
നെടുങ്കണ്ടം: ഐതീഹ്യ പെരുമയും പ്രകൃതിയുടെ വശ്യസൗന്ദര്യവും ഇഴചേർന്ന സ്വർഗഭൂമിയാണ് രാമക്കൽമേട്. കോടമഞ്ഞിന്റെ കമ്പളം പുതച്ച കുന്നിൻ ചെരുവുകളിൽ സദാവീശുന്ന കാറ്റിന്റെ പരിലാളന ഏൽക്കാനും മനം കുളിർപ്പിക്കുന്ന കാഴ്ചകൾ കാണാനുമായി ദിവസേന ആയിരത്തിലധികം വിനോദസഞ്ചാരികളാണ് എത്തുന്നത്. എന്നാൽ, ഇവിടുത്തെ വികസനത്തിന്റെ കാറ്റിന് കരുത്തും വേഗവും പോര. സമുദ്രനിരപ്പിൽ നിന്നും 3000 അടിക്ക് മുകളിലായി സ്ഥിതിചെയ്യുന്ന രാമക്കൽമേട്ടിൽനിന്നുള്ള കാഴ്ച അതിമനോഹരമാണ്. പാറക്കെട്ടിനു മുകളിലൂടെയുള്ള യാത്ര ഹരം പകരുന്നതാണ്.
കുന്നിൻമുകളിൽ തലഉയർത്തി നിലകൊള്ളുന്ന കുറവൻ-കുറത്തി ശില്പമാണ് മറ്റൊരു ആകർഷണം. 1800 രൂപ മുടക്കിയാൽ ആമപ്പാറ, സൗരോർജ പാർക്ക്, രാമക്കൽമേട് വ്യൂപോയിന്റ് എന്നിവയെല്ലാം അഞ്ച് പേരടങ്ങുന്ന ഒരു ടീമിന് ഓഫ് റോഡ് ജീപ്പ് സർവീസിൽ കണ്ടുവരാം. പുതുതായി പണികഴിച്ച മലമുഴക്കി വേഴാമ്പൽ വാച്ച്ടവറും ഫോട്ടോ ഫ്രെയിം സെൽഫി പോയിന്റുമെല്ലാം സഞ്ചാരികളെ ആകർഷിക്കുമ്പോഴും രാമക്കൽമേടിന്റെ അടിസ്ഥാന സൗകര്യ വികസനം പിന്നിലാണ്.
ടൗൺ കൂരിരുട്ടിൽ
ടൗണിൽ സന്ധ്യ ആയാൽ കൂരിരുട്ടാണ്. ഇവിടുത്തെ ഉയരവിളക്ക് മിഴിയടച്ചിട്ട് വർഷങ്ങളായിട്ടും നന്നാക്കാൻ ഇതുവരെ അധികാരികളുടെ കണ്ണുതുറന്നില്ല. കരുണാപുരം പഞ്ചായത്തിന്റെ അഞ്ചാംവാർഡിൽ നിർമിച്ച ഉയരവിളക്കിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.
രാമക്കൽമേട്ടിൽ നിന്നും തമിഴ്‌നാടിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കാൻ വൈകീട്ട് എത്തുന്ന വിനോദസഞ്ചാരികൾ ഫോണിന്റെ വെളിച്ചത്തെ ആശ്രയിച്ചാണ് തിരികെ ഇറങ്ങാറ്. പ്രദേശവാസികളുടെ ആവശ്യത്തിന് തുടർന്നാണ് വിളക്ക് സ്ഥാപിച്ചത്. എന്നാൽ, കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്താത്തത് മൂലം ഇത് തകരാറിലായി. .
ആർക്കും വേണ്ടാതെ ഒരു പാർക്ക്
ഏറെ പ്രതീക്ഷയോടെ തുറന്നതാണ് കുട്ടികൾക്കായുള്ള പാർക്ക്. എന്നാൽ, അധികകാലം കഴിയുംമുമ്പ് തന്നെ സ്ഥിതി ദയനീയമായി. ഉപകരണങ്ങൾ പലതും പൊട്ടിയും തുരുമ്പെടുത്തും നശിച്ചു. അവയിൽ കയറിയാലുള്ള അപകട ഭീതിമൂലം ആരും ആ വഴി തിരിഞ്ഞുനോക്കുന്നില്ല. ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ റൈഡുകളുടെയും കളി ഉപകരണങ്ങളുടെയും മരുപ്പറമ്പാണ് പാർക്ക്. ഇതിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.
എല്ലാമുണ്ട്, എന്നാലൊന്നുമില്ല
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രകൃതിഭംഗിയും കാലാവസ്ഥയുമാണ് രാമക്കൽമേട്ടിലേത്. എന്നാൽ, ഇത് കാര്യക്ഷമമായി വിനിയോഗിക്കാൻ വേണ്ടപ്പെട്ടവർക്ക് കഴിയുന്നില്ല. ആമപ്പാറയിൽനിന്ന് കുറവൻ കുറത്തി മലയിലേക്ക് 1.5 കിലോമീറ്റർ ദൂരത്തിൽ ഒരു റോപ്പ് വേ എന്നത് ദീർഘകാല ആവശ്യമാണ്.
ഇതും പരിഗണിക്കുന്നില്ല. രാമക്കൽമേടിന്റെയും സമീപ പ്രദേശങ്ങളുടെയും ഓഫ് റോഡ് ഡ്രൈവിങ്ങ് സാധ്യതകളും പരിഗണിക്കണം. വിദേശികളെയും ഇതര സംസ്ഥാന ടൂറിസ്റ്റുകളെയും ആകർഷിക്കാൻ സാധിക്കുന്ന ഒരു പദ്ധതിയായിരുന്നു
സ്പൈസസ് മ്യൂസിയം. ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഗുണമേൻമയേറിയ സുഗന്ധവ്യഞ്ജനങ്ങൾ ഇവിടെ വിൽക്കാനും അവ സഞ്ചാരികൾക്ക് നേരിട്ട വാങ്ങാനും ഇതിലൂടെ സൗകര്യമൊരുങ്ങും. ഇങ്ങനെ കാർഷിക മേഖല കൂടി വികസിപ്പിക്കാൻ സാധിക്കും.
ശങ്ക തീരാതെ...
പല ഇടങ്ങളിലായി പത്തോളം ശുചിമുറികളുണ്ടെങ്കിലും ഇവ അപര്യാപ്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുറവന്‍ കുറത്തി മലയ്ക്ക് മുകളിലുള്ള ശുചിമുറികളിലെ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്നതാണ്. ചെളിയും അഴുക്കും അടിഞ്ഞ വെള്ളമാണ് ഇവിടെ ലഭിക്കുന്നത്.
ടൂറിസം സര്‍ക്യൂട്ട് ഒരുക്കണം
രാമക്കല്‍മേട്-തൂവല്‍വെള്ളച്ചാട്ടം-കൈലാസപ്പാറ-അണക്കരമെട്ട് എന്നീ സ്ഥലങ്ങളെ കൂട്ടിയിണക്കി ഒരു ടൂറിസം സര്‍ക്യൂട്ട് ഒരുക്കിയാല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാം.
-വിനായക് അയ്യക്കുന്നേല്‍ (പ്രസിഡന്റ്, രാമക്കല്‍മേട് റിസോര്‍ട്ട്‌സ് ആന്‍ഡ് ഹോം സ്‌റ്റേ അസോസിയേഷന്‍)
ആളുകള്‍ കുറവ്
സീസണ്‍ ആയിട്ടും ആളുകള്‍ കുറവാണ്. എന്തായാലും വരുംദിവസങ്ങളില്‍ അവസ്ഥയ്ക്ക് മാറ്റ മുണ്ടാകുമെന്നാണ് പ്രതീക്ഷ.
-അബ്ദുള്‍ റഷീദ് (ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍, രാമക്കല്‍മേട്)
Content Highlights: Tourist destination Ramakkalmedu in Idukki need development
Published: 12 Apr 2025, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented