രാറ്റുപേട്ട : സാഹസികരായ വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന കേന്ദ്രങ്ങളാണ് മാർമല അരുവി, വേങ്ങത്താനം വെള്ളച്ചാട്ടം, കട്ടിക്കയം വെള്ളച്ചാട്ടം, അരുവിക്കച്ചാൽ വെള്ളച്ചാട്ടം എന്നിവ. ധാരാളം സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും ഇവർക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളോ സുരക്ഷാക്രമീകരണങ്ങളോ ഇവിടെയില്ല. യുവാക്കളുടെ സാഹസികതയാണ് എപ്പോഴും അപകടത്തിലെത്തിക്കുന്നത്. തടാകങ്ങളിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തിൽപെടുന്നത്.

വേങ്ങത്താനം അരുവി

കാഴ്ചയിൽ സുന്ദരവും അപകടസാധ്യത ഏറെയുള്ള അരുവിയാണ് വേങ്ങത്താനം അരുവി. പൂഞ്ഞാർ പഞ്ചായത്ത് ചേന്നാട് മാളികയിൽനിന്ന് രണ്ട് കിലോമീറ്ററോളം കാൽനടയായിവേണം അരുവിയിലെത്താൻ. ശാന്തമായ നീരൊഴുക്ക് മാത്രമാണെങ്കിലും മിനുസവും ചരിഞ്ഞതുമായ പാറകൾ അപകടമുണ്ടാക്കുന്നതാണ്. വഴുക്കലുള്ള പാറയിൽനിന്ന് തെന്നിയാൽ 250 അടിയോളം താഴ്ചയിലേക്കാണ് വീഴുന്നത്. മൂന്ന് തിട്ടയായിട്ടാണ് അരുവിയിലെ വെള്ളച്ചാട്ടം ഒഴുകുന്നത്. ഒന്നും രണ്ടും തിട്ടകൾ തമ്മിൽ 25 മീറ്ററോളം വ്യത്യാസമുണ്ട്. എന്നാൽ രണ്ടും മൂന്നും തമ്മിലാകട്ടെ നൂറ് മീറ്ററിന് മുകളിൽ ഉയരവുമുണ്ട്. അതുകൊണ്ട് തന്നെ അപകടമുണ്ടായാൽ രക്ഷപ്രവർത്തനം നടത്തുവാൻ ബുദ്ധിമുട്ടാണ്.

vengathanam

മാർമല അരുവി

കണ്ണുകൾക്ക് കുളിർമയേകുന്നതാണ് തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിലെ വെള്ളച്ചാട്ടം. മനോഹാരിത പോലെതന്നെ അപകടസാധ്യത ഏറെയുണ്ട് മാർമല അരുവിയിൽ. ശക്തമായ വെള്ളച്ചാട്ടത്തെ തുടർന്ന് പാറ കുഴിഞ്ഞുണ്ടയ തടാകത്തിന് 30 അടി താഴ്ചയുണ്ട്. പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ വെള്ളച്ചാട്ടത്തിന് 40 അടി ഉയരമുണ്ട്. പഞ്ചായത്ത് സ്ഥാപിച്ച സുരക്ഷാബോർഡുകൾ അവഗണിക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. അരുവിയുടെ സമീപപ്രദേശത്ത് ആൾതാമസം കുറവുള്ളതും അപകടത്തിൽപെടുന്നവർക്ക് സഹായം കിട്ടുന്നതിന് താമസം വരുന്നുണ്ട്.

marmala

അരുവിക്കച്ചാൽ

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 100 അടിയിലധികം ഉയരമുള്ളതാണ് അരുവിക്കച്ചാൽ വെള്ളച്ചാട്ടം. മഴക്കാലത്ത് മാത്രമാണ് ഇവിടെ വെള്ളമുള്ളത്. വഴുക്കലുള്ള പാറകളിൽ ഇറങ്ങിയാൽ അപകടം ഉറപ്പാണ്. വിനോദസഞ്ചാരികൾ ധാരാളമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവിടെയുമുണ്ട്

aruvikachal

കട്ടിക്കയം

മൂന്നിലവ് പഞ്ചായത്തിലെ പഴുക്കാക്കാനത്തുനിന്ന് ഒരുകിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ കട്ടിക്കയം അരുവിയിലെത്താം. ആകർഷണീയമായ പ്രകൃതിഭംഗിയേക്കാളേറെ അപകടം നിറഞ്ഞതാണ് കട്ടിക്കയം അരുവിയും വെള്ളച്ചാട്ടവും. 50 അടിയോളം ഉയരത്തിൽനിന്നാണ് വെള്ളം പതിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഇവിടെയെത്തുന്നവരുടെ സുരക്ഷയ്ക്കായി നിർമിച്ച പൈപ്പ് വേലികൾ നശിപ്പിക്കപ്പെട്ടനിലയിലാണ്. അടിസ്ഥാനസൗകര്യങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഒന്നും ഇവിടില്ല.

kattikayam

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വിനോദസഞ്ചാരത്തിന് എത്തുന്നവർ വെള്ളത്തിലിറങ്ങാതെ നോക്കണം. വെള്ളത്തിന്റെ ഒഴുക്കിനെയും താഴ്ചയെയും കുറിച്ച് പ്രദേശവാസികൾക്ക് മാത്രമേ അറിവുണ്ടാകൂ. വെള്ളച്ചാട്ടം മൂലമുണ്ടാകുന്ന കുഴിയിലെ വെള്ളത്തിന് കട്ടിയും തണുപ്പും കൂടുതലായിരിക്കും. നീന്തലിൽ പരിചയമുള്ളവർ വരെ ഇവിടെ നിസ്സഹായവരാകും. ശക്തമായ തണുപ്പ് കൈകാലുകൾ കോച്ചിപ്പിടിക്കുന്നതിന് കാരണമാണ്. ഇതാണ് വിനോദസഞ്ചാരികളെ അപകടത്തിലെത്തിക്കുന്നതെന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ എം.എ.ജോണിച്ചൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് എന്നിവർ പറഞ്ഞു.

നീന്തൽ വിദഗ്ധർപോലും വെള്ളച്ചാട്ടത്തിൽ ഇറങ്ങാൻ പാടില്ല. പാറയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കട്ടിയും തണുപ്പും എത്ര ആരോഗ്യവാനായ ആളാണെങ്കിലും ശരീരം കോച്ചിപ്പിടിക്കും. വെള്ളം വീഴുന്ന സ്ഥലത്താണെങ്കിൽ വെള്ളം വലിച്ചടിപ്പിക്കും. വെള്ളച്ചാട്ടം കാണാനെത്തുന്നവർ വെള്ളത്തിലിറങ്ങാൻ ശ്രമിക്കരുത്. ഇതോടൊപ്പം വഴുക്കലുള്ള പാറയിൽ കയറരുതെന്നും ടീം നന്മക്കൂട്ടം പ്രസിഡന്റ് കെ.കെ.പി. അഷറഫ്കുട്ടിയും സെക്രട്ടറി ഫാസിൽ വെള്ളൂപ്പറമ്പിലും പറഞ്ഞു.


പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്.

മദ്യപിച്ച് ജലാശയങ്ങളിൽ ഇറങ്ങരുത്.

പലയിടത്തും മണലെടുത്ത് മിക്ക ആറുകൾക്കും നല്ല ആഴമുണ്ടാവും. അത് ഓർമയിലുണ്ടാവണം.

പുഴകളിലേക്ക് മലകൾ ഇടിഞ്ഞുവീഴുന്ന കല്ലുകളോട് ചേർന്ന് ചുഴിയുണ്ടാകാൻ സാധ്യതയുണ്ട്.

കൂട്ടുകാരുമൊത്ത് നീന്തുമ്പോൾ മത്സരം പാടില്ല.

പരിശീലകരുടെ സാന്നിധ്യത്തിലെ നീന്തൽമത്സരം നടത്താവൂ.

Content highlights :waterfalls in kerala for adventurestourists lack of security settings