50 ലക്ഷം മുടക്കിയാല്‍ അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള വഴിതുറക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ട്രംപിന്റെ ഗോള്‍ഡ് കാര്‍ഡിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. രജിസ്റ്റര്‍ ചെയ്യുന്ന സമ്പന്നരായ വിദേശികള്‍ക്ക് കാര്‍ഡിനുള്ള വെയിറ്റിങ് ലിസ്റ്റില്‍ ഇടംപിടിക്കാം. യുഎസ് പൗരത്വത്തിലേക്കുള്ള ഒരു പ്രീമിയം വഴി എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനെ വിശേഷിപ്പിക്കുന്നത്. അഞ്ച് മില്യണ്‍ (50 ലക്ഷം) ഡോളര്‍ (ഏകദേശം 43 കോടി ഇന്ത്യന്‍ രൂപ) ആണ് കാര്‍ഡിന്റെ വില. ഔദ്യോഗിക വെബ്‌സൈറ്റായ TrumpCard.gov ലൂടെയാണ് രജിസ്‌ട്രേഷന്‍. സ്വര്‍ണ്ണ നിറമുള്ള കാര്‍ഡിന്റെ ചിത്രവും ട്രംപിന്റെ ഫോട്ടോയും പേരും ഒപ്പും വെബ്‌സൈറ്റിലുണ്ട്. അപേക്ഷകന്റെ പേര്, ഇമെയില്‍, ജന്മദേശത്തെ സ്ഥലം, അപേക്ഷകന്‍ ഒരു വ്യക്തി എന്ന നിലയിലാണോ അതോ ഒരു ബിസിനസുമായി ബന്ധപ്പെട്ടാണോ അപേക്ഷിക്കുന്നത് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രജിസ്‌ട്രേഷനുവേണ്ടി നല്‍കണം.
അഞ്ച് ദശലക്ഷം ഡോളറിന് ട്രംപ് കാര്‍ഡ് വരുന്നു എന്നായിരുന്നു ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള ഒരു വഴി എന്നാണ് ഗോള്‍ഡ് കാര്‍ഡിനെ ട്രംപ് വിശേഷിപ്പിക്കുന്നതെങ്കിലും അത് ഉടനടിയുള്ള പ്രവേശനമോ സ്വാഭാവിക പൗരത്വമോ ഉറപ്പുനല്‍കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീന്‍ കാര്‍ഡ് പോലെയാണ് അതെന്നാണ് അവകാശവാദം. യുഎസില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പ്രോജക്ടുകളില്‍ വന്‍ നിക്ഷേപം നടത്തുന്ന വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ അനുവദിക്കുന്ന EB-5 നിക്ഷേപക വിസ പ്രോഗ്രാമിന് പകരമായാണ് ഈ വര്‍ഷം ആദ്യം ട്രംപ് കാര്‍ഡ് നിര്‍ദ്ദേശിച്ചത്. EB-5 പ്രോഗ്രാം ദീര്‍ഘകാലമായി കാലതാമസവും തട്ടിപ്പ് ആരോപണങ്ങളും നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്.
ഈ കാര്‍ഡ് വാങ്ങുന്നതിലൂടെ സമ്പന്നരായ ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് വരുമെന്ന് ഫെബ്രുവരിയില്‍ ട്രംപ് പറഞ്ഞിരുന്നു. അവര്‍ സമ്പന്നരും വിവിധ മേഖലകളില്‍ വിജയിച്ചവരും ആയിരിക്കും. അവര്‍ ധാരാളം പണം ചെലവഴിക്കുകയും ധാരാളം നികുതി നല്‍കുകയും ധാരാളം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യും. അത് പൗരത്വത്തിലേക്കുള്ള ഒരു വഴിയാണ്. സമ്പന്നരോ കഴിവുറ്റവരോ ആയവര്‍ക്ക് വേണ്ടിയുള്ളതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ട്രംപ് കാര്‍ഡിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് അതിന്റെ നികുതി ആനുകൂല്യങ്ങളാണ്. ലോകമെമ്പാടുമുള്ള വരുമാനത്തിന് നികുതി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് വ്യത്യസ്തമായി ഗോള്‍ഡ് കാര്‍ഡ് വാങ്ങുന്നവര്‍ യുഎസിലെ വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതിയെന്ന് ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളെ ആകര്‍ഷിച്ചേക്കും. ആഗോള നികുതി ബാധ്യതകള്‍ കാരണം യുഎസിലേക്ക് താമസം മാറുന്നത് ഒഴിവാക്കിയവരെ പ്രത്യേകിച്ചും.
EB-5 വിസ പ്രോഗ്രാമില്‍ നിന്ന് വ്യത്യസ്തമായി, ട്രംപ് കാര്‍ഡ് അപേക്ഷകരോട് യുഎസില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ ബിസിനസ് ആരംഭിക്കാനോ ആവശ്യപ്പെടുന്നില്ല. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലൂട്ട്‌നിക് അവകാശപ്പെട്ടത് പ്രകാരം ഒറ്റ ദിവസം കൊണ്ട് 1,000 കാര്‍ഡുകളാണ് വിറ്റഴിഞ്ഞത്. ലോകമെമ്പാടുമുള്ള ഏകദേശം 3.7 കോടി ആളുകള്‍ ട്രംപ് കാര്‍ഡ് വാങ്ങുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
Content Highlights: trump card officially opened for registration
Published: 12 Jun 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented