
കൊച്ചി: കൊച്ചി മാതൃകയിൽ മുംബൈയിൽ വാട്ടർ മെട്രോ സർവ്വീസ് ആരംഭിക്കാനായി നടത്തുന്ന സാധ്യത പഠന റിപ്പോർട്ട് മഹാരാഷ്ട്ര ഗവൺമെന്റിന് സമർപ്പിച്ചു. മുംബൈ മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി വയ് തർണ, വസായ്, മനോരി, താനേ, പനവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർമെട്രോ സർവ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോർട്ടാണ് കെഎംആർഎല്ലിന്റെ കൺസൾട്ടൻസി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ് റാണെയ്ക്ക് മുമ്പാകെ സമർപ്പിച്ചത്. കൊച്ചി മെട്രോയുടെ നിലിവിലെ പദ്ധതി നിർവണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദഗ്ധർ തന്നെയാണ് ആ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചുകൊണ്ടുതന്നെ കൊച്ചി മാതൃക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള സേവനത്തിൽ ഏർപ്പെടുന്നത്.
250 കിലോമീറ്റർ നീണ്ട ജലപാത ഉൾപ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്. ഇവിടെ 29 ടെർമിനലുകളും പത്ത് റൂട്ടുകളുമാണ് പഠനത്തിൽ നിർദേശിച്ചിരിക്കുന്നത്. മുംബൈ വാട്ടർ മെട്രോയുടെ വിശദപദ്ധതി രൂപരേഖ (ഡിപിആർ) തയ്യാറാക്കാനുള്ള ചുമതലയും കെഎംആർഎല്ലിന് ലഭിച്ചേക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ കെഎംആർഎൽ കൺസൾട്ടൻസി വിഭാഗത്തെ മന്ത്രി അഭിനന്ദിക്കുകയും റിപ്പോർട്ട് അംഗീകരിക്കുകയും പദ്ധതി മഹാരാഷ്ട്രയിൽ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശവും നൽകി.
അതേസമയം, കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ നിർദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 21 വ്യത്യസ്ത നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള സാധ്യത പഠനവും കെഎംആർഎൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പഠനവും അംഗീകരിക്കപ്പെടുകയും വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനും പദ്ധതി നടത്തിപ്പിനുമുള്ള ചുമതല ലഭിക്കുകയും ചെയ്താൽ സുസ്ഥിര നഗര ജലഗതാഗത മേഖലയിൽ രാജ്യാന്തര ബ്രാൻഡായി വളരാനുള്ള സാധ്യതകളാണ് കെഎംആർഎല്ലിന് മുന്നിൽ തെളിയുക.
മന്ത്രി നിഥീഷ് റാണെയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ കെ.എം.ആർ.എൽ ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എൻ, മാനേജർ അർജുൻ കൃഷ്ണ.കെ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി നിർദേശം അവതരപ്പിച്ചത്. മഹാരാഷ്ട്ര മാരിട്ടൈം ബോർഡ് സിഇഒ പ്രദീപ് പ്രഭാകർ ഐഎസ്, ചീഫ് ഓഫ് ബോട്ട്‌സ് ക്യാപ്റ്റൻ പ്രവീൺ ഖരെ എന്നിവരും പങ്കെടുത്തു.
Content Highlights: Mumbai water metro service to be launched model of Kochi
Published: 17 Jun 2025, 07:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented