വെള്ളമുണ്ട: ബാണാസുരമലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ പുളിഞ്ഞാൽ മീൻമുട്ടി സഞ്ചാരികളെ കാത്തിരിക്കുന്നു. ജില്ലാപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വർഷങ്ങൾക്ക് മുൻപേ മീൻമുട്ടി വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പഠനങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം നീണ്ടുപോവുകയായിരുന്നു. സാധ്യതാപഠനം പൂർത്തിയായെങ്കിലും വെള്ളച്ചാട്ടത്തിനരികിലേക്ക് വഴിയില്ലെന്ന കാരണമായിരുന്നു അന്ന് ചൂണ്ടിക്കാണിച്ചിരുന്നത്.
സ്വകാര്യവ്യക്തി സ്ഥലത്തിന്റെ അതിരിലൂടെ വഴി വിട്ടുനൽകാൻ തയ്യാറാണെങ്കിലും പിന്നീട് ഈ പദ്ധതി മാഞ്ഞുപോവുകയായിരുന്നു. തൊട്ടടുത്ത കേന്ദ്രങ്ങളെല്ലാം വനംവകുപ്പ് ഇക്കോ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിച്ചപ്പോഴും പുളിഞ്ഞാൽ മീൻമുട്ടി അവഗണിക്കപ്പെടുകയായിരുന്നു.
ബാണാസുരമലയിൽനിന്നുള്ള ജലപാതം
ബാണാസുരമലയിലെ ചെങ്കുത്തായ പാറയിടുക്കുകൾ ചാടി മീൻമുട്ടിയുടെ മുകളിൽ രണ്ട് തട്ടുകളിലായി അൻപതടിയോളം താഴേക്ക് പതിക്കുന്ന ജലപാതമാണിത്. പുളിഞ്ഞാലിൽനിന്ന് രണ്ട് കിലോമീറ്ററോളം മലകയറിയാൽ ഇവിടെയെത്താം. പരിസരത്തുവരെയും ടാറിട്ട റോഡ് സൗകര്യമുണ്ട്.
അപകടമുനമ്പുകൾ തീരെയില്ലാതെ സഞ്ചാരികൾക്ക് സുരക്ഷിതമായി വന്നുപോകാൻകഴിയുന്ന വിനോദകേന്ദ്രമായി മീൻമുട്ടിക്ക് മാറാൻകഴിയും. വർഷത്തിൽ ആറുമാസത്തോളം സജീവമായി നിൽക്കുന്ന ഈ വെള്ളച്ചാട്ടം നിലവിൽ പ്രാദേശിക സഞ്ചാരികൾമാത്രം വല്ലപ്പോഴും വന്നുപോകുന്ന ഇടമായി ചുരുങ്ങുകയാണ്.
വനംവകുപ്പ് ശ്രമിച്ചാൽ നടക്കും
വനംവകുപ്പിന്റെ പരിധിയിലുള്ള പ്രദേശങ്ങളെ കൂട്ടിയിണക്കി പുളിഞ്ഞാൽമലയിൽ പുതിയൊരു ഇക്കോ ടൂറിസം കേന്ദ്രത്തിന് സാധ്യതകളേറെയാണ്. തവളപ്പാറ, പെരുങ്കുളം മലയിലേക്ക് ട്രക്കിങ് ഉൾപ്പെടെ മീൻമുട്ടിയെയും കോർത്തിണക്കി പുതിയകേന്ദ്രം വികസിപ്പിക്കാം. ഇതുവഴി പ്രാദേശികതലത്തിൽ തൊഴിൽസാധ്യത വർധിപ്പിക്കാനും വരുമാനം നേടാനും കഴിയും.
മംഗലശ്ശേരി മലയിലെ ചിറപ്പുല്ലിലേക്ക് വനംവകുപ്പ് നടത്തിയിരുന്ന ട്രക്കിങ് നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു. വഴികാട്ടിയായ വനംവകുപ്പിന്റെ താത്കാലിക വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ട്രക്കിങ് നിർത്തിവെച്ചത്. ഇതിനുപകരമായി പുളിഞ്ഞാൽ മല കേന്ദ്രീകരിച്ചുള്ള ട്രക്കിങ് തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്.
അവഗണിക്കരുത്
പുളിഞ്ഞാൽ മീൻമുട്ടി കാലങ്ങളായി അവഗണിക്കപ്പെടുകയാണ്. ഒട്ടേറെ സഞ്ചാരികൾ ഈ വെള്ളച്ചാട്ടം തിരക്കി എത്താറുണ്ടെങ്കിലും സൗകര്യങ്ങളും വഴിയുമില്ലാത്തതിനാൽ പുറംലോകത്തുനിന്നു ഏറെ അകലെയാണ് ഈ കേന്ദ്രം. മഴക്കാലം തുടങ്ങിയതോടെ വെള്ളച്ചാട്ടം കൂടുതൽ ആകർഷകമാണ്. പ്രാദേശിക ഭൂപടത്തിലെങ്കിലും ഈ വെള്ളച്ചാട്ടത്തെ പരിഗണിക്കണം.
എൻ.വി. ഹംജിത്ത്, പുളിഞ്ഞാൽ
Content Highlights: pulinjal Meenmutty Waterfalls await tourists
Published: 23 Jun 2025, 08:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented