പഴനി: കൊടൈക്കനാലിലെ വിനോദസഞ്ചാരത്തിനു പുതിയമുഖം നല്‍കാന്‍ പദ്ധതികള്‍. മലയടിവാരത്തില്‍ പുതിയ ഇ-പാസ് കേന്ദ്രം, തടാകങ്ങളെ നവീകരിക്കല്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന ടൂറിസം ബോര്‍ഡ് ഡയറക്ടര്‍ സി. സമയമൂര്‍ത്തി പറഞ്ഞു. 

To advertise here,

പദ്ധതി നടപ്പാക്കുന്നതിനുമുന്നോടിയായി അദ്ദേഹം കൊടൈക്കനാല്‍ സന്ദര്‍ശിച്ചു. ആലോചനായോഗവും ചേര്‍ന്നു. ഇ-പാസ് അവലോകനം, വിനോദസഞ്ചാരികള്‍ വാഹനക്കുരുക്കില്‍ പെടാതിരിക്കാന്‍ സ്വീകരിച്ച നടപടികള്‍, സില്‍വര്‍ ഫാള്‍സ് ചെക്ക് പോസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍, കൊടൈക്കനാല്‍ ബസ്സ്റ്റാന്‍ഡിനു സമീപത്തെ വാഹന പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങിയവയുടെ സാധ്യതകളാണു പരിശോധിച്ചത്. 

കളക്ടര്‍ എം.എന്‍. പൂങ്കൊടി, എസ്.പി. പ്രതീപ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ആലോചനാ യോഗത്തില്‍ ജില്ലാ റവന്യൂ വകുപ്പ് ഓഫീസര്‍ ഷേക്ക് മുഹൈദീന്‍, ആര്‍.ഡി.ഒ. ശിവരാം, ഗതാഗതവകുപ്പ് ഓഫീസര്‍ ജയഗൗരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നാഗരാജ്, നഗരസഭാ കമ്മിഷണര്‍ സത്യനാഥന്‍, ഹൈവേസ് വകുപ്പ് ഡിവിഷന്‍ എന്‍ജിനീയര്‍മാരായ ശങ്കര്‍, കുമരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ-പാസിനെക്കുറിച്ച് ബോധവത്കരണം നടത്തണം - ടൂറിസം ഡയറക്ടര്‍

ഇ-പാസിനെക്കുറിച്ച് വിനോദസഞ്ചാരികള്‍ക്കിടയില്‍ ശരിയായ ബോധവത്ക്കരണം നടത്തണമെന്ന് ടൂറിസം ഡയറക്ടര്‍ നിര്‍ദേശിച്ചു. കൊടൈക്കനാലിലേക്ക് ഇ-പാസ് വഴി 5000 ബസുകള്‍ രജിസ്റ്റര്‍ചെയ്‌തെങ്കിലും 2000 ബസുകള്‍ മാത്രമാണു വന്നത്. ഇ-പാസ് രജിസ്റ്റര്‍ ചെയ്തവരില്‍ പകുതിയും വരുന്നില്ല. 

ഇക്കാര്യത്തില്‍ സഞ്ചാരികളുടെ അഭിപ്രായം അറിയാന്‍ സംവിധാനം ഒരുക്കണം, കൊടൈക്കനാലിലെ വാഹനക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ്, ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ നിയോഗിക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചു.