അരുണാചല്‍പ്രദേശിലെ അതിര്‍ത്തിയായ തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയതിന്റെ ആശങ്ക ഇനിയും മാറിയിട്ടില്ല. അതൊന്നും ഇവിടത്തെ വിനോദസഞ്ചാരത്തെ ബാധിച്ചിട്ടില്ല. ഇപ്പോഴും ഏറെ സഞ്ചാരികള്‍ തവാങ് തേടിയെത്തുന്നു.

To advertise here,

നുറനാങ് വെള്ളച്ചാട്ടവും നംദഫ ദേശീയോദ്യാനവും സേല, ബുംല ചുരങ്ങളും തവാങ് ആശ്രമവുമെല്ലാമാണ് അരുണാചലിലെ പ്രധാന ആകര്‍ഷണങ്ങളിലുള്ളത്. മികച്ച താമസസൗകര്യവും ഇവിടെ ലഭ്യമാണ്. വിനോദസഞ്ചാരം വികസിച്ചതോടെ നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിച്ചുതുടങ്ങി. 

എല്ലാവരും തവാങ് സന്ദര്‍ശിച്ച് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറ്റണമെന്നും അങ്ങനെ ചൈനയ്ക്ക് തക്കമറുപടി നല്‍കണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

സദാസമയം മഞ്ഞുപുതച്ചുനില്‍ക്കുന്ന അരുണാചല്‍ പ്രദേശിലെ തവാങ് സഞ്ചാരികളുടെ പറുദീസയാണ്. രാജ്യത്തെ പ്രമുഖ ബുദ്ധിസ്റ്റ് കേന്ദ്രം കൂടിയാണ് തവാങ്. തവാങ് മൊണാസ്ട്രി, വാര്‍ മെമ്മോറിയല്‍, പി.ടി.സോ ലേക്ക്, സെലാ പാസ്സ്, മാധുരി ലേക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. തവാങ്ങിനും വെസ്റ്റ് കാമെങ്ങിനുമിടയിലാണ് ഗോരിചെന്‍ കൊടുമുടി.

സമുദ്ര നിരപ്പില്‍ നിന്ന് 3048 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തവാങ് മൊണാസ്ട്രിയില്‍ മാത്രം അഞ്ഞുറോളം ലാമമാരുണ്ട്. മോണ്‍പാസ്, ഷെര്‍ട്‌പെന്‍സ്, അകാസ്, ഹോസ്, മിജിസ് എന്നീ ബുദ്ധമത ഗോത്ര വിഭാഗങ്ങള്‍ തവാങിലും കൊമെങ് ജില്ലയിലും താമസിക്കുന്നു.

16,000ത്തോളം അടി മുകളില്‍ ഒറ്റപ്പെട്ടു കിടക്കുന്ന, സ്ഥലമാണ് തവാങ്. തവാങ് നഗരത്തിലും ഏതാണ്ട് പത്തുകിലോമീറ്റര്‍ ചുറ്റളവിലും മാത്രമാണ് ജനവാസം.