തൊടുപുഴ: അടിസ്ഥാനസൗകര്യങ്ങളിലും കാഴ്ചകളിലും കളറാകാനൊരുങ്ങി രാമക്കൽമേട് ടൂറിസം കേന്ദ്രം. ഇവിടത്തെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,02,40,305 രൂപയുടെ സർക്കാർ ഭരണാനുമതി ലഭിച്ചു. ഹൈറേഞ്ചിലെ ടൂറിസം വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്. പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

To advertise here,

നവീകരണം ഇങ്ങനെ

ചുറ്റുവേലി നിർമാണം, ഇരിപ്പിടങ്ങൾ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, പുൽമൈതാനം, സൗരോർജ വിളക്കുകൾ, മാലിന്യക്കൂടകൾ, പൊതുശൗചാലയം, കുറവൻ-കുറത്തി ശില്പം, മലമുഴക്കി വേഴാമ്പൽ വാച്ച്ടവർ, ചെറിയ കുട്ടികളുടെ പാർക്ക്, കാന്റീൻ തുടങ്ങിയവയാണ് നവീകരിക്കുക. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് (ഡിടിപിസി) രാമക്കൽമേടിന്റെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല. നവീകരണം എട്ടുമാസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദേശം. രാമക്കൽമേട്ടിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം ഡിടിപിസിക്കും 40 ശതമാനം ടൂറിസം വകുപ്പിനുമായി ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

കാഴ്ചകൾ

രാമക്കൽമേട്ടിൽനിന്നുള്ള തമിഴ്‌നാട്- കേരള അതിർത്തിയുടെ വിദൂര ദൃശ്യഭംഗിയാണ് ഇവിടത്തെ പ്രത്യേകത. കുന്നിൻമുകളിൽ കയറി കാറ്റേറ്റിരിക്കാം. കുറവൻ-കുറത്തി ശിൽപ്പവും ഉദ്യാനവുമുണ്ട്. എപ്പോഴും കാറ്റുവീശുന്ന രാമക്കൽമേട്ടിലെ സർക്കാർ വക കാറ്റാടിപ്പാടങ്ങളും ശ്രദ്ധേയമാണ്.രാവിലെ 8.30 മുതൽ വൈകീട്ട് ഏഴുവരെയാണ് സന്ദർശന സമയം. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 15 രൂപ, 15 വയസ്സിനു മുകളിലുള്ളവർക്ക് 25 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്.