ശ്രീകണ്ഠപുരം: ഒറ്റച്ചക്രം മാത്രമുള്ള സൈക്കിളില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍വരെ സാഹസികയാത്ര പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ശ്രീകണ്ഠപുരം പരിപ്പായിയിലെ പി.പി. സനീദ്. ലഹരി ഉപയോഗത്തിനെതിരേ പുതുതലമുറയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു 2023-സെപ്റ്റംബര്‍ രണ്ടിന് സനീദ് യാത്ര തുടങ്ങിയത്. ഒരു വര്‍ഷവും ഒരു മാസവും കൊണ്ട് 4500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ലക്ഷ്യത്തിലെത്തി. 

To advertise here,

ആദ്യം കാസര്‍കോട്ടുനിന്ന് കന്യാകുമാരിയിലേക്കും അവിടെനിന്ന് കശ്മീരിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡായ ഉംലിംഗ് ലാ പാസ് വരെയും ഒറ്റച്ചക്ര സൈക്കിള്‍ ചവിട്ടിക്കയറ്റി. രണ്ടുലക്ഷം രൂപയോളമാണ് ചെലവ്.

'രാവിലെ ആറ് മണിക്ക് യാത്ര തുടങ്ങും. ഒരു ദിവസം 40-60 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടും. പിന്നെ വൈകീട്ട് പെട്രോള്‍ പമ്പിലോ പൊതുസ്ഥലത്തോ ടെന്റ് കെട്ടിയോ താമസിക്കും. സൈക്കിളിന്റെ മുന്‍ഭാഗം ഉയര്‍ത്തി പിടിച്ചാണ് ചവിട്ടേണ്ടത്. കയറ്റം ഇറങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആദ്യമൊക്കെ നല്ല ശരീരവേദനയുണ്ടായിരുന്നു. എന്നാലും പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ടായി. എട്ടുവര്‍ഷത്തോളമായി സൈക്കിള്‍, ബൈക്ക് സ്റ്റണ്ട് ചെയ്യാറുണ്ട്. ഇനി ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യണം'- സനീദ് പറഞ്ഞു.

തല്ലുമാല, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ സിനിമകളിലെ സൈക്കിള്‍ സ്റ്റണ്ട് സീനുകള്‍ ചെയ്തതും സനീദാണ്. സിവില്‍ എന്‍ജിനീയര്‍ കൂടിയായ ഇദ്ദേഹം പരിപ്പായിയിലെ സി.കെ. മുഹമ്മദിന്റെയും പി.പി. സുബൈദയുടെയും ആറ് മക്കളില്‍ നാലാമനാണ്. സഹോദരങ്ങളായ സവാദ്, സജാദ് എന്നിവരും സൈക്കിള്‍, ബൈക്ക് സ്റ്റണ്ടുകള്‍ നടത്തുന്നവരാണ്. ഇവര്‍ രണ്ടുപേരും ഇന്ത്യന്‍ ആര്‍മിയുടെ പരേഡിന്റെ ഭാഗമായി നടത്തുന്ന സ്റ്റണ്ടുകള്‍ക്കും പരിശീലനം നല്‍കാറുണ്ട്. സൈക്കിള്‍, ബൈക്ക് സ്റ്റണ്ട് പരിശീലിപ്പിക്കുന്നതായി തടങ്ങിയ അക്കാദമി കൂടുതല്‍ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരങ്ങള്‍.