സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡിംഗാണ് റിവേഴ്‌സ് വെക്കേഷൻ. പ്രത്യേകിച്ചും ജെൻസികളുടെ ഇടയിൽ. ഏറ്റവും കുറഞ്ഞ ജീവിത സൗകര്യങ്ങൾ ഉപയോഗിച്ച് കുറച്ചുദിവസം ജീവിക്കുക, സോഷ്യൽ മീഡിയയിൽ നിന്നും നോട്ടിഫിക്കേഷനുകളിൽ നിന്നും കുറച്ചുനാൾ മാറിനിൽക്കുക, മൈൻഡ് റീസെറ്റ് ചെയ്യുക, ജീവിതത്തിൽ ലഭിച്ച സൗകര്യങ്ങളെ ഓർത്ത് നന്ദിയുള്ളവരായി മടങ്ങുക, ഇതാണ് റിവേഴ്‌സ് വെക്കേഷന്റെ ചുരുക്കം. ട്രോമ ടൂറിസം എന്നും പേരുണ്ട്.

To advertise here,

വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളോട് നോ നോ പറയുന്നു. സ്വന്തം വീടിനേക്കാൾ കുറഞ്ഞ സൗകര്യങ്ങളുള്ള, അധികം ഹൈപ്പില്ലാത്ത കുഞ്ഞുയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നു. ആഡംബര റിസോർട്ടുകളും എസി റൂമുകളും ഫാംഹൗസുകളും ഒഴിവാക്കുന്നു. ചിലർ നെറ്റ്വർക്ക് പോലുമില്ലാത്ത ഒറ്റപ്പെട്ട മലയോര ഗ്രാമം തിരഞ്ഞെടുക്കുന്നു. ചിലർക്ക് ഗ്രാമങ്ങളിൽ പായ വിരിച്ചുറങ്ങാൻ കഴിയുന്ന മൺവീട് മതി. ചിലർക്കിഷ്ടം മെഡിറ്റേഷൻ സൗകര്യമുള്ള ശാന്തമായ ഇടം .

ഇൻസ്റ്റാമാർട്ടോ ബ്ലിങ്കിറ്റോ സ്വിഗ്ഗിയോ സൊമാറ്റോയൊ വെബ്‌സീരീസോ ഒന്നുമില്ലാതെതന്നെ ജീവിതത്തിൽ സന്തോഷം തിരിച്ചുപിടിക്കുന്ന വഴി. ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന സൗകര്യങ്ങൾ എത്രത്തോളം വലുതാണെന്ന തിരിച്ചറിയൽ! വീട്ടിൽ തിരികെ എത്തുമ്പോൾ, കയ്യിലുള്ള ചെറിയ കാര്യങ്ങൾക്ക് പോലും വലിയ മൂല്യം തോന്നും.

റീലുകളുടെ പ്രചാരത്തിൽ പല കുഞ്ഞുയിടങ്ങളിലേക്കും ടൂറിസ്റ്റുകൾ ഇടിച്ചുകയറുന്നതായി മാറിയിട്ടുണ്ട്. അതാണ് ഇതിന്റെ ഏകദോഷം. ട്രെൻഡിന് പുറകെ പോകുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കേരളത്തിലെ പ്രധാന 'റിവേഴ്സ് വെക്കേഷൻ' സാധ്യതയുള്ള ഇടങ്ങൾ.

1. ഗവി

വനത്തിനുള്ളിലെ ലളിതമായ താമസവും പരിമിതമായ സൗകര്യങ്ങളാലും പ്രകൃതിയോട് ഏറ്റവും അടുത്തുനിൽക്കാൻ പറ്റിയ ഇടം. മൊബൈൽ നെറ്റ്വർക്കോ ആഡംബര സൗകര്യങ്ങളോ ഇല്ലാതെ വനപാലകരുടെ ക്യാമ്പുകളിലോ ബേസിക് ടെന്റുകളിലോ തങ്ങാം.

ഫോൺ റേഞ്ചില്ലാത്ത ഡിജിറ്റൽ ഡിറ്റോക്‌സ് അനുഭവം, കാട്ടിലൂടെയുള്ള നടത്തവും ലളിതമായ നാടൻ ഭക്ഷണരീതിയും.

2. കാന്തല്ലൂർ

ശീതകാല പച്ചക്കറികളും പഴങ്ങളും വിളയുന്ന ഗ്രാമീണ ഭംഗിയുള്ള ഇടം. വലിയ റിസോർട്ടുകൾക്ക് പകരം ഗ്രാമീണരുടെ ലളിതമായ വീടുകളിലോ ചെറുകിട ഹോംസ്റ്റേകളിലോ താമസിച്ച് അവരുടെ ജീവിതരീതി അടുത്തറിയാം. കൃഷിയിടങ്ങളിലെ അധ്വാനവും ഗ്രാമീണ അന്തരീക്ഷവും മനസ്സിലാക്കാം

3. വട്ടവട

മൂന്നാറിൽ നിന്ന് മാറി പരമ്പരാഗത തട്ടുതട്ടായുള്ള കൃഷിരീതി നിലനിൽക്കുന്ന ഉൾനാടൻ ഗ്രാമം. ആധുനിക നഗരസൗകര്യങ്ങൾ ഒന്നുമില്ലാത്ത വീടുകളിലോ കുടിലുകളിലോ തങ്ങാൻ സൗകര്യം . വിനോദസഞ്ചാര ബഹളങ്ങൾ കുറഞ്ഞ ശാന്തമായ ഇടം.

4. മറയൂർ

ചന്ദനക്കാടുകളും ചരിത്രപ്രാധാന്യമുള്ള മുനിയറകളും നിറഞ്ഞ ഇടം. കരിമ്പുതോട്ടങ്ങളിലെ ശർക്കര നിർമ്മാണവും ലളിതമായ ഗോത്രസംസ്‌കാരവും പരിചയപ്പെടാം.

5. അട്ടപ്പാടി

പാലക്കാട് ജില്ലയിലെ മലയോര ഗ്രാമങ്ങളും ആദിവാസി ഊരുകളും ഉൾക്കൊള്ളുന്ന ഇടം. പ്രാദേശിക ഗോത്ര സംസ്‌കാരവും ജൈവകൃഷി രീതികളും.

6. സൈലന്റ് വാലി നാഷണൽ പാർക്ക്

മനുഷ്യ ഇടപെടലുകൾ വളരെ കുറഞ്ഞ നിത്യഹരിത വനമേഖല. പ്രകൃതിയെ കൂടുതൽ അനുഭവിച്ചറിയാൻ സഹായിക്കും. അതിർത്തി ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള താമസസ്ഥലങ്ങൾ തിരഞ്ഞെടുക്കാം. വനംവകുപ്പിന്റെ ഡോർമിറ്ററി സൗകര്യവുമുണ്ട്.