താജ് മഹലിന് സമീപത്തെ മാലിന്യ കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന പോളിഷ് യാത്രാ വ്ലോഗർമാരുടെ വീഡിയോ  സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. താജ് മഹലിന് പിന്നിലൂടെ ഒഴുകുന്ന യമുനാ നദിയോട് ചേർന്നുള്ള മാലിന്യങ്ങളും മലിനജലവും നിറഞ്ഞ കാഴ്ചകളാണ് വീഡിയോയിലുള്ളത്. രാജ്യത്തെ ശുചിത്വത്തെയും വിനോദസഞ്ചാരത്തെയും സംബന്ധിച്ച് ഉപയോക്താക്കൾക്കിടയിൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. 

To advertise here,

@podroznikdowynajecia എന്ന വ്ലോ​ഗർ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. ചിലർ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയതിന് വ്ലോഗർമാരെ പ്രശംസിച്ചപ്പോൾ, മറ്റുചിലർ ഇന്ത്യയെക്കുറിച്ചുള്ള മോശം മുൻവിധികളെ ശക്തിപ്പെടുത്തുന്നതാണിതെന്ന് പറഞ്ഞ് വീഡിയോയെ വിമർശിച്ചു. 

താജ് മഹലിന് പിന്നിലായി മാലിന്യ കൂമ്പാരങ്ങൾക്ക് സമീപം നിൽക്കുന്ന ഒരു കൂട്ടം വിനോദസഞ്ചാരികളെ വീഡിയോയിൽ കാണാം. ഒരു സ്ത്രീ തന്റെ മൂക്ക് ഷാൾ കൊണ്ട് മൂടുന്നതും ക്യാമറയിൽ മാലിന്യങ്ങളുടെ ദൃശ്യങ്ങൾ വ്യക്തമായി പകർത്തുന്നതും ഇതിലുണ്ട്. 

വീഡിയോയിലുള്ള വിനോദസഞ്ചാരികൾ ഇങ്ങനെ പറയുന്നത് കേൾക്കാം: 'താജ് മഹൽ എവിടെ? ഇത് സഹിക്കാൻ പറ്റാത്ത ദുർഗന്ധമാണ്. ചെന്നൈയിലേതിനേക്കാൾ മോശം'. ഇന്ത്യയുടെ പ്രശസ്തമായ സ്മാരകത്തെക്കുറിച്ചുള്ള ഈ ചിത്രീകരണത്തെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. 

വീഡിയോ ഇന്ത്യയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ചിലർ വാദിച്ചു. എന്നാൽ, ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചല്ല വീഡിയോ എന്ന് വ്ലോഗർമാർ അടിക്കുറിപ്പിൽ പറയുന്നു. 'ഇന്ത്യ ഒരു മികച്ച രാജ്യമാണ്. ലോകത്തിന്റെ ഈ മഹത്തായ ഭാഗത്തെ വെറുക്കാൻ ഞങ്ങൾ ഒരിക്കലും ചിന്തിക്കുകയില്ല. വൃത്തിയുള്ളതും മനോഹരവുമായ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. ഞങ്ങൾ ഉടൻ തിരിച്ചുവരാനും ഇന്ത്യയുടെ ഈ മികച്ച വശങ്ങളിൽ നിന്നുള്ള വീഡിയോകൾ പങ്കുവെക്കാനും പദ്ധതിയിടുന്നു', അവർ എഴുതി. 

'ചില സ്ഥലങ്ങൾ വൃത്തിഹീനമാണെന്ന് എനിക്കറിയാം. പക്ഷെ എന്തിനാണ് ഈ അഴുക്ക് തേടി പോകുന്നത്? റോഡുകളില്ലാത്ത സ്ഥലത്തേക്ക് എന്തിനാണ് പോകുന്നത്? എന്തിനാണ് ഈ ദുർഗന്ധം പിന്തുടരുന്നത്? ഒരു മോശം മലിനജല ടാങ്കിൽ പോയിരുന്ന് ദുർഗന്ധത്തെക്കുറിച്ച് പരാതിപ്പെടുന്നതിന് തുല്യമാണ് ഇത്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്ലാത്ത നല്ല സ്ഥലങ്ങൾ സന്ദർശിക്കൂ', ഒരു ഉപയോക്താവ് പ്രതികരിച്ചു.

'നിങ്ങൾ ഇത്രയധികം വിധികൽപ്പിക്കാൻ ശ്രമിക്കുന്ന ഈ വൃത്തികേടിനേക്കാൾ അറപ്പുളവാക്കുന്നതാണ് നിങ്ങളുടെ പെരുമാറ്റം', മറ്റൊരു ഉപയോക്താവ് എഴുതി. 'ഈ വീഡിയോയുടെ ഉദ്ദേശ്യം എനിക്ക് മനസ്സിലാകുന്നില്ല. ഒരു സഞ്ചാരി എന്ന നിലയിൽ നിങ്ങൾ എന്തിനാണ് മനഃപൂർവം മാലിന്യം നിറഞ്ഞ സ്ഥലത്ത് പോയി, അതിൻ്റെ വീഡിയോ എടുത്ത് പങ്കുവെക്കുന്നത്?' മൂന്നാമതൊരാൾ ചോദിച്ചു. 

മറുവശത്ത്, മെച്ചപ്പെട്ട മാലിന്യ സംസ്കരണത്തിനും പൗരബോധത്തിനും വേണ്ടി ഒട്ടേറെ ഉപയോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ വൃത്തിയാക്കുന്നതിന് സർക്കാർ മുൻഗണന നൽകണമെന്ന് ചിലർ നിർദേശിച്ചു.