
നേപ്പാളിലെ അക്രമാസക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ കത്തിയമര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലുകളിലൊന്നായ ഹില്‍ട്ടണ്‍ കാഠ്മണ്ഡു. വിനോദ സഞ്ചാരികളെയടക്കം ആകര്‍ഷിച്ചിരുന്ന ഈ ചില്ലുഗോപുരം ഏതാണ്ട് പൂര്‍ണമായും കത്തിനശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രക്ഷോഭം പ്രദേശത്താകെ എത്രത്തോളം വ്യാപിച്ചുവെന്നതിന്റെ ഭയാനകമായ പ്രതീകമായി ഹോട്ടലിന്റെ ദൃശ്യങ്ങള്‍ മാറിയിട്ടുണ്ട്.
ഒറ്റരാത്രികൊണ്ട് പടുത്തുയര്‍ത്തിയ ഒന്നായിരുന്നില്ല കാഠ്മണ്ഡുവിലെ ഹില്‍ട്ടണ്‍ ഹോട്ടല്‍. ശങ്കര്‍ ഗ്രൂപ്പിന്റെ പദ്ധതിയുടെ നിര്‍മ്മാണം 2016-ലാണ് ആരംഭിച്ചത്. നേപ്പാളിലെ ഹോസ്പിറ്റാലിറ്റി മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന വലിയ ലക്ഷ്യമായിരുന്നു അതിന് പിന്നില്‍. വര്‍ഷങ്ങള്‍നീണ്ട നിര്‍മ്മാണത്തിനിടെ പലതവണ തടസ്സങ്ങള്‍ നേരിട്ടു. കോവിഡ്-19 മഹാമാരിയുടെ കാലത്ത് താഴ്വരയിലാകെയുള്ള ജോലികള്‍ വൈകിയിരുന്നു. ഏകദേശം ഏഴ് വര്‍ഷത്തെ പ്രയത്‌നത്തിനുശേഷം 800 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഈ കൂറ്റന്‍ ഹോട്ടല്‍ 2024 ജൂലായിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
64 മീറ്റര്‍ ഉയരമുള്ള ഈ കെട്ടിടം നേപ്പാളിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായാണ് അറിയപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലായി ഏകദേശം 176 മുറികളും സ്യൂട്ടുകളും ഇവിടെയുണ്ടായിരുന്നു. അഞ്ച് റെസ്റ്റോറന്റുകള്‍, സ്പാ, ജിം, പരിപാടികള്‍ നടത്താനുള്ള സൗകര്യങ്ങള്‍ എന്നിവയെല്ലാം ഹോട്ടലിന്റെ സവിശേഷതകളായിരുന്നു. അതിന്റെ തിളങ്ങുന്ന മുന്‍ഭാഗം, ബുദ്ധമത പ്രാര്‍ഥനാ പതാകകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ലംബമായ ഗ്ലാസ് പാളികളാല്‍ അലങ്കരിച്ചിരുന്നു. ഈ ഡൈക്രോയിക് പാനലുകള്‍ പകല്‍ വെളിച്ചത്തിനനുസരിച്ച് നിറം മാറുകയും സൂര്യാസ്തമയത്തിനു ശേഷം വര്‍ണ്ണാഭമാവുകയും ചെയ്തിരുന്നു.
കെട്ടിടത്തിന്റെ വാസ്തുവിദ്യ അതിന്റെ ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുന്നതായിരുന്നു. ഒരു വശം കാഠ്മണ്ഡുവിലെ നഗരവീഥികളുടെ തിരക്കിലേക്ക് തുറന്നപ്പോള്‍, മറുവശം ലാങ്ടാങ് പര്‍വതനിരകളിലേക്ക് ദര്‍ശനമൊരുക്കി. നേപ്പാളിന്റെ പ്രകൃതിസൗന്ദര്യം അതിഥികള്‍ക്ക് പൂര്‍ണമായി ആസ്വദിക്കാന്‍ അവസരമൊരുക്കാന്‍ ആയിരുന്നു ഇത്. ഒന്നിടവിട്ടുള്ള ബാല്‍ക്കണികളും ഒഴുകിയിറങ്ങുന്ന മുന്‍ഭാഗത്തെ ഡിസൈനുകളും പുറംമോടിക്ക് ഒരു സവിശേഷ ഭംഗി നല്‍കി.
