അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം 2025 ജൂണിലാണ് കൈലാസ-മാനസരോവർ യാത്ര പുനരാരംഭിച്ചത്. ആത്മീയവും സാംസ്കാരികവുമായ ഒരു പുനരുജ്ജീവനത്തിനാണ് ഇതിലൂടെ തുടക്കമായത്.
തീർഥാടകരെ ടിബറ്റിലെ, ലോകത്തെ ഏറ്റവും വിദൂരവും അതിമനോഹരവുമായ ഉയർന്ന പ്രദേശങ്ങളിലൂടെയും പുണ്യസ്ഥലമായ കൈലാസ പർവതത്തിലേക്കും മാനസരോവർ തടാകത്തിൻ്റെ ശാന്തമായ തീരങ്ങളിലേക്കും ഈ യാത്ര നയിക്കുന്നു.
കഠിനമായ ഒരു ട്രെക്കിങ്ങിനപ്പുറം അഗാധമായആത്മീയ അനുഭവം കൂടിയാണ് ഈ യാത്ര. മാനസരോവറിൻ്റെ ശാന്തവും പവിത്രവുമായ വിസ്തൃതിയിലേക്കുള്ള, ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഈ സാഹസികയാത്ര തീർഥാടകർക്ക് ആരംഭിക്കാം.
കൈലാസ് മാനസരോവർ യാത്ര
ടിബറ്റൻ സ്വയംഭരണ പ്രദേശത്തെ പടിഞ്ഞാറൻ ഹിമാലയൻ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന, 6638 മീറ്റർ ഉയരമുള്ള, വജ്രാകൃതിയിലുള്ള കൈലാസ പർവതവും ശുദ്ധജല തടാകമായ മാനസരോവറും ദൈവിക ഊർജ്ജത്തിൻ്റെയും ആന്തരിക സമാധാനത്തിൻ്റെയും ഉറവിടങ്ങളായി കണക്കാക്കപ്പെടുന്നു.
ഹിന്ദുമതത്തിൽ കൈലാസമെന്നും ടിബറ്റൻ ഭാഷയിൽ ഗാങ് റിൻപോച്ചെയെന്നും അറിയപ്പെടുന്ന കൈലാസ പർവതത്തിനും മാനസരോവറിനും ഹിന്ദു, ജൈന, ബുദ്ധ, ബോൺ മതവിശ്വാസികളുടെ ഇടയിൽ അഗാധമായ ആത്മീയ പ്രാധാന്യമുണ്ട്.
എല്ലാ വർഷവും ലോകമെമ്പാടുമുള്ള ഭക്തരും സാഹസിക യാത്രികരും അതിൻ്റെ മതപരമായ പ്രാധാന്യവും സാംസ്കാരിക പൈതൃകവുംകൊണ്ട് ആകർഷിക്കപ്പെട്ട് കൈലാസ് മാനസരോവർ യാത്ര നടത്തുന്നു.
ഹിന്ദുക്കൾ പരമശിവൻ്റെ പുണ്യ വാസസ്ഥലമായി കണക്കാക്കുന്ന ഈ തീർഥാടനം, ജൈനമതക്കാർക്കും ബുദ്ധമതക്കാർക്കും ഒരുപോലെ പ്രാധാന്യമുള്ളതാണ്. വിദേശകാര്യ മന്ത്രാലയം എല്ലാ വർഷവും ജൂൺ മുതൽ സെപ്റ്റംബർ വരെ ഔദ്യോഗികമായി കൈലാസ് മാനസരോവർ യാത്ര സംഘടിപ്പിക്കുന്നുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷിക്കാൻ താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം:
- ഇന്ത്യൻ പൗരനായിരിക്കണം
- നിലവിലെ വർഷം സെപ്റ്റംബർ ഒന്നു വരെ കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വെക്കണം.
- നിലവിലെ വർഷം ജനുവരി ഒന്നിന് 18-നും 70-നും ഇടയിൽ പ്രായമുണ്ടായിരിക്കണം.
- ബോഡി മാസ് ഇൻഡക്സ് (BMI) 25 അല്ലെങ്കിൽ അതിൽ താഴെയായിരിക്കണം.
- തീർഥാടനം നടത്താൻ ശാരീരികമായും വൈദ്യശാസ്ത്രപരമായും യോഗ്യനായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം, ബുക്ക് ചെയ്യാം
മതപരമായ ആവശ്യങ്ങൾക്കായി തീർഥാടനം നടത്താൻ ആഗ്രഹിക്കുന്ന, സാധുവായ ഇന്ത്യൻ പാസ്‌പോർട്ടുള്ള യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് കൈലാസ് മാനസരോവർ യാത്രയ്ക്ക് അപേക്ഷിക്കാം. അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് മുൻപ്, താഴെ പറയുന്ന രേഖകൾ തയ്യാറാക്കി വെക്കുക.
- JPG ഫോർമാറ്റിലുള്ള സ്കാൻ ചെയ്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ (300 KB കവിയരുത്).
- നിങ്ങളുടെ പാസ്‌പോർട്ടിൻ്റെ സ്കാൻ ചെയ്ത കോപ്പി- നിങ്ങളുടെ ഫോട്ടോയും വ്യക്തിഗത വിവരങ്ങളും ഉള്ള പേജും കുടുംബ വിവരങ്ങളുള്ള അവസാന പേജും- PDF ഫോർമാറ്റിൽ (ഓരോ ഫയലും 500 KB കവിയരുത്).
കൈലാസ് മാനസരോവർ യാത്ര: ലഭ്യമായ വഴികൾ
കൈലാസ് മാനസരോവർ യാത്ര പ്രധാനമായും രണ്ട് വഴികളിലൂടെയാണ് സംഘടിപ്പിക്കുന്നത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസും സിക്കിമിലെ നാഥു ലാ പാസും.
- പാത 1: ലിപുലേഖ് പാസ് (ഉത്തരാഖണ്ഡ്)
- ആകെ ബാച്ചുകൾ: അഞ്ച്
- യാത്രാ ദൈർഘ്യം: ഏകദേശം 22 ദിവസം
- പാത 2: നാഥു ലാ പാസ് (സിക്കിം)
- ആകെ ബാച്ചുകൾ: 10
- യാത്രാ ദൈർഘ്യം: ഏകദേശം 21 ദിവസം
- കൈലാസ് മാനസരോവർ യാത്ര: ഏകദേശ ചെലവ്
തീർഥാടനത്തിൻ്റെ ചെലവ് തിരഞ്ഞെടുക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ് വഴി പോകുന്നതിന് ഒരാൾക്ക് ഏകദേശം 1.74 ലക്ഷം രൂപ ചിലവ് വരും. സിക്കിമിലെ നാഥു ലാ പാസ് വഴിയുള്ള യാത്ര താരതമ്യേന ചെലവേറിയതാണ്. ഇതിന് ഒരാൾക്ക് ഏകദേശം 2.83 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ലോകത്തെ ഏറ്റവും കഠിനവും സവിശേഷവുമായ യാത്ര
ഒരു യാത്രികൻ്റെ കാഴ്ചപ്പാടിൽ, കൈലാസ് മാനസരോവർ യാത്ര ലോകത്തിലെ ഏറ്റവും കഠിനവും സവിശേഷവുമായ കരമാർഗ്ഗമുള്ള യാത്രകളിലൊന്നാണ്. ടിബറ്റൻ പീഠഭൂമിയിലെ വിദൂരവും ഉയർന്നതുമായ ഭൂപ്രകൃതിയിലേക്ക് പ്രവേശിക്കാൻ ഇത് അപൂർവ അവസരം നൽകുന്നു.
ഹിമാലയത്തിലെ മറ്റേതൊരു കൊടുമുടികളിൽനിന്നും വ്യത്യസ്തമായി, പിരമിഡ് ആകൃതിയിലുള്ള കൈലാസ പർവതത്തിൻ്റെ അതിശയകരവും വിജനവുമായ ഭൂപ്രകൃതിയാണ് പ്രധാന ആകർഷണം.
15,000 അടിയിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാനസരോവർ തടാകത്തിൻ്റെ വിശാലവും ശാന്തവുമായ നീല നിറവും മറ്റൊരു ആകർഷണമാണ്. ഈ യാത്ര വലിയ തയ്യാറെടുപ്പുകൾ ആവശ്യമുള്ള ഒരു ദൗത്യമാണ്. ഉയരവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മറികടക്കാൻ യാത്രികർക്ക് കടുത്ത മനക്കരുത്ത് ആവശ്യമാണ്.
എന്നാൽ മനുഷ്യസ്പർശമേൽക്കാത്ത അതിമനോഹരമായ കാഴ്ചകളും പുരാതന സന്യാസി സംസ്കാരങ്ങളെ നേരിൽ കാണാനുള്ള അവസരവും പുണ്യപർവതത്തിന് ചുറ്റുമുള്ള കഠിനമായ ട്രെക്കിങ് പൂർത്തിയാക്കിയതിൻ്റെ സംതൃപ്തിയും ഇത് പ്രതിഫലമായി നൽകുന്നു.
Content Highlights: Embark on the Kailash Mansarovar Yatra 2025! Explore Tibet`s sacred Mount Kailash & Mansarovar Lake. Strict eligibility, essential prep. Book your spiritual adventure!
Published: 19 Nov 2025, 06:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented