പശ്ചിമ ബംഗാളിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ഏഷ്യയിലെ ചില ഭാഗങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഏഷ്യയിലുടനീളം കർശനമായ ആരോഗ്യ പരിശോധനകളും നിരീക്ഷണവും നടക്കുകയാണ്.

To advertise here,

മുൻകരുതലുകളുടെ ഭാഗമായി ഏഷ്യയുടെ ചില ഭാഗങ്ങളിലെ വിമാനത്താവളങ്ങളിലും അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. പശ്ചിമ ബംഗാളിൽ നിന്നുള്ള വിമാനങ്ങൾ വരുന്ന മൂന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കാൻ തായ്‌ലൻഡ് തുടങ്ങിയിട്ടുണ്ട്.

സുവർണഭൂമി വിമാനത്താവളം, ഡോൺ മുവാങ് അന്താരാഷ്ട്ര വിമാനത്താവളം, ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ പശ്ചിമ ബംഗാളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും വരുന്ന യാത്രക്കാർക്ക് ആരോഗ്യ പരിശോധനകൾ നടക്കുകയാണ്. യാത്രക്കാർക്ക് താപനില പരിശോധനയും ആരോഗ്യ സംബന്ധമായ രേഖകൾ സ്കാൻ ചെയ്യുന്നതും ഉൾപ്പെടെയുള്ള രോഗ നിയന്ത്രണ നടപടികളാണ് നടക്കുന്നത്.

മേഖലയിലെ മറ്റ് രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയുമായുള്ള കര അതിർത്തി കടക്കുന്നിടത്തും ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും നേപ്പാൾ പ്രവേശന പരിശോധനകൾ ശക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഈ മാസം ആദ്യം പശ്ചിമ ബംഗാളിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് വൈറസ് ബാധയേറ്റത്. അവരിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവരുമായി സമ്പർക്കത്തിൽ വന്ന ഏകദേശം 110 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാം. ഇതിന് പ്രതിരോധ വാക്സിനോ മരുന്നോ ലഭ്യമല്ലാത്തതിനാൽ മരണനിരക്ക് 40 ശതമാനം മുതൽ 75 ശതമാനം വരെയാണ്.