ഹോട്ടലിനുള്ളില്‍, ലോകോത്തര നിലവാരത്തിലുള്ള ആതിഥ്യമാണ് ഹില്‍ട്ടണ്‍ വാഗ്ദാനം ചെയ്തിരുന്നത്. ലോബി, ബാങ്ക്വറ്റ് ഹാളുകള്‍, മീറ്റിംഗ് ഹാളുകള്‍ എന്നിവ താഴത്തെ നിലകളിലായിരുന്നു. അതേസമയം, മുകളിലെ മുറികളില്‍നിന്ന് താഴ്വരയുടെയും പര്‍വതങ്ങളുടെയും തടസമില്ലാത്ത കാഴ്ചകള്‍ ആസ്വദിക്കാമായിരുന്നു. റൂഫ്ടോപ്പ് ബാറായ 'ഓറിയോണ്‍' കൊത്തുപണികളും ചിത്രങ്ങളും കൊണ്ട് നേപ്പാളിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.
അതിഥികള്‍ക്ക് മുകളിലത്തെ നിലകളില്‍ ഇന്‍ഫിനിറ്റി പൂളും ദിവസം മുഴുവന്‍ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റും ആസ്വദിക്കാമായിരുന്നു. അവിടെനിന്ന് കാഠ്മണ്ഡു നഗരത്തിന്റെയും മഞ്ഞുമലകളുടെയും 180 ഡിഗ്രിയിലുള്ള വിശാലമായ കാഴ്ചകള്‍ കാണാമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും വിപുലമായ സൗകര്യങ്ങളുണ്ടായിരുന്നു. നേപ്പാളിന്റെ ഭൂകമ്പ സാധ്യതകള്‍ കണക്കിലെടുത്ത് ശക്തമായ പ്രതിരോധശേഷിയോടെയാണ് ഹില്‍ട്ടണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. ഭൂകമ്പങ്ങളെ ചെറുക്കാന്‍ ഷിയര്‍ ഭിത്തികളും ഡാംപിംഗ് സംവിധാനങ്ങളും ഈ ഗോപുരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആഡംബരത്തിനൊപ്പം സുരക്ഷയും അതിന്റെ പ്രധാന ഘടകമായിരുന്നു.
നേപ്പാളിലെ അസ്വസ്ഥരായ 'ജെന്‍ സീ' പ്രതിഷേധക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പാര്‍ലമെന്റ് മന്ദിരങ്ങള്‍, രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വസതികള്‍ എന്നിവ ലക്ഷ്യമിടുന്നതിനിടെയാണ് ഹില്‍ട്ടണ്‍ കാഠ്മണ്ഡുവും കത്തിച്ചത്. ഒരുകാലത്ത് ഗ്ലാസിന്റെയും നിറങ്ങളുടെയും ഒരു മായാജാലങ്ങള്‍ തീര്‍ത്തിരുന്ന ഹോട്ടല്‍, ഇന്ന് തീപിടിത്തത്തിന്റെ മുറിവുകളേറ്റു നില്‍ക്കുകയാണ്. ജനലുകള്‍ തകര്‍ന്നു, മുന്‍ഭാഗം ചാരത്തില്‍ മുങ്ങി, ഉള്‍വശം പൂര്‍ണ്ണമായും കത്തിനശിച്ചു. വര്‍ഷങ്ങളുടെ നിക്ഷേപവും രൂപകല്‍പ്പനയും കൊണ്ട് നിര്‍മ്മിച്ചതെല്ലാം മണിക്കൂറുകള്‍കൊണ്ട് തകര്‍ക്കപ്പെട്ടു.
സോഷ്യല്‍ മീഡിയ ആപ്പുകളിലെ നിയന്ത്രണങ്ങളെച്ചൊല്ലി ആരംഭിച്ച പ്രതിഷേധങ്ങള്‍ അഴിമതിക്കും രാഷ്ട്രീയ സ്തംഭനത്തിനുമെതിരായ ഒരു വലിയ പ്രക്ഷോഭമായി പെട്ടെന്നാണ് വളര്‍ന്നത്. പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെ രാജി പോലും ജനരോഷം ശമിപ്പിച്ചില്ല. വ്യവസ്ഥാപരമായ മാറ്റത്തിനായി പ്രക്ഷോഭം തുടരാന്‍ പ്രതിഷേധക്കാര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഈ സംഘര്‍ഷത്തിനിടയില്‍, കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിടേണ്ടി വന്നു. പ്രക്ഷോഭം നേപ്പാളിന്റെ ടൂറിസത്തെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
Content Highlights: Nepal`s tallest hotel, the Hilton Kathmandu, destroyed during anti-government protests
Published: 10 Sept 2025, 09:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented