗിലെ കെ.എം.വി.എന്‍. ഹട്ട്സ് മുതല്‍ ചൈനീസ് അതിര്‍ത്തിയിലെ ലുപുലേഖ് ചുരംവരെയുള്ള പാത തീര്‍ഥാടകര്‍ക്കായി തുറക്കുന്നതോടെയാണ്‌ കൈലാസ് ഇന്ത്യയില്‍ നിന്ന് നേരിട്ട് കാണാനുള്ള സുവര്‍ണാവസരം ഒരുങ്ങുക. ഇതുവഴി കൈലാസത്തിലേക്കുള്ള പാത കോവിഡ് വ്യാപനത്തോടെ അടച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ പാത തുറക്കാന്‍ ചൈന തയ്യാറായിട്ടില്ല. നിലവില്‍ ദര്‍ച്ചുലയില്‍ നിന്ന് ലുപുലേഖ് വരെ വാഹനത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് 800 മീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ കൈലാസ വ്യൂ പോയന്റില്‍ എത്താം. ഇവിടെ നിന്ന് കൈലാസ പര്‍വതവും ഓം പര്‍വതവും വ്യക്തമായി കാണാന്‍ സാധിക്കും.

ഹിമാലയപര്‍വതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപര്‍വതം. ഡല്‍ഹിയില്‍നിന്ന് 865 കിലോമീറ്റര്‍ അകലെ, സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 6,690 മീറ്റര്‍ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്‌മപുത്ര, കര്‍ണാലി തുടങ്ങിയവയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് കൈലാസപര്‍വതം.

ഹിന്ദുമത സങ്കല്‍പത്തില്‍ കൈലാസം ശിവന്റെ വാസസ്ഥാനമാണ്. ബുദ്ധ, ജൈന മതക്കാര്‍ക്കും ഇവിടം ഏറെ പുണ്യകേന്ദ്രമാണ്. ഈ പര്‍വതത്തിന് ചുറ്റും പ്രദക്ഷിണം നടത്തിയാല്‍ പാപമോക്ഷം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. വിശ്വാസപരമായ കാരണങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചു കൈലാസ പര്‍വതത്തില്‍ കയറുന്നതു നിരോധിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ പകുതി വരെയുള്ള കാലത്താണ് കൈലാസ തീര്‍ഥാടനം നടക്കുന്നത്. കൈലാസ-മാനസരോവര്‍ യാത്രയ്ക്ക് നിലവില്‍ സിക്കിമിലൂടെയും കാഠ്മണ്ഡുവിലൂടെയും രണ്ട് പാതകളാണുള്ളത്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് കൈലാസ യാത്രയ്ക്കുവേണ്ടി സാധുതയുള്ള പാസ്പോര്‍ട്ടും നിര്‍ദിഷ്ട ചൈനീസ് വിസയും ആവശ്യമാണ്.